ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തമറിയം വനിതാ സമാജത്തിന്റെ 2018-ലെ വാർഷിക കോൺഫറൻസ് സെപ്റ്റംബർ 28-നു വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ചു നടത്തുന്നതാണ്.

സൗത്ത് വെസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട വിവിധ ഇടവകകളിൽപ്പെട്ട ഏകദേശം 350 പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരവും തുടർന്ന് ഭദ്രാസന അസി. മെത്രാപ്പൊലീത്ത അഭി. ഡോ. സഖറിയാസ് മാർ അപ്രേം സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഭദ്രാസന സെക്രട്ടറി റവ.ഫാ. ഫിലിപ്പ് ഏബ്രഹാം ആശംസകൾ നേരും. 'ദാഹിക്കുന്നവന് ഞാൻ ജീവ നീരുറവയിൽ നിന്ന് സൗജന്യമായി കൊടുത്തു' (വെളിപാട് 21: 6 7) എന്നതാണ് ഈവർഷത്തെ മുഖ്യചിന്താവിഷയം. അഭി. ഡോ. സഖറിയാസ് മാർ അപ്രേം, റവ.ഡോ. തിമോത്തി തോമസ്, റവ.ഫാ. ജോർജ് പൗലോസ് ഓണക്കൂർ എന്നിവർ വിവിധ ക്ലാസുകൾ നയിക്കും.

സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് ഡാളസ്, പ്ലെയിനോ വികാരി റവ.ഫാ. തോമസ് മാത്യു, ഹൂസ്റ്റൺ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. രാജേഷ് ജോൺ എന്നിവർ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് സന്ധ്യാനമസ്‌കാരത്തെ തുടർന്നു ധ്യാനയോഗവും നയിക്കുന്നതാണ്. മാർത്തമറിയം ഭദ്രാസന സെക്രട്ടറി ശാന്തമ്മ മാത്യു ബൈബിൾ ക്ലാസിനു നേതൃത്വം നൽകും. ഡാളസിലുള്ള വിവിധ ഇടവകാംഗങ്ങൾ ഉൾപ്പെട്ട ഗായകസംഘം ഗാനശുശ്രൂഷയും കലാപരിപാടികളും അവതരിപ്പിക്കും. സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേൽ സ്വാഗതവും മാർത്തമറിയം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. ബിന്നി കുരുവിള കൃതജ്ഞതയും അറിയിക്കും.

ഡാളസിലുള്ള വിവിധ ഇടവകകളുടെ സഹകരണത്തിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിന്റെ വിജയത്തിനായി റവ.ഫാ. രാജു ദാനിയേൽ, റവ.ഫാ. ബിനു മാത്യു, മാർത്തമറിയം വനിതാ സമാജം ഭദ്രാസന സെക്രട്ടറി ശാന്തമ്മ മാത്യു, കോൺഫറൻസ് കൺവീനറായ മെറി മാത്യു, സൂസൻ തമ്പാൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.