- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരത്തൻ വേറെ ലെവലാണ്! കൊലമാസായി ഫഹദ്..ഒന്നാന്തരം ക്യാമറ..ചടുലമായ ആഖ്യാനം വേറിട്ട കഥ; ഒടുവിൽ നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മലയാള സിനിമയും മോചനം നേടുന്നു; ഗ്രാമങ്ങളുടെ വയലൻസും സദാചാര പൊലീസിങും വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നു; ഇത് നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരെ തുറന്നുവെച്ച കണ്ണാടി; പേര് എഴുതികാണിക്കുമ്പോൾ ഉയരുന്ന കൈയടികൾ സാധൂകരിച്ച് അമൽ നീരദ്
പൈങ്കിളി സിനിമകളും ചർവ്വിത ചർവ്വണം ചെയ്യപ്പെട്ട ക്ലീഷേകളും മടുത്ത്, മലയാള സിനിമ കാണൽ വലിയൊരു ശിക്ഷയായി മാറിയ കാലത്താണ് ഇതുപോലൊരു സൂപ്പർ പടം ഇറങ്ങുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'വരത്തൻ' ശരിക്കും വേറെ ലെവലാണ്. നാട്ടിൻപുറങ്ങളെ നന്മ മരങ്ങളായി മാത്രം കാണുന്ന പതിവ് രീതി വിട്ട്, ഗ്രാമങ്ങളുടെ വയലൻസും, സദാചാരപൊലീസിങും, വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിച്ച പടം. അതും പതിവുപോലെ അമൽ നീരദിന്റെ തനത് ശൈലിയായ ഹോളിവുഡ്ഡ് നിലവാരത്തിൽ. ബിഗ് ബിയിലും, ഇയ്യോബിന്റെ പുസ്തകത്തിലും, കോമ്രഡ് ഇൻ അമേരിക്കയിലുമൊക്കെ നമ്മെ കൊതിപ്പിച്ച അതേ മേക്കിങ്ങ് ടെക്കിനിക്ക് മറ്റൊരു രീതിയിൽ ഇവിടെയും കാണാം. ഫ്രെയിം കമ്പോസിഷനിൽ ഇത്രയേറെ മിടുക്കുകാട്ടുന്ന ഒരു സംവിധായകനെ അടുത്ത കാലത്തൊന്നും മലയാളം കണ്ടിട്ടില്ല. ഇടക്കെപ്പോഴോ ഇത് തിരുവനന്തപുരം ഐഎഫ്എഫ്കെയിൽനിന്ന് ഇറങ്ങിവന്ന ചിത്രം പോലെ തോന്നി. ഒന്നാന്തരം ക്യാമറ, ചടുലമായ ആഖ്യാനം, വേറിട്ട കഥ, മനോഹരമായ ഗാനങ്ങൾ, തീർത്തും വ്യത്യസ്തമായ സൗണ്ട് ഇഫക്ട്. ഒരു സിനിമയെ
പൈങ്കിളി സിനിമകളും ചർവ്വിത ചർവ്വണം ചെയ്യപ്പെട്ട ക്ലീഷേകളും മടുത്ത്, മലയാള സിനിമ കാണൽ വലിയൊരു ശിക്ഷയായി മാറിയ കാലത്താണ് ഇതുപോലൊരു സൂപ്പർ പടം ഇറങ്ങുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'വരത്തൻ' ശരിക്കും വേറെ ലെവലാണ്. നാട്ടിൻപുറങ്ങളെ നന്മ മരങ്ങളായി മാത്രം കാണുന്ന പതിവ് രീതി വിട്ട്, ഗ്രാമങ്ങളുടെ വയലൻസും, സദാചാരപൊലീസിങും, വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിച്ച പടം. അതും പതിവുപോലെ അമൽ നീരദിന്റെ തനത് ശൈലിയായ ഹോളിവുഡ്ഡ് നിലവാരത്തിൽ. ബിഗ് ബിയിലും, ഇയ്യോബിന്റെ പുസ്തകത്തിലും, കോമ്രഡ് ഇൻ അമേരിക്കയിലുമൊക്കെ നമ്മെ കൊതിപ്പിച്ച അതേ മേക്കിങ്ങ് ടെക്കിനിക്ക് മറ്റൊരു രീതിയിൽ ഇവിടെയും കാണാം. ഫ്രെയിം കമ്പോസിഷനിൽ ഇത്രയേറെ മിടുക്കുകാട്ടുന്ന ഒരു സംവിധായകനെ അടുത്ത കാലത്തൊന്നും മലയാളം കണ്ടിട്ടില്ല. ഇടക്കെപ്പോഴോ ഇത് തിരുവനന്തപുരം ഐഎഫ്എഫ്കെയിൽനിന്ന് ഇറങ്ങിവന്ന ചിത്രം പോലെ തോന്നി. ഒന്നാന്തരം ക്യാമറ, ചടുലമായ ആഖ്യാനം, വേറിട്ട കഥ, മനോഹരമായ ഗാനങ്ങൾ, തീർത്തും വ്യത്യസ്തമായ സൗണ്ട് ഇഫക്ട്. ഒരു സിനിമയെ നല്ലതെന്ന് പറയിപ്പിക്കാൻ ഇത്രയൊക്കെ പോരെ.
പക്ഷേ കൊലമാസ് ഇതൊന്നുമല്ല. സാക്ഷാൽ ഫഹദ് ഫാസിലിന്റെ നടന ചാതുരി തന്നെ. ഒറ്റ വാക്കിൽ സ്റ്റെലിഷ് ആൻഡ് സൂപ്പർ. 20 മിനിട്ടോളം നീളുന്ന ചിത്രത്തിന്റെ ക്ലൈമാക്സിലെ ചില ആക്ഷൻ രംഗങ്ങൾ ഹോളിവുഡ്ഡ് നടന്മാരെ ഓർമ്മിപ്പിക്കുന്നു. ശബ്ദം കൊണ്ട് കാണിക്കുന്ന മാജിക്കാണ് സൂപ്പർ. ഹൊറർ മൂഡ് കൃത്യമായി ഉണ്ടാക്കാൻ മണിച്ചിത്രത്താഴിലെയൊക്കെ പോലെ ശബ്ദം കൊണ്ട് മാത്രം കഴിയുന്നു. എന്നാൽ ഇതൊരു ഹൊറർ മൂവിയുമല്ല.പതിഞ്ഞ താളത്തിൽ തുടങ്ങി കത്തിക്കയറുന്ന ചെമ്പടവട്ടം പോലൊരു സാധനം. വാണിജ്യ സിനിമ നമുക്ക് നൽകിയ കാഴ്ചകളുടെ ദുശ്ശീലങ്ങളെ ഈ പടം നിർദയം തള്ളിക്കളയുന്നു. പുതിയ ലോകം, പുതിയ കാഴ്ച. മലയാള സിനിമയുടെ വളർച്ച ഇത്തരം സംവിധായകരിൽ തന്നെയാണ്. അതെ ഞാൻ അമൽ നീരദിന്റെ ഫാൻ ആണ്. ഫഹദ് ഫാസിലിന്റെ ഫാൻ ആണ് എന്നുപറയാൻ ഈ ലേഖകന് യാതൊരു മടിയുമില്ല.
നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മോചനം
സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ ഇപ്പോഴും കാണുന്ന നന്മ നിറഞ്ഞ നാട്ടിൻ പുറങ്ങളില്ലേ. കള്ളുചെത്തുകാരനും, നാടൻ പാട്ടുസംഘങ്ങളും, അമ്പലക്കുളവും, ഉൽസവുമൊക്കെയായി ഗൃഹാതുരത്വം പൊട്ടിയൊലിക്കുന്ന ഒരു ഗ്രാമം. പക്ഷേ ഇത് യാഥാർഥ്യമാണോ. സെമി അർബനൈസ്ഡ് ഗ്ലോബൽ വില്ലേജാണ് കേരളത്തിലെ എല്ലാ നാട്ടിൻപുറങ്ങളും. അതിനെ വെറും നന്മ മരക്കൂട്ടമായി ചിത്രീകരിക്കുന്ന സത്യൻ അന്തിക്കാടൻ ക്ലീഷേക്കുനേരെ പുറം തിരഞ്ഞ് നിൽക്കയാണ് ഈ പടം. പലപ്പോഴും സദാചാര ഗുണ്ടായിസത്തിന്റെ വയലസൻസിന്റെയും കേന്ദ്രങ്ങൾകൂടിയാണ് നമ്മുടെ പല നാട്ടിൻ പുറങ്ങളുമെന്ന് പത്രമെടുത്ത് വായിക്കുന്ന ആർക്കും അറിയാം. സ്ത്രീ എറ്റവും അരക്ഷിതയായിരിക്കുന്നതും ഇത്തരം നന്മ വളർത്തുകേന്ദ്രങ്ങളിൽ തന്നെയാണ്. പക്ഷേ ഗ്രാമീണർ പറയുക എന്താണെന്ന് അറിയുമോ? വരത്തന്മാർ നമ്മുടെ നാട് നശിപ്പിച്ചെന്ന്. വരത്തൻ എന്ന വാക്ക് പുച്ഛത്തോടെയാണ് ശരാശരി മലയാളികൾ പ്രയോഗിക്കാറ്. ('വരത്തന്റൊപ്പം ഒളിച്ചുചാടിയ തങ്കമ്മേ' എന്ന കാലാഭവൻ മണിയുടെ പ്രശസ്തമായ സ്ത്രീവിരുദ്ധമായ പാട്ട് ഈ സിനിമയിലും കടന്നുവരുന്നുണ്ട്.)പുറമെനിന്ന് വന്നവരാണ് എല്ലാ പ്രശനത്തിനും കാരണമെന്ന് ആരോപിക്കുമ്പോൾ നാം നമ്മളെത്തന്നെ നോക്കാറുണ്ടോ. നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരേകൂടി തുറന്നുവെച്ച കണ്ണാടികൂടിയാവുകയാണ് ഈ പടം.
പതിഞ്ഞ താളത്തിൽ ശാന്തമായാണ് ചിത്രം തുടങ്ങുന്നത്. നായകന്റെ നവദ്വാരങ്ങൾ മുഴുവൻ കാണിച്ചശേഷം മുഖം കാണിക്കുന്ന, വാണിജ്യ സിനിമ ഇപ്പോഴും പിന്തുടരുന്ന അളിഞ്ഞ രീതി വിട്ടുകൊണ്ട്, ഫസ്റ്റ്ഷോട്ടിൽ തന്നെ നായകൻ ഫഹദിന്റെ മുഖമാണ് തെളിയുന്നത്. എബിയെന്ന ഗൾഫിലെ എഞ്ചനീയർക്ക് സാമ്പത്തിക മാന്ദ്യവും മറ്റുമായി ജോലി നൈസായിപോവുന്ന ആദ്യ രംഗത്തിൽ തൊട്ടുണ്ട് ഒരു അഭിനയപ്രതിഭയുടെ ബ്രില്ല്യൻസ്. എബിയും ഭാര്യ പ്രിയയും( ഐശ്വര്യ) ഗൾഫ് ഉപേക്ഷിച്ച് കേരളത്തിലേക്ക് വരുന്നിടത്താണ് ചിത്രം ചലിക്കുന്നത്. എയർപോർട്ടിൽ എത്തി കാണിക്കുന്ന ടാക്സി സീനിൽ തന്നെയുണ്ട് മലയാളിയുടെ രതിവൈകൃതത്തിന്റെ സൂചനകൾ. ആ ടാക്സിക്കാരൻ, ഭർത്താവിന്റെ മടിയിൽ കിടന്ന് ഉറങ്ങുന്ന പ്രിയയെ കാണാൻവേണ്ടി മാത്രം ഗ്ലാസ് തിരിച്ചുവെക്കുന്നു. ഇങ്ങനെ സൂക്ഷ്മമായി ചില നോട്ടങ്ങളിലൂടെ, മൗനത്തിലൂടെ, ചില ചേഷ്ടകളിലൂടെ, അംഗചലനങ്ങളിലൂടെയൊക്കെ കഥപറയാൻ ഈ പടത്തിന് കഴിയുന്നു. മലയാളത്തിൽ നാം ഇതൊന്നും കാണാറുള്ളതല്ല.
പ്രിയയുടെ പിതാവിന് ഒരു മലയോര മേഖലയിലുള്ള തോട്ടത്തിലേക്ക് ഇരുവരും പോകുന്നിടത്താണ് ചിത്രം മറ്റൊരു തലത്തിലേക്ക് കടക്കുന്നത്. അവിടുത്തെ ഒരു ചായക്കടയിലെ ഓന്ത് ചോരകുടിക്കുന്നതുപോലുള്ള ആൺ നോട്ട സീനുകളിൽ നിന്നുതന്നെ ഒരു ഗ്രാമം ഒളിപ്പിച്ചുവെച്ച വയലൻസിന്റെ സൂചകങ്ങൾ സംവിധായകൻ നൽകുന്നുണ്ട്. അനുഷ്‌ക്കാ ശർമ്മ നായികയായ എൻ എച്ച് 14 എന്ന ചിത്രമാണ് ഓർമ്മ വരുന്നത്. തുടർന്ന് ആ ഗ്രാമം എങ്ങനെ ആ ദമ്പതികളുടെ ജീവിതത്തിൽ കൂടി കൈ കടത്തുന്നുവെന്ന് ചിത്രം കാണിച്ചു തരുന്നു. അത് കണ്ടുതന്നെ അറിയുക.
കരുത്തുറ്റതും കുറിക്കുകൊള്ളുന്നതുമായ സംഭാഷണങ്ങളാണ് ഈ പടത്തിന്റെ മാറ്റ് കൂട്ടുന്നുത്. നൊസ്റ്റാൾജിയയുടെ മലയാളം എന്താണെന്ന് എബി ഭാര്യയോട് ചോദിക്കുന്നുണ്ട്. ഗൃഹാതുരത്വം എന്ന് പ്രിയ പറയുമ്പോൾ, എബിയുടെ മറുപടി അത് ഉച്ചരിക്കുമ്പോൾ തന്നെ നൊസ്റ്റാൾജിയ പോവും എന്നാണ്. ചീവീടുകൾ കരയുന്നിടത്ത്, പാറ്റ ചാവുന്നിടത്ത് എന്നിങ്ങനെയാക്കെയുണ്ട് ചെറിയ ശക്തമായ ചില വാക്കുകൾ. ചിത്രത്തിന്റെ രചന നിർവഹിച്ച ഷർഫുവും, സുഹാസും മലയാളം കാത്തിരുന്ന പ്രതിഭകൾ തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം എന്ന വിഭാഗമാണ് മലയാളത്തിലെ ഏറ്റവും മോശം വിഭാഗമെന്ന് പറയാതെ വയ്യ.
ക്ലൈമാക്സിൽ കൊലമാസായി ഫഹദ്
ഇരുപതുമിനുട്ട് നീണ്ടുനിൽക്കുന്ന ക്ലൈമാക്സാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതിലെ ഫഹദിന്റെ ആക്ഷൻ രംഗങ്ങളൊക്കെ ഒരു ഹോളിവുഡ്ഡ് നടനെ ഓർമ്മപ്പെടുത്തുന്നു. കൊലമാസ്സ് എന്നുപറയാം. (ക്ലൈമാക്സിൽ ഒരു വെടിയെങ്കിലും പൊട്ടാത്ത അമൽ നീരദ് ചിത്രങ്ങൾ അപൂർവമാണ്. പക്ഷേ ഇവിടെ അടിക്കും വെടിക്കും വ്യക്തമായ ന്യായീകരണങ്ങൾ ഉണ്ട്.) അമ്പരപ്പിക്കുന്ന ശരീരഭാഷയാണ് ആക്ഷൻ രംഗങ്ങളിലും ഫഹദിന്റെത്. ഫഹദ് ആഗ്രഹിച്ചിരുന്നെങ്കിൽ നിഷ്പ്രയാസം ഒരു ആക്ഷൻ ഹീറോ ആകാമായിരുന്നു. ഒരു വൃത്തത്തിൽനിന്ന് കൈയും കാലും പ്രത്യേകരീതിയിൽ ചലിപ്പിച്ചുകൊണ്ടുള്ള നടൻ മമ്മൂട്ടിയുടെ സ്റ്റണ്ട് രംഗങ്ങളൊക്കെ ഇനി കാണുമ്പോൾ നമുക്ക് ചിരിവരും. പക്ഷേ ചില സമയം ഒരു തികഞ്ഞ അഭ്യാസിയെപ്പോലെയും, ചിലപ്പോൾ ഒരു പരിശീലനം കിട്ടിയ ഒരു യോദ്ധാവിനെയും പോലെ പോരാടുന്ന ഫഹദിന്റെ കഥാപാത്രം ഈ വിദ്യയൊക്കെ എവിടെനിന്ന് പഠിച്ചു എന്ന് ചോദിക്കരുത്. കഥയിൽ ചോദ്യമില്ലല്ലോ. ആക്ഷന്മാത്രമല്ല, മൊത്തത്തിൽ ഒരു പരകായ പ്രവേശം തന്നെയാണ് ഫഹദിന്റെ അഭിനയം. കഥാപത്രമായി ജീവിക്കയാണ് അയാൾ. ഇത്രയും ഒറിജിനാലിറ്റി ഒരു രണ്ടാം പകുതിയിൽ എല്ലാം തകർന്നുള്ള ഒരു പൊട്ടിക്കരച്ചിലിലുണ്ട്. തീയേറ്ററിൽ കൂട്ട കൈയടി.
കഥാപാത്രങ്ങൾ ഓരോരുത്തരും നൂറുശതമാനവും സിനിമയോട് നീതിപുലർത്തിയെന്ന് പറയാം. ഹാസ്യനടനായി മാത്രം അറിയപ്പെട്ടിരുന്ന ഷറഫുദ്ദീന്റെ വില്ലൻ വേഷത്തിലേക്കുള്ള മോഡുലേഷൻ അമ്പരപ്പിക്കുന്നതാണ്. സ്വകാര്യതയിലേക്ക് ഒളിഞ്ഞുകയറുന്നവരുടെ ഭീതിയിൽ, എന്നാൽ അതിനെതിരെ പൊരുതിയും ജീവിക്കുന്ന പ്രിയയുടെ വേഷം ഐശ്വര്യലക്ഷ്മിയുടെ കൈയിൽ ഭദ്രമാണ്. മായാനദിക്കുശേഷം ഐശ്വര്യക്ക് കിട്ടിയ ഗംഭീരവേഷമാണിത്. ദിലീഷ്പോത്തനും കൊച്ചുപ്രേമനും തൊട്ട് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ആരും മോശമാക്കിയിട്ടില്ല. കടയിൽ ചുമ്മാ പരദുഷണം പറഞ്ഞിരിക്കുന്ന നാട്ടിൻ പുറത്തുകാർക്കുപോലുമുണ്ട് ഒരു പ്രത്യേക ചന്തം.
അമൽനീരദിന്റെ ചിത്രങ്ങളിലെ ഛായാഗ്രാഹണ മികവ് എടുത്തുപറയേണ്ടതില്ല. കൂടെ, പറവ എന്നീ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച ലിറ്റിൽ സ്വയമ്പ് കാമറ ചലിപ്പിക്കുമ്പോൾ പ്രത്യേകിച്ചു. സുഷീൻ ശ്യാമിന്റെ മ്യൂസിക്കും പശ്ചാത്തലവും കിടുവാണ്.
ചില രാഷ്ട്രീയ വിയോജിപ്പുകൾ
ഇങ്ങനെയാക്കെയാണെങ്കിലും രാഷ്ട്രീയമായി നോക്കുമ്പോൾ കൃത്യമായ ചില വിയോജിപ്പുകൾ ഈ സിനിമയുടേതായിട്ടുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ ഫഹദിന്റെ നായകകഥാപാത്രം എബി ഒരു പാറ്റയെപ്പോലും കൊല്ലരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു. പാറ്റയെ അടിച്ചുകൊന്ന ഭാര്യയോടെ അയാൾ പറയുന്നത് അത് വേണ്ടിയിരുന്നില്ല എന്നതാണ്. പക്ഷേ ചിത്രത്തിന്റെ അവസാനത്തിന്റെ ഇഴഞ്ഞെത്തുന്ന ഒരു പാറ്റയിലെ ഒറ്റച്ചവിട്ടിന് കൊല്ലുന്നുണ്ട് എബി. അതായത്് വയലൻസ് തന്നെയാണ് അടിക്ക് അടി തന്നെയാണ് പരിഹാരം എന്ന സിനിമാറ്റിക്ക് ധാരണ ഈ ചിത്രം ഊട്ടിയിറപ്പിക്കുന്നു.
അതുപോലെ നിയവ്യവസ്ഥയോടുള്ള പുച്ഛം നമ്മുടെ കോമേർഷ്യൽ സിനിമയിൽ പതിവുള്ളതാണ്. ഇവിടെയും അതിന് മാറ്റമെന്നും കാണുന്നില്ല.സ്ത്രീപീഡനം അടക്കമുള്ള സകല വിഷയങ്ങളിലും വ്യക്തികൾ മല്ലയുദ്ധം നടത്തി തീരുമാനിക്കണമെന്ന കാട്ടുനീതിയുടെ അനുരണനങ്ങൾ ഈ ചിത്രത്തിലും കാണാം.അൽപ്പം ഹീറോയിസം ഏത് ചിത്രവും ആവശ്യപ്പെടുന്നുണ്ടെങ്കിലും അമൽ നീരദിനെപ്പോലെ ഒരു സംവിധായകന് കുറച്ചുകൂടി റിയലിസ്റ്റിക്ക് ആകാമെന്നും തോനുന്നു. വില്ലന്മാരെ അടിച്ച് പപ്പടമാക്കിയിട്ട് പൊലീസിന്് ഫോൺചെയ്യുന്നതുപോലുള്ള പരിപാടി ഒന്ന് മാറ്റിപ്പിടിക്കേണ്ട സമയമായി എന്ന് തോനുന്നു.
എന്തായാലും പ്രേക്ഷകർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്. ടിക്കറ്റെടുക്കുന്ന നിങ്ങളുടെ കാശ് ഒരിക്കലും നഷ്ടമാവില്ല.
വാൽക്കഷ്ണം: ഐവി ശശിയുടെയും ജോഷിയുടെയുമൊക്കെ കാലത്ത് അവരുടെ പേര് എഴുതിക്കാണിക്കുമ്പോൾ വലിയ കൈയടിയായിരുന്നു. പിന്നീട് സംവിധായകൻ ഒന്നുമല്ലാതാവുകയും പേരുമുഴുവൻ താരത്തിന് പോവുകയും ചെയ്തു. ആഷിക്ക് അബുവിന്റെ പേരിനൊപ്പം ഇപ്പോൾ ഉയരാറുള്ള കൈയടികൾ അമൽ നീരദിനും കിട്ടുന്നു. അമൽ ആ പ്രതീക്ഷ കാക്കുകയും ചെയ്തു. 'ഉദയനാണ് താരത്തിൽ' പറയുന്നപോലെ സംവിധായകൻ തന്നെ താരമാകുന്ന കാലം തിരിച്ചുവരട്ടെ.