- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഷിഖ് അബുവും പൃഥിരാജും പിന്മാറിയെങ്കിലും വാരിയംകുന്നൻ എന്ന ചിത്രം ഉപേക്ഷിക്കില്ലെന്ന് കോമ്പസ് മൂവീസ്; വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെയും മലബാർ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതർഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കും; സിനിമ രണ്ടു ഭാഗമായി എത്തുമെന്നും പ്രഖ്യാപനം
തിരുവനന്തപുരം: ആഷിഖ് അബുവും പൃഥിരാജും പിന്മാറിയെങ്കിലും വാരിയംകുന്നൻ എന്ന ചിത്രം ഉപേക്ഷിക്കില്ലെന്ന് നിർമ്മാണ കമ്പനിയായ കോമ്പസ് മൂവീസ്. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെയും മലബാർ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതർഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കും. ഈ സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനം.
ആ ദിശയിൽ വിപുലമായ പിന്നണിപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും പത്രക്കുറിപ്പിൻ കോമ്പസ് മൂവീസ് എംഡി സിക്കന്തർ അറിയിച്ചു.
പത്രക്കുറിപ്പിന്റെ പൂർണരൂപം-
2020 ജൂൺ മാസം 22ന് പ്രഖ്യാപിക്കപ്പെട്ട വാരിയംകുന്നൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകളോടുള്ള കോമ്പസ് മൂവീസിന്റെ ഔദ്യോഗിക പ്രതികരണമാണിത്.കോമ്പസ് മൂവീസ് വാരിയംകുന്നൻ എന്ന സിനിമാപദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വർഷത്തോളമായി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥനമാക്കി ഒരു സിനിമ നിർമ്മിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്.
ഇത് മനസിലാക്കി തന്നെയാണ് ഈ പദ്ധതിക്ക് ഞങ്ങൾ തുടക്കം കുറിച്ചത്. ബ്രിട്ടീഷ് അധിനിവേശത്തിനും ജാതീയതയിൽ ഊന്നിയ ജന്മത്താധിപത്യത്തിനുമെതിരെ പോരാടി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വിപ്ലവത്തിന്റെ കഥയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം. അത് ചലച്ചിത്രമായി അവതരിപ്പിക്കുമ്പോൾ രാഷ്ട്രീയ ഉത്തരവാദിത്തംപോലെ തന്നെ പ്രസക്തമാണ് കലാപരമായ ചുമതലാബോധവും. ആ ഉറച്ച ബോധ്യത്തിൽ തന്നെയാണ് ഈ പദ്ധതി അർഹിക്കുന്ന കലാമേന്മയോടെയും സാങ്കേതികത്തികവോടെയും തന്നെ സാക്ഷാത്കരിക്കപ്പെട്ടണം എന്ന നിഷ്കർഷത ഞങ്ങൾ വച്ചു പുലർത്തിയത്.
അതിനായി ഇന്ത്യയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരുമായും താരങ്ങളുമായും ഈ പദ്ധതി വിവിധഘട്ടങ്ങളിൽ ധാരണയായിട്ടുണ്ട്. അങ്ങനെ സാധ്യമായ ഒരു കൂട്ടുകെട്ടിൽ നിന്നാണ് 2020 ജൂൺ മാസം 22ന് ഈ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രഖ്യാപനം സംഭവിക്കുന്നത്. തുടർന്ന് ചില ദൗർഭാഗ്യകരമായ സാഹചര്യങ്ങളാൽ, പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടിൽ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജിനും മാറിനിൽക്കേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട വാർത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകളെ ദൂരീകരിക്കാനാണ് ഈ കുറിപ്പ്.
കോമ്പസ് മൂവീസ് വാരിയംകുന്നൻ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവർത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെയും മലബാർ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതർഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനം. ആ ദിശയിൽ വിപുലമായ പിന്നണിപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മറുനാടന് മലയാളി ബ്യൂറോ