ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് മുഴുവൻ ചർച്ചയായിരുന്നു ആര്യയ്ക്ക് പെണ്ണു തേടിയുള്ള എങ്ക വീട്ട് മാപ്പിള്ളൈ റിയാലിറ്റി ഷോ. ഷോ അവസാനിച്ചെങ്കിലും ആര്യയ്ക്ക് ഇതുവരെ പെണ്ണു കിട്ടിയിട്ടില്ല. ഇപ്പോഴിതാ ആര്യയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് ഒരു നടി തന്നെ രംഗത്തെത്തിയിരിക്കുന്നു. മറ്റാരുമല്ല, വിശാലിന്റെ കാമുകി വരലക്ഷ്മിയാണ് ഈ താരം. ഇരുവരും പ്രണയത്തിലാണെന്ന കാര്യം കോളിവുഡിൽ പരസ്യമാണ്.

എന്നാൽ ഇരുവരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നടികർ സംഘത്തിന്റെ കെട്ടിടപണി കഴിഞ്ഞിട്ടേ താൻ വിവാഹം ചെയ്യൂ എന്ന് വിശാൽ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത വർഷം വിവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് ആ പ്രണയരഹസ്യം പരസ്യമായി വേദിയിൽ പറഞ്ഞിരിക്കുന്നത്.

വരലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന മിസ്റ്റർ ചന്ദ്രമൗലി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. തിരുവാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ഓഡിയോ റിലീസിന് വിശാലും എത്തിയിരുന്നു. തിരുവിന് വേണ്ടി വന്നതാണോ അതോ വരുവിന് വേണ്ടി വന്നതാണോ എന്ന് സംവിധായകൻ സുശീന്ദ്രൻ വിശാലിനെ വേദിയിൽ വെച്ച് കളിയാക്കി.

സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ ആര്യയുടെ എങ്ക വീട്ട് മാപ്പിള്ളൈയെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു. ചടങ്ങിൽ ആര്യയും എത്തിയിരുന്നു. ജാമി നിന്നെ ഞാൻ വിവാഹം ചെയ്യാമെന്ന് വരലക്ഷ്മി പറഞ്ഞു. അത് ആര്യയ്ക്കും തോന്നണ്ടെ എന്ന് അവതാരകൻ ജഗൻ വരലക്ഷ്മിയോട് ചോദിച്ചു. വിശാൽ ബ്രോ..സൂക്ഷിച്ചോളൂ എന്ന് നടൻ സതീഷ് മുന്നറിയിപ്പ് നൽകി.