തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളും പുനരന്വേഷണവും വരുന്നതിനിടെ നടൻ ദിലീപിനെയും കുടുംബത്തെയും കവർച്ചിത്രമാക്കിയ 'വനിത' മാസികയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങിൽ കടുത്ത വിമർശനം.

ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്ര കുമാർ നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തുകയും, സർക്കാർ പുനരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്ത ദിവസം തന്നെയാണ് വനിതയുടെ കവർ പുറത്ത് എത്തിയത്. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടത്.

നടൻ ദിലീപിന്റെയും കുടുംബത്തിന്റെയും കുടുംബ വിശേഷങ്ങളുമായി പുതിയ ലക്കം പുറത്തിറക്കുന്ന 'വനിത' മാസികയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ബോളിവുഡ് നടി സ്വരാ ഭാസ്‌കർ ഉന്നയിച്ചത്. ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടെയുള്ള 'വനിത'യുടെ നിലപാടിനെയാണ് സ്വര നിശിതമായി വിമർശിച്ചിരിക്കുന്നത്. വനിത മാഗസിനെക്കുറിച്ച് ലജ്ജ തോന്നുന്നു എന്നാണ് സ്വരാ ഭാസ്‌കർ പ്രതികരിച്ചത്.

'സഹപ്രവർത്തകയെ തട്ടിക്കൊണ്ട് പോകുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് കുറ്റാരോപിതനായ ആളാണ് മലയാള സിനിമയിലെ ദിലീപ് എന്ന ഈ നടൻ. മാസങ്ങളോളം ജയിലിൽ കഴിഞ്ഞ അയാൾ ഇപ്പോൾ ജാമ്യത്തിലാണ്. നീതി വേഗത്തിലാക്കാൻ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. 'വനിത' മാസികയെക്കുറിച്ച് ലജ്ജ തോന്നുന്നു,' എന്നാണ് മാസികയുടെ കവർ പങ്കുവെച്ചുകൊണ്ട് സ്വരാ ഭാസ്‌കർ ട്വിറ്ററിൽ കുറിച്ചത്.

അതേ സമയം വനിത കവറിനെ ന്യായീകരിച്ച് പ്രമുഖ ചലച്ചിത്ര താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. നടൻ ഹരീഷ് പേരടി, പിണറായി വിജയന് അമേരിക്കയിൽ ചികിൽസയിൽ പോകാമെങ്കിൽ ദിലീപിന്റെ കവർ വനിതയ്ക്ക് പ്രസിദ്ധീകരിക്കാം എന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഇട്ടിരിക്കുന്നത്. വനിതയുടെ കവറിൽ ദിലീപിനൊപ്പം ഉള്ള പെൺകുട്ടികളുടെ കാര്യമാണ് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടുന്നത്.

ഇതേ സമയം ലവ് ചിഹ്നം വച്ചാണ് സംവിധായകൻ അരുൺ ഗോപി 'വനിത' കവർ ഫോട്ടോ ഫേസ്‌ബുക്കിലിട്ടത്. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ ശേഷം ദിലീപിന്റെതായി പുറത്തിറങ്ങിയ രാമലീലയുടെ സംവിധായകനാണ് അരുൺ ഗോപി.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കുടുംബത്തിന്റെ കവർ ചിത്രമായി ഉപയോഗിക്കുന്ന വനിത മാസിക ഇന്ന് മുതലാണ് വിപണിയിൽ എത്തുന്നത്. വിവിധ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഈ വിഷയത്തിൽ ഉയർന്നുവരുന്നത്. വനിതയുടെ കവറിനെതിരെ മാധ്യമ പ്രവർത്തകയായി ധന്യ രാജേന്ദ്രന്റെ പോസ്റ്റിൽ, മാധ്യമ സ്ഥാപനങ്ങൾക്ക് സമൂഹത്തോടും പ്രത്യേകിച്ച് സ്ത്രീകളോടും കടമയുണ്ടെന്നും. ഇത്തരത്തിലാണ് കാര്യങ്ങൾ പോകുന്നെങ്കിൽ ചിലപ്പോൾ ദിലീപ് കുറ്റവിമുക്തനായേക്കാമെന്നും അപ്പോൾ ദിലീപിനെ വെള്ളപൂശുന്ന മാധ്യമങ്ങൾക്ക് ആഘോഷിക്കാം. അതുവരെ സാമന്യ മര്യാദ കാണിക്കണം എന്ന് പറയുന്നു.

ട്രോൾ ഗ്രൂപ്പുകളിലും വനിത കവറിനെതിരെ പോസ്റ്റുകൾ വരുന്നുണ്ട്. ഇങ്ങനെ വന്നാൽ പലകുറ്റവാളികളുടെയും കവറുകൾ ഇതുപോലെ ചെയ്യും എന്നാണ് ചില ട്രോൾ ഗ്രൂപ്പുകളിൽ വരുന്ന പോസ്റ്റുകൾ. അതേ സമയം വനിത കവറിനെ എതിർത്തുള്ള പോസ്റ്റുകൾക്ക് അടിയിൽ വനിതയെയും ദിലീപിനെയും പിന്തുണച്ചുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട് ദിലീപ് ഇപ്പോഴും കുറ്റആരോപിതന് മാത്രമാണ് എന്നാണ് ചിലർ വാദിക്കുന്നത്.

മാസികയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്. നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ ദിലീപ് സ്തുതിക്കെതിരെ രംഗത്തെത്തിയത്. 'വനിതകളുടെ സുഹൃത്തും വഴികാട്ടിയും' എന്ന മാസികയുടെ ആപ്തവാക്യത്തെ പരിഹസിക്കുകയാണ് വിമർശകർ. ക്രൂരമായ കുറ്റകൃത്യം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഒരാളെ ഇങ്ങനെ വെളുപ്പിക്കുന്നതെന്തിന് എന്നാണ് പ്രധാന ചോദ്യം.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ദിലീപിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്താൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നടനെയും അടുത്ത ബന്ധുക്കളെയും വീണ്ടും ചോദ്യം ചെയ്യാനുമാണ് പൊലീസ് നീക്കം.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. തനിക്ക് ദിലീപുമായി സൗഹൃദമുണ്ടെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിക്കുന്നുണ്ടെന്ന് അറിയാമെന്നും സംവിധാനകൻ പറഞ്ഞിരുന്നു

അതിനിടയിൽ നടിയെ ആക്രമിച്ചത് ദിലീപിനെ വേണ്ടിയാണെന്ന് കേസിലെ മുഖ്യ പ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയുടെ അമ്മ ആരോപിച്ചിരുന്നു. കൃത്യം നടത്താൻ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗ്ദാനം ചെയ്‌തെന്നും അമ്മ റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തി. സംഭവത്തിൽ 2015 മുതലേ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗൂഢാലോചനയിൽ ദിലീപിന് ഒപ്പം പലരും പങ്കാളികളായെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.

വിചാരണ നിർത്തിവെച്ച് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നത് ജനുവരി 20ലേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷന്റെ ഹർജിയിൽ ദിലീപ് അടക്കമുള്ളവർക്ക് വിചാരണ കോടതി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ആറ് മാസത്തേക്ക് കൂടി വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും അപേക്ഷയിൽ പറയുന്നു.