തിരുവനന്തപുരം: സർക്കാരിന് സാമൂഹിക സംഘടനകളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന സംഘടനകളുടെ സംഗമത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ വനിതാമതിൽ തീർക്കാൻ യോഗത്തിൽ തീരുമാനമായി. ജനുവരി ഒന്നിനാണ് വനിതാമതിൽ തീർക്കുക. സാമൂഹിക സംഘടനകളുടെ യോഗത്തിൽ എൻഎസ്എസ് വരേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാർ സംഘടനകളുടെ ശബരിമല സമരത്തിന് ബദൽ തീർക്കുകയാണ് സർക്കാരിന്റെയും പിണറായി വിജയന്റെയും ലക്ഷ്യം.

പ്രചാരണ പ്രവർത്തനങ്ങൾക്കായി ജനറൽ കൗൺസിൽ രൂപീകരിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനും, കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ കൺവീനറുമാകും.ശബരിമല വിഷയത്തിൽ സമവായം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചത്. വനിതകളെ മാത്രം അണിനിരത്തിയാകും മനുഷ്യമതിൽ നിർമ്മിക്കുക. കേരളത്തെ പഴയപടി ഇരുണ്ടകാലത്തേക്ക് തള്ളിവിടാൻ കഴിയില്ലെന്ന മുദ്രാവാക്യം ഉയർത്തി രാജ്യം ശ്രദ്ധിക്കപ്പെടുന്ന പരിപാടിയായി ഇതുമാറുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീക്കും പുരുഷനും ഒരേ അവകാശമാണെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായും യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്എൻഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാ മഹാസഭയും ഉൾപ്പെടെ നിരവധി സാമുദായിക, സാമൂഹ്യ, നവോത്ഥാനസംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാൽ എൻഎസ്എസ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. കാലത്തിന് അനുസൃതമായ മാറ്റം സമൂഹത്തിൽ കൊണ്ടുവരാനുള്ള ചർച്ചയിൽ എൻഎസ്എസ് പങ്കെടുക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.എൻഎസ്എസ് ഇല്ലാതെ നവോത്ഥാനത്തെക്കുറിച്ച് ആലോചിക്കാനാവില്ല. എന്തുകൊണ്ടാണ് അവർ പങ്കെടുക്കാതിരുത്തനെന്ന് അറിയില്ല. ഇനിയും പുറത്തുള്ള സംഘടനകളെ കമ്മിറ്റിയിൽ ചേർക്കണമെങ്കിൽ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗക്ഷേമ സഭയെ യോഗത്തിലേക്ക് വിളിക്കാതിരുന്നത് പരിശോധിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ, തങ്ങൾ ഇടഞ്ഞുതന്നെയാണെന്ന സൂചനയാണ് യോഗത്തിൽ പങ്കെടുക്കാതെ എൻഎസ്എസ് നൽകിയത്. പ്രായഭേദമെന്യേ യുവതികളെ പ്രവേശിപ്പിക്കാമെന്ന് വിധി നടപ്പാക്കാൻ സർക്കാർ ധൃതി കാട്ടുന്നത് എൻഎസ്എസിനെ ചൊടിപ്പിച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കുന്നതിൽ സർക്കാരിന്റെ തിടുക്കം എന്നീക്കാര്യങ്ങളിൽ എൻഎൻഎസ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

യോഗത്തിൽ എൻഎസ്എസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഒരു സമുദായനേതാവും രാജാവും തന്ത്രിയും ചേർന്നപ്പോൾ കേരളം കുട്ടിച്ചോറായെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നവോത്ഥാന മൂല്യങ്ങളുടെ പിൻതുടർച്ചക്കാരാണ് കേരളത്തിന്റെ ശക്തി. അല്ലാതെ ഇപ്പോൾ ഇറങ്ങി നടക്കുന്നവരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.എൻഎസ്എസിനെ കൂടാതെ, യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും യോഗത്തിൽ പങ്കെടുത്തില്ല. എസ്എൻഡിപിയും കെപിഎംഎസും അടക്കം സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകൾ യോഗത്തിനെത്തുകയും ചെയ്തു.