ഡബ്ലിൻ: പ്രതിസന്ധിയിലായിരിക്കുന്ന ആരോഗ്യമേഖലയെ കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ഇന്ന് ആരോഗ്യമന്ത്രി ലിയോ വരാദ്ക്കർ പ്രഖ്യാപിക്കും. പുതിയ 500 നഴ്‌സിങ് പോസ്റ്റുകൾ ഉൾപ്പെടുത്തുകയെന്നതാണ് ഇതിലെ സുപ്രധാന ഘടകമെന്നാണ് റിപ്പോർട്ട്. മതിയായ സ്റ്റാഫ് ഇല്ലാത്തതും വെയിറ്റിങ് ലിസ്റ്റ് നാലു ലക്ഷത്തോളമായതും ട്രോളി രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നതുമെല്ലാം അയർലണ്ടിലെ ആരോഗ്യമേഖലയെ അക്ഷരാർഥത്തിൽ തളർത്തിയിരിക്കുകയാണ്. പുതുതായി അഞ്ഞൂറിലധികം നഴ്‌സുമാരെ നിയമിക്കുന്നത് മലയാളി നഴ്‌സുമാർക്കും അയർലണ്ടിൽ കൂടുതൽ അവസരമൊരുക്കും.

ആരോഗ്യമന്ത്രി എന്ന നിലയിൽ ഇവയ്ക്ക് പരിഹാരം കാണുകയെന്നത്  ഉത്തരവാദിത്വമെന്നതിനാൽ പുതിയ നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് വരാദ്കർ. ഇന്ന് ഇതുസംബന്ധിച്ച് ഒട്ടേറെ പ്രഖ്യാപനങ്ങൾ മന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഹെൽത്ത് സർവീസ് മെച്ചപ്പെട്ട രീതിയിൽ പുനഃസൃഷ്ടിക്കുകയെന്ന് വർഷങ്ങൾ എടുക്കുമെന്നതിനാൽ തുടക്കമെന്ന നിലയിൽ ഏതാനും പരിഷ്‌ക്കാരങ്ങൾ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വരാദ്ക്കർ വ്യക്തമാക്കി.

കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യം തേടി  ഡോക്ടർമാർ, നഴ്‌സുമാർ, തെറാപ്പിസ്റ്റുകൾ എന്നിവർ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും മാതൃരാജ്യത്തിന് സേവനം ചെയ്യാൻ തയാറാകണമെന്നും മന്ത്രി ഉദ്‌ബോധിപ്പിച്ചു. ഈ വർഷം തന്നെ കൂടുതൽ നഴ്‌സുമാരെ പബ്ലിക് ഹെൽത്ത് സർവീസിലേക്ക് റിക്രൂട്ട്‌ചെയ്യുമെന്നും ഇത്തരത്തിൽ 500-ൽ അധികം നഴ്‌സുമാർക്ക് തൊഴിൽ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മെന്റൽ ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നതിനു പുറമേയാണിത്.

ആംബുലൻസ് സർവീസിലും കൂടുതൽ നിക്ഷേപത്തിന് മന്ത്രി പദ്ധതി തയാറാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ആംബുലൻസ് സേവനം ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടാതിരിക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിക്കും.