- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയാണ് രാഷ്ട്രീയത്തിലെ യൂണിവേഴ്സിറ്റിയെങ്കിലും ഇഷ്ടം ട്വന്റി ട്വന്റിയോട്; മുന്മുഖ്യമന്ത്രിയുടെ മരുമകനും സാബു ജേക്കബിന്റെ ടീമിൽ; അംഗത്വം എടുത്തത് ജോലി രാജിവച്ച്; സംവിധായകൻ സിദ്ദിഖിന് പിന്നാലെ ലാലും കിഴക്കമ്പലം കൂട്ടായ്മയിൽ; ട്വന്റി 20 വരുന്ന മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് സാബു ജേക്കബ്
കൊച്ചി:കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും നടൻ ശ്രീനിവാസനും, സംവിധായകൻ സിദ്ധിഖും അടക്കമുള്ളവർക്ക് പിന്നാലെ കൂടുതൽ പ്രമുഖർ ട്വന്റി ട്വന്റിയിലേക്ക്. സംവിധായകൻ ലാലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകനും ട്വന്റി 20യിൽ ചേർന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെ ഭർത്താവ് വർഗീസ് ജോർജാണ് ട്വന്റി 20യിൽ ചേർന്നത്.കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും യൂത്ത് കോർഡിനേറ്ററായും ഉപദേശക സമിതി അംഗമായും വർഗീസ് ജോർജ് പ്രവർത്തിക്കും.
വിദേശത്ത് ജോലി ചെയ്യുകയായിരുന്ന താൻ ട്വന്റി 20യിൽ ആകർഷണം തോന്നിയാണ് അംഗത്വമെടുത്തതെന്ന് വർഗീസ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.സംവിധായകൻ സിദ്ദിഖിന് പിന്നാലെയാണ് ലാലും പാർട്ടിയിൽ അംഗമാകുന്നത്. ലാൽ ഉപദേശക സമിതി അംഗമായി പ്രവർത്തിക്കും. വനിതാ വിങ് യൂത്ത് വിങ്, സീനിയർ സിറ്റിസൺ എന്നിങ്ങനെയാണ് ട്വന്റി 20 നേതൃത്വത്തെ പ്രഖ്യാപിച്ചത്.
ഇന്നു രാവിലെ കൊച്ചിയിൽ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാർട്ടിയിൽ ചേർന്നതായി വർഗീസ് ജോർജ് പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെ ഭർത്താവാണ് വർഗീസ് ജോർജ്. ആദ്യവിവാഹബന്ധം വേർപെടുത്തിയ മറിയ ഉമ്മൻ 2014ലാണ് വർഗീസ് ജോർജിനെ വിവാഹം ചെയ്തത്. പാർട്ടി ഉപദേശകസമിതി അംഗമായാണ് വർഗീസ് ജോർജ് ചാർജെടുത്തത്. ദുബായിലെ ഒരു കമ്പനിയുടെ സിഇഓയായിരുന്ന വർഗീസ് ഈ ചുമതല ഉപേക്ഷിച്ചാണ് പാർട്ടി പ്രവർത്തനത്തിനായി എത്തുന്നതെന്നാണ് വ്യക്തമാക്കിയത്. താൻ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമാണെന്നും എന്നാൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ വലിയ മാറ്റമുണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും വർഗീസ് ജോർജ് പറഞ്ഞു.
രാഷ്ട്രീയത്തിലെ തന്റെ യൂണിവേഴ്സിറ്റിയാണ് ഉമ്മൻ ചാണ്ടി എന്ന് വർഗീസ് ജോർജ് പറഞ്ഞു. എല്ലാവരെയും സമമായി കാണുന്നയാളാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി ഏറെ ബഹുമാനവും പരിചയവും ഉള്ളയാളാണെന്നും അദ്ദേഹത്തോട് താൻ മത്സരിക്കാനില്ലെന്നും വർഗീസ് ജോർജ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് പാർട്ടി അംഗത്വം നൽകിയത്. നടൻ ലാൽ അംഗത്വമെടുത്തതായി അദ്ദേഹം പാർട്ടി ഭാരവാഹികൾ നടത്തിയ വാർത്താ സമ്മേളനത്തിൽ വീഡിയോ സന്ദേശം വഴി അറിയിച്ചു.ലാലിനെ ഉപദേശകസമിതി അംഗമാക്കുന്നുവെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് പ്രഖ്യാപിച്ചു. ലാലിന്റെ മകളുടെ ഭർത്താവ് അലൻ ആന്റണിയും പാർട്ടിയിൽ ചേർന്നു. അലൻ ആന്റണിയെ യൂത്ത് വിങ് പ്രസിഡന്റാക്കാനാണ് പാർട്ടി തിരുമാനിച്ചിരിക്കുന്നത്.
മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് സാബു ജേക്കബ്
ട്വന്റി ട്വന്റിയുടെ പിന്തുണയില്ലാതെ ആർക്കും ഭരിക്കാനാകാത്ത സാഹചര്യമുണ്ടായാൽ, നാടിന് നന്മ ചെയ്യാൻ കഴിയുന്ന മുന്നണിക്ക് ഉപാധികളോടെ പിന്തുണ നൽകുമെന്ന് ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായും ട്വന്റി 20 സഹകരിക്കില്ലെന്നും വരുന്ന മന്ത്രിസഭയുടെ ഭാഗമാകില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്നു. രണ്ട് മുന്നണികൾക്കും ജനങ്ങളോട് പറയാവുന്ന ഒന്നും കാര്യമായിട്ടില്ല. വളരെ ശൂന്യമായാണ് ഇരുമുന്നണികളും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സാബു ജേക്കബ് പറഞ്ഞു. എറണാകുളത്തെ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി 20 മത്സരിക്കുന്നത്. ഇതിൽ അഞ്ച് മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം ട്വന്റി ട്വന്റിക്കുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ