കൽക്കി: ഹോളിവുഡ് സ്റ്റൈലിൽ ഒരു ചെറു സിനിമ സൂപ്പർമാൻ, സ്പൈഡർമാൻ സിനിമകൾ കാണുന്ന പ്രതീതിയിൽ ഒരു ഇന്ത്യൻ ഷോർട്ട് ഫിലിം അതും മലയാളത്തിൽ നിന്ന്. ഹോളിവുഡ് സിനിമയുടെ കാഴ്ചാ വിസ്മയം നൽകുന്ന കൽക്കി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിലും ഇടം നേടി. പുലിവാൽ മുരുകൻ എന്ന ചെറു സിനിമയിലൂടെ തരംഗമായ ആനന്ദ് ബോധ് ആണ് കൽക്കിയുടെ സംവിധാനവും രചനയും വിഎഫ്എക്സും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്.

ആനന്ദ് ബോധ് തന്നെ ചിത്രത്തിലെ ഹീറോ. നഗരത്തിൽ അക്രമം അഴിച്ചുവിടുന്ന വില്ലനെ കീഴ്പ്പെടുത്താൻ മാന്ത്രികൻ തന്റെ കൈവശമുള്ള അത്ഭുതശക്തിയുള്ള മോതിരം ഉപയോഗിച്ച് യുവാവിന് ഒരു സൂപ്പർഹീറോ പരിവേഷം നൽകുന്നു. യുവാവ് വില്ലനെ തോൽപ്പിക്കുന്നതാണ് കൽക്കിയുടെ ഇതിവൃത്തം.

വിഎഫ്എക്സ് ഉപയോഗിച്ച് അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും അനിമേഷൻ ഭാഗങ്ങളും മാസ്മരികമായ എഡിറ്റിങുമാണ് കൽക്കിയുടെ ഹൈലൈറ്റ്സ്. പട്ടാമ്പി സ്വദേശിയായ ആനന്ദ് ബോധ് ദുർബലമായ സാമ്പത്തിക ചുറ്റുപാടിലാണ് ചിത്രം പുറത്തിറക്കിയത്. ആനന്ദ് ബോധ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.


ഇന്ത്യൻ സിനിമയിൽ ബോയ്സിലും അന്യനിലും മാത്രം ഉപയോഗിച്ചിട്ടുള്ള മെട്രിക് ഷോട്ടുകൾ കൽക്കിയിൽ ഉപയോഗിച്ചിട്ടുണ്ടല്ലോ ?

അതെ ഇന്ത്യൻ സിനിമയിൽ ബോയ്സിലും അന്യനിലും മാത്രമേ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമയിൽ ഉപയോഗിക്കുന്ന ബുള്ളറ്റ് ടൈം അല്ലെങ്കിൽ മെട്രിക് ഷോർട്ട് സിംഗിൾ ക്യാമറ ഉപയോഗിച്ചാണ് ഞങ്ങൾ ഷൂട്ടുചെയ്തിരിക്കുന്നത്. ഇതിനായി 100 ഓളം ക്യാമറകളാണ് ഹോളിവുഡ് സിനിമകളിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഇത്ര ഗ്രാഫിക്സ് ഉപയോഗിച്ച് ഒരു സൂപ്പർഹീറോയെ സൃഷ്ടിച്ച ഒരു ഷോർട്ട് ഫിലിം വേറെ ഉണ്ടാകില്ല. അത് കൽക്കിയാണെന്നാണ് മനസിലാക്കുന്നത്. 45 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം രണ്ടുഭാഗങ്ങളായാണ് യൂടൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

നിധിൻ തളിക്കുളം, താഹിർ പട്ടാമ്പി, അജി റെയിൻ ഡ്രോപ്സ് ഇവരാണ് മെയിൻ ക്യാമറ. സെക്കൻഡ് ഷെഡ്യൂളിൽ ഷിഹാബ്, ഹനീഷ്, പ്രദീപ് എന്നവരാണ് ക്യാമറ. പിന്നെ നിർമ്മാണം വലിയ തോതിലൊന്നും എത്താൻ കഴിഞ്ഞില്ല. നിർമ്മാതാവ് രാജീവ് പനയ്ക്കൽ സഹായംചെയ്തിട്ടുണ്ട്. മലയിൽ സ്റ്റുഡിയോ, മാസ്‌ക് പ്രൊഡക്ഷൻസ് , എന്റെ നാട്ടുകാരും സഹായിച്ചിട്ടുണ്ട്. ഇതിൽ വില്ലനായി അഭിനയിച്ചിരിക്കുന്നത് ദേവദാസ് ബോധി എന്റെ അച്ഛനാണ്. ശശി കൊളപ്പുള്ളി, കരിഷ്മ പ്രേം, സോണി ഇങ്ങനെ 116 ഓളം പേർ ഈ ഷോർട്ട് ഫിലിമിൽ വന്നുപോകുന്നുണ്ട്.

ആനന്ദ് ബോധ് സംവിധാനം ചെയ്ത പുലിവാൽ മുരുകൻ വൈറൽ ആയിരുന്നല്ലോ ?

ലാലേട്ടന്റെ പുലിമുരുകൻ കണ്ടതിന്റെ ആവേശത്തിൽ ചെയ്തതാണ് പുലിവാൽ മുരുകൻ. ഏഴുമിനിറ്റ് ദൈർഘ്യമുള്ള പുലിവാൽ മുരുകൻ വൈറലായിരുന്നു. അത് കണ്ട് ലാലേട്ടനും അഭിനന്ദിച്ചു. പുലിമുരുകന്റെ പ്രൊമോഷൻ എന്ന രീതിയിലാണ് ലാലേട്ടൻ ഇതിനെ കണ്ടത്. ലാലേട്ടൻ കണ്ടപ്പോൾതന്നെ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു പുലിവാൽമുരുകൻ കണ്ടുവെന്നും കൊള്ളാമെന്നും. ആ സമയത്ത് കോഴിക്കോട് നിന്ന് ഒരു കലാകാരൻ അദ്ദേഹത്തന്റെ ഒരു നാടകം ലാലേട്ടന്റെ മുന്നിൽ അവതരിപ്പിക്കാൻവന്നു. അതിൽ ലാലേട്ടനെയും കഥാപാത്രമാക്കിയിരുന്നു. എനിക്കും ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ അവസരംകിട്ടി. അതൊരുവലിയ ഭാഗ്യമായി. ചാൻസ് എന്ന ഷോർട്ടു ഫിലിമും ഒരു മ്യൂസിക് വീഡിയോയും ഞാൻ മുൻപ് സംവിധാനംചെയ്തിട്ടുണ്ട്.

അഭിനയിക്കാനണോ സംവിധാനം ചെയ്യാനാണോ ആഗ്രഹം ?

അഭിനയം തന്നെയാണ് ലക്ഷ്യം. അഭിനയിക്കാൻ വേണ്ടിയാണ് ഞാൻ സിനിമയിൽവരുന്നത്. ചില സിനിമകളിൽ ചെറിയവേഷങ്ങളിൽ അഭിനയിച്ചു. എന്നാൽ വളരെമെലിഞ്ഞ ശരീരമുള്ള എന്നെ കാണുമ്പോൾ പലരും ഗൗനിച്ചില്ല. ചെല്ലുമ്പോൾ തന്നെ അവരെ ആകർഷിച്ചില്ല. എന്നെകൊണ്ട് എന്തുചെയ്യാനാകും. അവരെ പറഞ്ഞിട്ടു കാര്യമില്ല. പിന്നെ സംവിധായകനും എഡിറ്ററും ഒരുമിച്ചിരിക്കുന്ന സ്റ്റുഡിയോ ഉണ്ടെന്ന് ഞാൻ മനസിലാക്കി.

അങ്ങനെ ഞാൻ തൃശൂർ ചേതനയിൽ എഡിറ്റിങ് പഠിക്കാൻ ചേർന്നു. തീവണ്ടിയുടെ ക്യാമറമാൻ ഗൗതം ശങ്കർ, പവി കെ പവൻ ഞങ്ങളെല്ലാവരും ഒരേ ബാച്ച് ആയിരുന്നു. മനസ് നിറയെ അഭിനയം ആയതിനാൽ ഞാൻ ആവശ്യത്തിനുമാത്രം എഡിറ്റിങ് ഉപയോഗിച്ചു. കുറച്ച് ഗ്രാഫിക്സ് പഠിച്ചു. എല്ലാം ആവശ്യത്തിന് എടുക്കുന്നു. എഡിറ്റിംഗും ഡയറക്ഷനും ഞാൻ ട്യൂൾ ആയി ഉപയോഗിക്കുന്നു. കൂടാതെ വൈറൽ 2019 എന്ന ജനകീയസിനിമയുടെ എട്ട് സംവിധായകന്മാരിലൊരാളായി ഞാൻ ഉൾപ്പെട്ടിട്ടുണ്ട്. മേജർ രവിസാറാണ് അത് അനൗൺസ് ചെയ്തത്.

സിനിമ സ്വപ്നം കണ്ടു നടന്ന നാളുകൾ ?

സിനിമയെ ഞാൻ ആദ്യം സ്നേഹിക്കുന്നത് ടെലിവിഷനിലൂടെയാണ്. ചെറുപ്പത്തിൽ ഞാൻ വിചാരിച്ചിരുന്നത് ടെലിവിഷനിൽ കാണുന്നത് വേറെ നാട്ടിലെ ആരുടേയോ കഥ ആണെന്നാണ്. അതുപോലെ എന്നെയും അവർ കാണുന്നുണ്ടന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് ഞാൻ കരയുന്നതും നടക്കുന്നതും ഞാൻ സ്റ്റൈൽ ആയി കരയാൻ ശ്രമിക്കും. വേറെ ആരോ എന്നെ കാണുന്നുണ്ടല്ലോ. ഞാൻ ആദ്യം പോയി കണ്ട സിനിമ ഗാന്ധർവമാണ്.

അഭിനയത്തിനു പ്രചോദനമായ സിനിമകൾ, നടന്മാർ ?

അന്നും എന്നും ഇന്നും അഭിനയത്തോടാണ് അഭിനിവേശം. സിബിമലയിൽ - ലോഹിസാർ ടീമിന്റെ കിരീടമൊക്കെ എനിക്ക് വല്ലാതെ പ്രചോദനം നൽകിയ സിനിമയാണ്. മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് പ്രചോദനം. ഇവരുടെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. കമൽഹാസനും എന്റെ ഇഷ്ടപ്പെട്ട താരമാണ്. എന്നെ നായകനാക്കി ആരും സിനിമ എടുത്തോളണമെന്നില്ല. അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. എന്റെ ശരീരത്തിന്റെ പ്രകൃതി അങ്ങനെയാണ്.

പിന്നെ എനിക്ക് മനസിലായി ഒരു മികച്ച സംവിധായകനുണ്ടെങ്കിൽ ശരീരം വിഷയമല്ല. ധനുഷിനെ നോക്കു. എത്ര സിനിമകളിൽ അഭിനയിച്ചു. ഇന്ത്യയിലെ മികച്ച നടനായില്ലേ. അതുകൊണ്ട് കൽക്കിയിൽ ഞാൻ എന്റെ പരിമിധി മറികടക്കാൻ ഒരു സൂപ്പർഹീറോയെ സൃഷ്ടിച്ചു. കൽക്കിയിലെ ഹീറോയായി ഞാൻ തന്നെ അഭിനയിച്ചു. കൽക്കി ചെയ്തുകഴിഞ്ഞപ്പോൾ എന്നെ നായകനാക്കി കുറേപേർ ഷോർട്ടു ഫിലിമുകൾ ചെയ്യാൻ വരുന്നു. അവയിലൊന്നാണ് ഗാങ്സ്റ്റാ.