കൊച്ചി: വില്ലിങ്ഡൻ ഐലൻഡിലെ ബ്രിസ്‌റ്റോ ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ കാണികളെ കോരിത്തരിപ്പിച്ച് ബോളിവുഡിന്റെ ഗ്ലാമർ താരം മല്ലിക ഷെരാവത്, തെന്നിന്ത്യയുടെ സ്വപ്ന സുന്ദരികളായ ശ്രിയ സരൺ, ഇല്യാന ഡിക്രൂസ് എന്നിവർ വനിതാ അവാർഡ് നൈറ്റിലെ താരങ്ങളായി. താരത്തിളക്കത്തിൽ മുങ്ങിയ രാവിൽ മലയാള ചലച്ചിത്ര പുരസ്‌കാരമായ സെറ വനിത ഫിലിം അവാർഡുകൾ വിതരണം ചെയ്തു.

മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും (വർഷം), മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ജു വാരിയരും (ഹൗ ഓൾഡ് ആർ യു) സംവിധായികയ്ക്കുള്ള പുരസ്‌കാരം അഞ്ജലി മേനോനും (ബാംഗ്ലൂർ ഡേയ്്‌സ്) ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 1983 നു വേണ്ടി സംവിധായകൻ ഏബ്രിഡ് ഷൈനും നിർമ്മാതാവ് ഷംസുദ്ദീനും സ്വീകരിച്ചു. തിളങ്ങുന്ന ഒരുപിടി സൂപ്പർഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച പ്രിയ സംവിധായകൻ ഐ.വി. ശശിക്കു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലാലു അലക്‌സ് സമർപ്പിച്ചു. ജനപ്രിയ നായികയ്ക്കുള്ള പുരസ്‌കാരം നസ്രിയ നസീം ഏറ്റുവാങ്ങി.

എന്നാൽ യഥാർത്ഥ താരം മല്ലികാ ഷെറാവത്ത് തന്നെയായിരുന്നു. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി 'വനിത അവാർഡ് നിശയിൽ മല്ലിക ഷെറാവത്തുകൊച്ചിയിലെ കാണികളുടെ മനംകവർന്നു. ചടുലമായ ശരീരചലനങ്ങളുമായി ഹിസ് സിനിമയിലെ നാഗകന്യകയെപ്പോലെ മല്ലിക വേദിയിലെത്തി. മല്ലികയ്ക്ക് പിന്നാലെ, ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസും പോക്കിരി രാജയിലൂടെ മലയാളികളുടെ മനസിൽ ഇടമുറപ്പിച്ച തെന്നിന്ത്യൻ സുന്ദരി ശ്രീയ സരണും വേദി കീഴടക്കാനെത്തി.

രമേശ് നാരായണൻ ചിട്ടപ്പെടുത്തിയ അവതരണഗാനത്തിനൊപ്പിച്ചു ചുവടുവച്ചെത്തിയ കാവ്യാ മാധവനാണ് നൃത്തവേദിക്കു തിരിവച്ചത്. കാവ്യ അഭിനയിച്ച ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി നടനും നർത്തകനുമായ വിനീത് ഒരുക്കിയ നൃത്തരൂപമാണു പിന്നീട് കാവ്യ അവതരിപ്പിച്ചത്. അതും കൈയടി നേടി.

പിന്നീടെത്തിയ ശ്വേതാ മേനോൻ ഹിന്ദി ഗാനങ്ങൾക്കൊത്ത് ചുവടുവച്ചപ്പോൾ, അപർണ ഗോപിനാഥ് തനി ആൺകുട്ടിയായി വേദിയിലേക്ക് ഓട്ടോ പിടിച്ചെത്തി. ആദ്യചിത്രമായ എബിസിഡിയിലെ ജോണി മോനേ ജോണിയിൽ തുടങ്ങിയ അപർണ, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പഴയ ചിത്രങ്ങളിലെ നൃത്തരംഗങ്ങളിലേക്കു തെന്നിമാറി. മാനേ മധുരക്കരിമ്പേ, ചെട്ടിക്കുളങ്ങര ഭരണി നാളിൽ തുടങ്ങിയ നൃത്തരംഗങ്ങൾ പുനരാവിഷ്‌കരിച്ച് മമ്മൂട്ടിയും മോഹൻലാലുമായി അപർണ കയ്യടി നേടി. ഒടുവിൽ മീശവച്ച്, ലുങ്കിയുടുത്ത് ഡപ്പാംകൂത്ത് കളിച്ചാണു വേദിവിട്ടത്.

ശങ്കർ മഹാദേവനും മകൻ സിദ്ധാർഥ് മഹാദേവനും ഒന്നിച്ചു കേരളത്തിലെ വേദിയിൽ പാടിയതും നടാടെ ആയിരുന്നു. പാട്ടിന്റെ വസന്തമൊരുക്കി ഹരിചരണും റിമി ടോമിയും സദസിനെ ഇളക്കിമറിച്ചു.