വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസ് അന്വേഷിക്കുന്ന ഐ.ജി. എസ്. ശ്രീജിത്തും ആലു റൂറൽ എസ്‌പി.യായിരുന്ന എ.വി. ജോർജും അടുപ്പക്കാരമെന്ന ആരോപണം ചർച്ചയാക്കി സോഷ്യൽ മീഡിയ. ഇരുവരും ഒരുമിച്ചിരുന്ന് സിനിമ കാണുന്ന ചിത്രം സാമൂഹികമാധ്യമങ്ങൾ പുറത്തുവിട്ടു. ചിത്രം പുറത്തുവന്നതോടെ ശ്രീജിത്തിന്റെ ബന്ധുക്കൾ ആശങ്കയുമായി രംഗത്തെത്തി. എ.വി. ജോർജിനെതിരേ നടപടിയെടുക്കാൻ മടിക്കുന്നതിനുകാരണം ഈ ബന്ധമായിരിക്കാമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആരോപിച്ചു.

സംഭവത്തിൽ സിബിഐ അന്വേഷണമാണ് ശ്രീജിത്തിന്റെ കുടുംബം ലക്ഷ്യമിടുന്നത്. ഇതിനായുള്ള നിയമ നടപടികളിലേക്കും കടന്നു കഴിഞ്ഞു. സംഭവത്തിൽ റൂറൽ എസ്‌പി.യുടെ പങ്ക് അന്വേഷിക്കണമെന്നാണ് ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെടുന്നുണ്ട്. റൂറൽ എസ്‌പി.യുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ആർ.ടി.എഫ്. സ്‌ക്വാഡിലെ പൊലീസുകാരാണ് ശ്രീജിത്തിനെയും സഹോദരനെയും വീട്ടിൽനിന്ന് കൊണ്ടുപോയത്. ഇത് എസ്‌പി.യുടെ നിർദ്ദേശാനുസരണമാണ്. ഈ സാഹചര്യത്തിൽ അന്വേഷണസംഘം ആദ്യം ചോദ്യം ചെയ്യേണ്ടതും നടപടിയെടുക്കേണ്ടതും എസ്‌പി.യുടെ പേരിലാണ്. എസ്‌പി.യെ ചോദ്യംചെയ്താൽ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിനിടയായ സാഹചര്യം പുറത്തുവരുമെന്നും അഖില പറയുന്നു.

കേസിൽ സിബിഐ. അന്വേഷണത്തിനുള്ള കാരണമിതാണെന്നും അവർ കൂട്ടിച്ചേർത്തു. എറണാകുളത്തെ സിപിഎം നേതാവിന്റെ നിർദ്ദേശ പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ആരോപണം. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് റൂറൽ എസ് പിയെ സംശയ നിഴലിൽ നിർത്തുന്നത്. അതിന് പുതിയ മാനം നൽകുന്നതാണ് പുറത്തുവന്ന ചിത്രം.

അതേസമയം, എസ്‌പി.ക്കൊപ്പം ഐ.ജി. ശ്രീജിത്തും കുടുംബവും സിനിമ കണ്ടതിൽ അസ്വഭാവികതയില്ലെന്ന് ഐ.ജി.യോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. എസ്‌പി. എ.വി. ജോർജ് ഇടുക്കിയിൽ എസ്‌പി.യായിരിക്കുമ്പോൾ എസ്. ശ്രീജിത്ത് അവിടത്തെ റേഞ്ച് ഡി.ഐ.ജി. ആയിരുന്നു. ഈസമയം പല ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. സിനിമയ്ക്കും പോയിട്ടുണ്ടാകാം. അങ്ങനെയുള്ള ഒരുപാട് ചിത്രങ്ങളുമുണ്ടെന്നും അവർ പറയുന്നു.

ഇതെല്ലാം പ്രത്യേകം തപ്പിയെടുത്ത് പ്രചരിപ്പിക്കുന്നത് ദുരുപദിഷ്ടിതമാണ്. കേസ് അന്വേഷിക്കുന്നവരുടെ മനോവീര്യം കെടുത്താന്മാത്രമേ ഇത് സഹായിക്കൂ. കൂടെ ജോലിചെയ്യുന്നവരുമായി ബന്ധപ്പെട്ട് സിനിമ കാണാൻ പാടില്ലെന്നുപറയുന്നത് ശരിയല്ല. ഇതൊന്നും അന്വേഷണത്തെ അട്ടിമറിക്കില്ല. സുഹൃത്തോ, ബന്ധുവോ എന്ന് നോക്കിയല്ല ജോലിചെയ്യുന്നതെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഐ.ജി. എസ്. ശ്രീജിത്തും എ.വി. ജോർജും ഒരുമിച്ചിരുന്നു കണ്ടത് 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രമാണെന്നും വ്യക്തമായി. ഐ.ജി. എസ്. ശ്രീജിത്തായിരുന്നു ഈ ചിത്രത്തിന്റെ കഥ എഴുതിയത്.