- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സിപിഎം കോഡൂർ ലോക്കൽ സമ്മേളന പോസ്റ്ററിൽ ചെഗുവേരയില്ല; പകരം വാരിയംകുന്നന്റെ വ്യാജ ചിത്രം! വിവാദത്തിൽ പെടുന്നത് വ്യാജ തിരുകേശത്തിൽ കാന്തപുരത്തെ എയറിൽ നിർത്തിയവർ; മോൺസന്റെ ചെമ്പോല ശാസനം പോലെ മലബാർ കലാപ നായകന്റെ ഫോട്ടോയും; മറ്റൊരു കമ്മാരസംഭവമായി വാരിയൻ കുന്നൻ ചിത്രവും!
'ഗർഭിണികളുടെ വയറുകീറി കുട്ടികളെ പുറത്തെറിഞ്ഞ് കൊല്ലുക, ആളുകളെ ജീവനോടെ തൊലിയുരിച്ച് കൊല്ലുക, ബന്ദികളെക്കൊണ്ട് അവനവന്റെ ശവക്കുഴി കുഴിപ്പിച്ച് അതിലേക്ക് വെട്ടിയിടുക, സ്ത്രീകളെ പരസ്യമായി ബലാൽത്സഗം ചെയ്യുക , ആയിരക്കണക്കിന് ആളുകളെ കൂട്ടമായി മതം മാറ്റുക, കൂട്ടാക്കാത്തവരുടെ തലവെട്ടുക, അർദ്ധ പ്രാണനായ ആളുകളെ കിണറ്റിലെറിയുക'... ഇതെല്ലാം കേട്ടിട്ട് ഉത്തരേന്ത്യയിൽ എവിടെയോ നടന്ന കലാപത്തിന്റെ വിവരമാണെന്ന് ധരിക്കാൻ വരട്ടെ. ഒരു നൂറ്റാണ്ടുമുമ്പ് നമ്മുടെ ഈ നാട്ടിൽ നടന്ന മലബാർ കലാപത്തിലെ ക്രൂരതകൾ ''''The Moplah Rebellion, 1921' എന്ന പുസ്തകത്തിൽ തരം തിരിച്ചിരിക്കുന്നത് ഇങ്ങനെയാണ്!
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ബാലത്സഗം ചെയ്യപ്പെട്ട ഒരു സ്ത്രീകളുടെ സമ്മേളനം നടന്നത് 1924ൽ നിലമ്പൂരിലാണ്. ഇന്ന് സ്വാതന്ത്ര്യസമാണെന്ന് പറയപ്പെടുന്ന മാപ്പിള കലാപത്തിന്റെ ഇരകൾ ആയിരുന്നു അവർ. ഗാന്ധിജിയും, ആനിബസന്റും, കുമാരനാശാനും, ഡോ. അംബേദ്ക്കറും അടക്കമുള്ള പ്രമുഖർക്ക് അന്ന് നടന്നത് ഒരു കലാപം തന്നെയാണെന്നതിന് യാതൊരു സംശയവും ഇല്ലായിരുന്നു. പക്ഷേ അതിൽ ബ്രിട്ടീഷ് വിരുദ്ധതയും സാമ്രാജ്യത്വ വിരുദ്ധതയും ഒക്കെ ഉണ്ടായിരുന്നു എന്നതും വസ്തുതയാണ്. അതുകൊണ്ട് മാത്രം 1921ലെ മാപ്പിള കലാപം വിശുദ്ധമാകുന്നില്ല. കർഷക സമരം മാത്രം ആവുന്നില്ല.
ഈ കൊലകൾക്കും അക്രമങ്ങൾക്കുമെല്ലാം നേതൃത്വം കൊടുത്തെന്ന് പറയുന്ന, ചരിത്രത്തിൽ ഡാർക്ക് ഷെയ്ഡുകൾ ഒരുപാടുള്ള ഒരു വ്യക്തിയുടെ പേരിൽ വന്ന ഒരു ചിത്രം, ഒരു വിഭാഗം ഇപ്പോൾ ആഹ്ലാദമാക്കുകയാണ്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം കിട്ടിയെന്ന് പറഞ്ഞ് ജമാഅത്തെ ഇസ്ലാമിക്കാർ മുതൽ നക്സലൈറ്റുകൾവരെ ധ്രതൃംഗപുളകിതർ ആവുകയാണ്. എന്തിന് അവരെ മാത്രം പറയുന്നു.
സിപിഎമ്മിന്റെ ബ്രാഞ്ച്- ലോക്കൽ സമ്മേളനങ്ങളിൽ മലപ്പുറത്ത് ഇപ്പോൾ വ്യാപകമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്ത ഈ വാരിയം കുന്നന്റെ പടം വെക്കുകയാണ്. കമ്മാര സംഭവം എന്ന ദിലീപ് ചിത്രമാണ് ഇതു കാണുമ്പോൾ ഓർമ്മവരുന്നത്. ചരിത്രത്തെ ഇങ്ങനെയൊക്കെ വളച്ചൊടിക്കാൻ കഴിയുമോ.
പുതിയ ചിത്രം കണ്ടെത്തിയ കഥ
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉൾപ്പെടുത്തിയുള്ള ജീവചരിത്രം കഴിഞ്ഞ ആഴ്ചയാണ് മലപ്പുറത്ത് പ്രകാശനം ചെയ്യപ്പെട്ടത്. 'സുൽത്താൻ വാരിയം കുന്നൻ' എന്ന് പേരിട്ട പുസ്തകം രചിച്ചത് തിരക്കഥാകൃത്ത് കൂടിയായ റമീസ് മുഹമ്മദ് ആണ്. ( ആഷിക്ക് അബു പൃഥ്വീരാജിനെ നായകനാക്കി വാരിയം കുന്നൻ എന്ന ചിത്രം അനൗൺസ് ചെയ്തപ്പോൾ ആദ്യം തിരക്കഥാ ടീമിൽ ഉണ്ടായിരുന്നു ആളാണ് റമീസ്. അതോടെ ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിച്ച് ഇയാൾ മുൻകാലത്ത് ഇട്ട പല പോസ്റ്റുകളും ചിലർ കുത്തിപ്പൊക്കി. അതോടെ ആഷിക്ക് അബു റമീസിനെ മാറ്റി നിർത്തുകയായിരുന്നു. ) ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് റമീസ് പറയുന്നത്. 1922 ജനുവരി 14 ന് ഗാർഡിയൻ ദിനപത്രം പ്രസിദ്ധീകരിച്ച വാരിയം കുന്നന്റെ ചിത്രം എന്ന പേരിലാണ് ഫോട്ടോ അവതരിപ്പിക്കപ്പെട്ടത്. അതേ വർഷം തന്നെ സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനും ചിത്രം പ്രസിദ്ധീകരിച്ചതായി റമീസ് അവകാശപ്പെട്ടു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിക്കാൻ ശ്രമം തുടങ്ങിയത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയം കുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം പറയുന്നു.
പക്ഷേ ഇവിടെ നിർണ്ണയകമായ ചില തെറ്റുകൾ ഗ്രന്ഥ കർത്താവ് ചെയ്തു. ചരിത്രഗ്രന്ഥം എന്നനിലക്ക് ആ മാഗസിനിലെ വാരിയംകുന്നന്റെ ഫോട്ടോ പ്രസിദ്ധീകരിച്ച പേജ് പുസ്തകത്തിൽ നൽകേണ്ടിയിരുന്നു. ചരിത്ര രചനക്ക് വേണ്ടത് കൃത്യമായ തെളിവുകളാണ് എന്ന അടിസ്ഥാന തത്വം അവർ മറുന്നു. പക്ഷേ ആ മാഗസിൻ തന്റെ പക്കൽ ഉണ്ടെന്ന് ഗ്രന്ഥകാരൻ പുസ്തകത്തിൽ എഴുതുകയും ചാനൽ അഭിമുഖത്തിൽ പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒറിജിനൽ പുസ്തകം പുറത്തുവിട്ടിട്ടില്ല.
1973 ൽ പ്രസിദ്ധീകരണം നിലച്ച മാഗസിന്റെ കോപ്പി ഫ്രഞ്ചുകാരനായ ഇന്നസെന്റ് ജൗലിൻ എന്നൊരാളുടെ കൈയിലുണ്ടായിരുന്നുവെന്നും അയാളിൽ നിന്നാണ് ഇത് സംഘടിപ്പിച്ചതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഏതാണ്ട് 50 വർഷത്തിന് മുമ്പ് പ്രസിദ്ധീകരണം നിർത്തിയ മാഗസിന്റെ നൂറുവർഷം മുമ്പുള്ള കോപ്പി എങ്ങനെ ഇദ്ദേഹത്തിന്റെ കൈയിലെത്തിയെന്നത് സംശയമാണ്. ഇതൊക്കെ ചരിത്രം രചിക്കുമ്പോൾ വിട്ടുപോകാൻ സാധിക്കാത്ത കണ്ണിയാണ്്. ചരിത്രകാരന്റെ പരിശോധന മേശയിൽ വിജയം വരിക്കണമെങ്കിൽ സ്രോതസുകളുടെ വിശദാംശങ്ങൾ കൃത്യമായിരിക്കണം. പക്ഷേ ഇവിടെ മുഴുവൻ അവ്യക്തത ബാക്കിയാണ്.
താടി വളർത്തി മീശ വടിക്കുക എന്ന പൊതുരീതി
വാരിയൻ കുന്നൻ ചിത്രം വ്യാജമാണെന്ന് പറയാനുള്ള പ്രധാനമായ കാരണം അതിൽ ശാസ്ത്രീയമായ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല എന്നതാണ്. ആരെങ്കിലും എന്തെങ്കിലും ഒരു ഫോട്ടോകൊണ്ടുവന്ന് ഇത് ഇന്നയാളാണെന്ന് പറഞ്ഞാൽ അത് ശാസ്ത്രീയവും ചരിത്രപരവുമായ തെളിവ് ആകുന്നില്ല. നിരവധി ഫാൾസിഫിക്കേഷൻ പരിശോധനകൾക്കും, ആർക്കിയോളജിക്കൽ തെളിവുകൾക്കും ശേഷമാണ് ഒരു പൗരാണിക ചിത്രം അത് ഏത് കാലഘട്ടത്തിന്റെത് ആണെന്ന് പോലും തെളിയിക്കപ്പെടുന്നത്. ഇവിടെ ഗ്രന്ഥകർത്താവിന്റെ ഊഹം എന്നല്ലാതെ, നിഷ്പക്ഷരായ ചരിത്രകാരന്മാരുടെയും, പണ്ഡിതരുടെയും, ഫോട്ടോഗ്രാഫി വിദഗ്ധരുടെയും പരിശോധന നടന്നിട്ടില്ല. അത് അങ്ങനെയാവാം ഇങ്ങനെയുമാവാം, ഞാനേ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂവെന്നുള്ളതൊന്നും ശാസ്ത്രീയ രീതിയല്ല.
മാത്രമല്ല സൗഹൃദത്തിന്റെ അടിസ്ഥാനത്തിനുള്ള ഉപദേശം തേടലല്ല അസത്യവത്ക്കരണം. സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ റമീസ് മുഹമ്മദ് പറയുന്നത് തങ്ങളുടെ നിഗമനങ്ങൾ ശരിയാണോ എന്ന് അറിയാൻ കാലിക്കറ്റ് വാഴ്സിറ്റിയിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ കെ.എസ് മാധവന്റെ അടുത്തുചെന്നുവെന്നാണ്. ''ഫോട്ടോ കണ്ട അദ്ദേഹം പറഞ്ഞത് ഇങ്ങനെ. ഈ ഫോട്ടോ കണ്ടാൽ അറിയാം ഇയാൾ വെറുമൊരു നാടൻ മാപ്പിളയല്ല, വിദേശരാജ്യത്തൊക്കെ ജീവിച്ചിരുന്ന ആളാണെന്ന്. കാരണം ഇയാളുടെ ഹെയർകട്ട്, താടിയുടെ സ്റ്റെൽ എല്ലാം നാടൻ സ്റ്റെലിൽ ഉള്ളതല്ല''- ഇങ്ങനെയാണത്രേ മാധവൻ സാറുടെ പ്രതികരണം എന്നാണ് റമീസ് എഴുതുന്നത്. നോക്കുക, എത്ര ബാലിശമായ വാദം. ഇങ്ങനെയാണോ ചരിത്ര തെളിവുകൾ കൊണ്ടുവരുന്നത്. ആന്ത്രപ്പൊളജിക്കലായ പ്രത്യേകതകൾവരെ നോക്കി എടുക്കേണ്ട നിഗമനം എത്ര ലാഘവത്തോടെയാണ് തള്ളിവിടുന്നത്.
അത് വാരിയൻ കുന്നന്റെ ഫോട്ടോ അല്ല എന്ന് സംശയം ഉന്നയിക്കുന്നവർ പറയുന്ന പ്രധാനകാരണവും ഇതുതന്നെയാണ്. ആ ഫോട്ടോ കാലവുമായി ഒന്നുപോകുന്നില്ല .നൂറു കൊല്ലം മുൻപത്തെ മാപ്പിളമാർ തല മൊട്ടയടിച്ചിരുന്നു. ഒരിക്കലും മുടി വളർത്താൻ സാധ്യതയില്ല. പിന്നെ തലയിൽ തൊപ്പിയോ, തലക്കെട്ടോ നിർബന്ധമായും ഉണ്ടാകും. താടി വളർത്തി മീശ വടിക്കുക എന്നതാണ് മാപ്പിള രീതി. മാത്രമല്ല വാരിയൻ കുന്നന്റെത് അല്ല ഒരു മലയാളിയുടേത് പോലുമല്ല അത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഫോട്ടോ കണ്ടെത്തിയെന്ന് പറയുന്ന റമീസ് തനിക്ക് ഇഷ്ടമുള്ള ചിലരെ കാണിച്ചുവെന്നല്ലാതെ നിഷ്പക്ഷരായ ഫോട്ടോഗ്രാഫി വിദഗധ്രോട് അഭിപ്രായം ആരാഞ്ഞിട്ടുമില്ല.
മാത്രമല്ല നമ്മുടെ മോൺസൻ മാവുങ്കലിന്റെ മൂൻഗാമികൾ ലോക ചരിത്രത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. ടൈം മാഗസിനെപ്പോലും കബളിപ്പിക്കുകയും ഹിറ്റ്ലറിന്റെ അപൂർവ ചിത്രങ്ങൾ എന്ന പേരിൽ തട്ടിപ്പ് നടത്തുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ പലരിൽനിന്നും പുരസ്ക്കാരങ്ങൾ തിരിച്ചുവാങ്ങിക്കയും ചെത്തിട്ടുണ്ട്. ഇന്ന് ആപ്പുകൾ ധാരാളമായതോടെ എത് പടവും കൃത്യമമായി സൃഷ്ടിക്കാനും കഴിയും.
വിക്കിപീഡിയ പിൻവലിച്ചത് എന്തുകൊണ്ട്?
ഇപ്പോഴും പല പ്രധാന ചോദ്യങ്ങൾക്കും ചിത്രം പുറത്തുവിട്ടവർക്ക് ഇനിയും മറുപടി പറാൻ ആയിട്ടില്ല. വാരിയംകുന്നന്റേതായി ഇങ്ങനെയൊരു ഫോട്ടോ പ്രസിദ്ധീകരിച്ച 14 ജനുവരി 1922ലെ ദ ഗാർഡിയൻ പത്രത്തിന്റെ പത്രത്തിന്റെ ലിങ്കോ ഇ കോപ്പിയോ അവർക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. 1922ൽ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചു എന്ന് പറയുന്ന സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിന്റെ കോപ്പിയും അജ്ഞാതം. അതിൽ ഏത് മാസം ഏത് ലക്കം എത്രാം പേജിലാണ് ഫോട്ടോ ഉള്ളത് എന്നും വ്യക്തമല്ല. ഈ സാഹചര്യത്തിൽ ഒക്കെയാവണം വിക്കിപീഡിയ ആ ഫോട്ടോ പിൻവലിച്ചിരിക്കയാണ്. സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിന്റെ വിക്കീപീഡിയ പേജിൽ ഇപ്പോൾ ആ ചിത്രമില്ല.
മാത്രമല്ല ഒരാളുടെ പുതിയ പടം കിട്ടിയാൽ പഴയപടം നോക്കി സ്ഥിരീകരിക്കാൻ കഴിയുന്ന സാധ്യതയും ഇക്കാലത്തുണ്ട്. അതുപോലെ എത്രയെത്രയോ ശാസ്ത്രീയ രീതികൾ. എന്നാൽ ഫോട്ടോ പുറത്തുവിട്ടവർ അതിനൊന്നും ശ്രമിച്ചിട്ടില്ല. വിവാദ പുസ്തകത്തിന്റെ ആമുഖത്തിൽ തന്റെ സുഹൃത്ത് വഴി ഫൊറാൻസിക്ക് ഡെൻഡിസ്ട്രി വിദഗ്ധനിൽനിന്ന് ഉപദേശം തേടുന്നുവെന്ന് ഗ്രന്ഥകർത്താവ് പറയുന്നുണ്ട്. അയാൾ പരിശോധിച്ച് ഈ ചിത്രം കൊടിയ മർദനം ഏറ്റ ഒരാളെന്ന ഉപദേശമാണത്രേ നൽകിയത്. ഇത് എത്രപേർക്ക് പൊതുവായി ഉണ്ടാവും. ഇത്കൊണ്ട് മാത്രം എങ്ങനെയാണ് കാര്യങ്ങൾ വാരിയംകുന്നനിലേക്ക് എത്തുക.
മലബാർ കലാപത്തെക്കുറിച്ച് ഏറെ എഴുതിയ സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റും സ്വതന്ത്രചിന്തകനുമായ ഡോ. മനോജ് ബ്രൈറ്റ് ഇങ്ങനെ എഴുതുന്നു. ''ഫോട്ടോ എഡിറ്റിങ്ങ് വ്യാപകമായതോടെ ന്യൂസ് ഫോട്ടോകളിൽ എത്രമാത്രം എഡിറ്റിങ്ങ് ആകാം എന്നതിനെക്കുറിച്ച് ചർച്ചകളും, അതിന്റെ അടിസ്ഥാനത്തിൽ ചില ഗൈഡ് ലൈനുകളും ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും മൂന്നാംകിട ആപ്പിൽ കയറ്റി റെസലൂഷൻ കൂട്ടാൻ എന്ന പേരിൽ ഫോട്ടോ മിനുക്കിയെടുക്കാൻ പാടില്ല, ഫോട്ടോയുടെ ബാക്ഗ്രൗണ്ട് മാറ്റാൻ പാടില്ല. അങ്ങനെ സാമാന്യബുദ്ധിക്ക് ആലോചിച്ചാൽ മനസ്സിലാക്കുന്ന ചില പൊതു നിയമങ്ങളുണ്ട്. ഇപ്പോൾ കാണുന്ന വാരിയൻകുന്നനെ കൊള്ളാവുന്ന ഏത് സ്ഥാപനവും എടുത്ത് പുറത്തെറിയും.
ഇതിന്റെ നൂറിലൊന്ന് ഗൗരവമില്ലാത്ത എഡിറ്റിങ്ങ് നടത്തിയതിന്റെ പേരിൽ അവാർഡ് ജേതാക്കളായ വമ്പൻ ഫോട്ടോഗ്രാഫർമാരെ പോലും പിടിച്ചു പുറത്താക്കിയിട്ടുണ്ട്. ഉദാഹരണം സ്റ്റീവ് മക്കറി.''- ഡോ. മനോജ് ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.
ഗാർഡിയൻ പത്രത്തിന്റെ പേരിൽ കുപ്രചാരണം
വിഖ്യാതമായ ഗാർഡിയൻ പത്രം 1922 ജനുവരി 24 'ദ മാൻ ഹു വുഡ് ബി ദി കിങ്ങ്'
എന്ന പേരിൽ വാരിയൻ കുന്നനെ പ്രകീർത്തിക്കുന്ന ഒരു വിശദമായ വാർത്ത പ്രസിദ്ധീകരിച്ചുവെന്നാണ് ഇപ്പോൾ നടക്കുന്ന മറ്റൊരു തള്ളൽ. സത്യത്തിൽ ഗാർഡിയന്റെ തലക്കെട്ട അല്ല ഇത്്. തലക്കെട്ടിന് താഴെയുള്ള ഉപശീർഷകമാണ്. 'ദി ഗാർഡിയൻ' അന്ന് 'ദി മാഞ്ചസ്റ്റർ ഗാർഡിയൻ' ആയിരുന്നു. മാപ്പിള റെബൽ ചീഫ് ഷോട്ട് ഡെഡ് എന്നാണ് വാർത്തയുടെ തലക്കെട്ട്. 'ഏറനാട്ടിൽ മാപ്പിളരാജ്യം സ്ഥാപിക്കാൻ ശ്രമിച്ച വിമതൻ കുഞ്ഞാമ്മദ് ഹാജിയെയും മറ്റ് ആറുപേരെയും വെടിവച്ചുകൊന്നു' എന്നതാണ് വാർത്ത. ഹാജി ജനുവരി 12ന് പൊലീസിനു കീഴടങ്ങിയെന്നും, ശേഷം മലപ്പുറത്ത് ആയിരുന്നു വിചാരണ നടപടികൾ എന്നുമാണ് ഉള്ളടക്കം.
നോക്കണം, മാപ്പിള കിംങ്്ഡം എന്ന വാക്കുതന്നെയാണ് റോയിട്ടേഴ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗാർഡിയൻ കൊടുത്തിരിക്കുന്നത്. അല്ലാതെ ഇന്ന് വാദിക്കുന്നപോലെ മതേതര രാഷ്ട്രം എന്നല്ല. പിന്നെ 'ദ മാൻ ഹു വുഡ് ബി ദി കിങ്ങ്' എന്ന ഉപശീർഷകം കൊടുത്തത്, അയാളുടെ വിമത പ്രവർത്തനം വിജയിച്ചിരുന്നെങ്കിൽ ആൾ രാജാവാകുമായിരുന്നു എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്. എക്കാലവും ടൈറ്റിൽ ആകർഷവും സെൻസേഷണലും ആക്കുക, മാധ്യമങ്ങളുടെ വിൽപ്പനക്ക് വേണ്ടി കൂടിയാണ്. അല്ലാതെ ഏതോ ഒരു റെബലിനെ വെടിവെച്ചുകൊന്നു എന്ന വാർത്തയിലേക്ക് വായനക്കാരുടെ ശ്രദ്ധ പോകില്ലല്ലോ.
ഇനി ഇതേദിവസം ഇതോടൊപ്പം മറ്റൊരു വാർത്ത കൂടി 'ദി ഗാർഡിയൻ' കൊടുത്തിരുന്നു. ഡിസ്പേഴ്സിങ്ങ് റെബൽ ഗ്യാങ്ങ്സ് എന്നാണ് തലക്കെട്ട്. 'പാർട്ടി വൈപ്പ്ഡ് ഔട്ട് ഇൻ ടെമ്പിൽ ഫൈറ്റ് 'എന്ന് ഉപശീർഷകവും. ''വിമതസംഘങ്ങൾ പിരിഞ്ഞുപോകുന്നു; ക്ഷേത്രത്തിലെ ഏറ്റുമുട്ടലിൽ വിമതസംഘത്തെ തുടച്ചുനീക്കി' എന്നാണ് തർജ്ജമ. വാർത്ത ഇങ്ങനെയാണ്.- 'ജനുവരി 15ന് അവസാനിച്ച ആഴ്ചയിൽ മലബാറിലെ സൈനിക സ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് പ്രകാരം സൈനിക നടപടികൾ അരിക്കിയാടിന്റെ സമീപപ്രദേശങ്ങളിലും ബേപ്പൂർ നദിയുടെ വടക്ക്, വടക്കൻ ഏറനാട്ടിലുമായി ചുരുങ്ങിയിട്ടുണ്ട്. ഇവിടെ വിമത നേതാക്കളായ കൊന്നാറ തങ്ങൾ, അരോക്കർ മുസലിയാർ എന്നിവർ സാമാന്യം പിന്തുണയോടെ ഇപ്പോഴും പുറത്തുണ്ട്. ബാക്കിയുള്ള സംഘങ്ങൾ മിക്കവാറും പിരിഞ്ഞുപോയി. മൂന്ന് നേതാക്കളെ പൊലീസ് പിടികൂടുകയും, കൊലപാതകികളായ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മധ്യ ഏറനാട്ടിലെ വണ്ടൂർ പ്രദേശത്ത് മതഭ്രാന്തോടെ പൊരുതിയ ഒരു സംഘം വിമതരെ ഒരു ക്ഷേത്രത്തിനുള്ളിൽ വച്ച് കൊലപ്പെടുത്തി. ചില സ്ഥലങ്ങളിൽ മാപ്പിളമാർ ഇപ്പോൾ പൊലീസുകാർക്ക് ചില സഹായം ചെയ്യുന്നുണ്ട്. ചില പ്രദേശങ്ങളിലൊഴികെ ചെറിയ തോതിൽ ഹിന്ദുക്കൾ അവരുടെ വീടുകളിലേക്ക് തിരിച്ചുവരുന്നുണ്ട്.''- നോക്കണം മലബാർ കലാപം കൃത്യമായി വർഗീയമായിരുന്നുവെന്ന് തന്നെയല്ലേ ഗാർഡിയന്റെ ഈ റിപ്പോർട്ട് പ്രകാരം വ്യക്തമാവുന്നത്.
കലാപത്തിന് പിന്നിൽ മതഭ്രാന്തെന്ന് ഗാർഡിയനും
ഫെനാറ്റിക്ക് ഫൈറ്റ് എന്ന വാക്കാണ് ഗാർഡിയൻ ഉപയോഗിച്ചിരുന്നത്. ഒരു സംഘം റെബൽസ് എന്തിനാണ് വണ്ടൂരിൽ ക്ഷേത്രത്തിൽ കയറിയത്. പ്രാർത്ഥിക്കാനല്ല ക്ഷേത്രം തകർക്കാൻ തന്നെയാണെന്ന് അന്നത്തെ മറ്റ് തെളിവുകളിൽനിന്ന് വ്യക്തമാണ്. ചില പ്രദേശങ്ങളിൽ ഹിന്ദുക്കൾ തിരിച്ചുവരുന്നുണ്ട് എന്ന് ഗാർഡിയൻ എഴുതുന്നുണ്ട്. ഹിന്ദുക്കൾ തിരിച്ചുവരണമെങ്കിൽ അവർ പലായനം ചെയ്യണം എന്ന് വ്യക്തമാണെല്ലോ. അതായത് ശുദ്ധമായ മതഭ്രാന്ത് തന്നെയാണ് മാപ്പിള കലാപത്തിൽ നടന്നതെന്നും, അത് ഒരിക്കലും സ്വാതന്ത്ര്യസമരം ആയിരുന്നില്ലെന്നും തന്നെയാണ് ഗാർഡിയന്റെ വിലയിരുത്തൽ. പക്ഷേ ഈ ലോകോത്തര പത്രം ഗാർഡിയൻ പത്രം വാരിയൻ കുന്നനെയും മാപ്പിള കലാപകാരികളെയും പുകഴ്ത്തി എഴുതി എന്നാണ് ഇടതു സൈബർ ബുദ്ധിജീവികൾ അടക്കം വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ഇതുസംബന്ധിച്ച് ഏറെ എഴുതിയ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഇങ്ങനെ എഴുതുന്നു. 'പണ്ട് ബി.ബി.സിയിലെ ഒരു വാർത്ത OSAMA BIN LADEN 'INNOCENT' എന്നായിരുന്നു. അത് ബി.ബി.സിയുടെ അഭിപ്രായം ആയിരുന്നില്ല; 1998ലെ ഈസ്റ്റ് ആഫ്രിക്കൻ എംബസി ബോംബിങ്ങിന്റെ സൂത്രധാരനായ ലാദനെക്കുറിച്ചുള്ള താലിബാന്റെ അഭിപ്രായം ആയിരുന്നു! ലാദനെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ കവറിൽ ആ തലക്കെട്ട് കൊടുത്താൽ എങ്ങനെയുണ്ടാവും?. -'OSAMA BIN LADEN 'INNOCENT' - BBC, 21 NOVEMBER 1998. ''. അതായത് കൃത്യമായി ആടിനെ പട്ടിയാക്കൽ ആണ് ഈ വിഷത്തിൽ ഉണ്ടായതെന്ന് വ്യക്തം.
ഡോ മനോജ് ബ്രൈറ്റിന്റെ നിരീക്ഷണം ഇങ്ങനെയാണ്.- ''ഗാർഡിയന്റെ തലക്കെട്ട് അല്പം പരിഹാസത്തിലുള്ളറ്റാണ് എന്നാണ് എനിക്ക് തോന്നുന്നത്.ദ മാൻ ഹു വുഡ് ബി ദ കിങ്ങ് എന്നത് ബ്രിട്ടീഷ് എഴുത്തുകാരനായ റുഡിയാഡ് കിപ്ലിങ്ങിന്റെ പ്രശസ്തമായ ഒരു പുസ്തകത്തിന്റെ പേരാണ്. ഇത്തരം ചെറിയ വാർത്തകൾ എഴുതുന്ന ലേഖകൻ ഒരു രസത്തിന് അത് അനുകരിച്ചതാകാം. ഇന്നും ടൈറ്റിൽ എഴുതുമ്പോൾ പോപ്പുലർ കൾച്ചർ റഫറൻസ് ഉപയോഗിക്കാറുണ്ട്''.
വലയിരുത്തേണ്ടത് വാരിയൻ കുന്നന്റെ ചെയ്തികൾ
അതിനിടെ ഉയരുന്നമറ്റൊരു പ്രധാന ചോദ്യം ഒരു ഫോട്ടോയുടെ പേരിലാണോ വാരിയൻ കുന്നനെ വിലയിരുത്തേണ്ടത് എന്നാണ്. മമ്മൂട്ടിയുടെ മുഖഛായയുള്ള കൂളിങ്ങ് ഗ്ലാസ് വെച്ച് നിൽക്കുന്ന പടം കിട്ടിയാലും വാരിയൻ കുന്നന്റെ ചെയ്തികൾ പൊറുക്കപ്പെടുമോ. ബ്രിട്ടീഷ് വിരുദ്ധൻ ആയിരുന്നു എന്ന ഒറ്റക്കാരണംകൊണ്ട് ഹിന്ദുസമുദായങ്ങൾക്ക് നേരെ വാരിയൻ കുന്നന്റെ നേതൃത്വത്തിൽ നടന്ന അതിക്രമങ്ങൾ സാധൂകരിക്കാൻ കഴിയമോ. മാത്രമല്ല കലാപത്തിനിടെ അൽപ്പകാലം വാരിയൻ കുന്നന് അധികാരം കിട്ടിയപ്പോൾ ഉണ്ടായത് മലയാള് നാട് എന്ന രാഷ്ട്രമായിരുന്നില്ല. ഇസ്ലാമിക നിയമങ്ങൾ പിന്തുടരുന്ന വിശുദ്ധ രാഷ്ട്രമാണ്.
വാരിയൻ കുന്നന് കീഴിൽ അമ്പതിനായിരത്തിൽ കുറയാത്ത അംഗസംഖ്യയുള്ള ഒരു മാപ്പിള സൈന്യവും ഉണ്ടായിരുന്നു.'അള്ളാഹു അല്ലാതൊരു ദൈവവുമില്ല' എന്ന ഷഹാദത് കലിമ അറബിയിൽ രേഖപ്പെടുത്തിയ 'അൽ റയാത് അൽ ഉക്വാബ്' എന്ന പരുന്തിന്റെ കരിങ്കൊടി തന്നെയായിരുന്നു അയാളുടെ പതാകയും. തുർക്കിയിലെ ഖലീഫയെ പ്രതിനിധീകരിക്കുന്ന 'ഫെസ്' എന്ന ചുവന്ന തൊപ്പിയായിരുന്നു അയാളുടെ കിരീടം. ഇതെല്ലാം വിലയിരുത്തുമ്പോൾ ഒരു മതരാഷ്ട്രത്തിന്റെ സ്ഥാപനം മാത്രമാണ് അവിടെ കണ്ടത്. ആർ.എച്ച്. ഹിച്ച് കോക്ക് 1924 ൽ പ്രസിദ്ധീകരിച്ച എ ഹിസ്റ്ററി ഓഫ് മലബാർ റെബല്യൻ എന്ന പുസ്തകത്തിലൊക്കെ ഒരു മതരാഷ്ട്രം ഉണ്ടായാലുള്ള ദുരന്തങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
1921 ഓഗസ്റ്റ് 28 മുതലാണ് സൈനിക തലവൻ കൂടിയായ വാരിയൻ കുന്നന്റെ നേതൃത്വത്തിൽ മാപ്പിള സൈന്യം തിരൂരങ്ങാടിയിൽ നിന്ന് മാർച്ച് ആരംഭിച്ചു. അവർ കടന്ന് പോയ വഴിയിലെ ഹിന്ദു ഭവനങ്ങൾ എല്ലാം ആക്രമിക്കപ്പെട്ടു. ഇല്ലങ്ങളും കോവിലകങ്ങളും കൊള്ളയടിക്കപ്പെടുകയും, ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും, പുരുഷന്മാർ കൊല്ലപ്പെടുകയോ മതം മാറ്റപ്പെടുകയോ ചെയ്യുകയും ചെയ്തു. ചങ്കുവെട്ടിയും വെട്ടന്നൂരുമൊക്കെ ആ മാർച്ചിന്റെ ഓർമ നിലനിർത്തുന്ന മലപ്പുറത്തെ സ്ഥലനാമങ്ങളാണ്. നാല്പത് പേരെ അരിഞ്ഞു തള്ളി തൂർത്ത തുവ്വൂർ കിണർ മറവികളോട് കലഹിക്കുന്ന ആ സ്മരണകളുടെ അടയാളവുമാണ്.
പിന്നെ ആറു മാസം സുൽത്താൻ വാരിയം കുന്നന്റെയും അയാളുടെ മാപ്പിള സൈന്യത്തിന്റെയും തേർവാഴ്ചയാണ്. അവരുടെ മാർച്ചിൽ തിരൂരങ്ങാടി മുതൽ നിലമ്പൂർ വരെയുള്ള ഇല്ലങ്ങളും മനകളും തറവാടുകളും കോവിലകങ്ങളും എല്ലാം തകർന്നടിഞ്ഞു തരിപ്പണമായി. നമ്പൂതിരിമാരും നായന്മാരുമെല്ലാം ജന്മികൾ എന്ന പേരിൽ കൊല ചെയ്യപ്പെട്ടു. തീയരും പുലയരുമെല്ലാം ജന്മികളുടെ ചാരന്മാരും സഹായികളും എന്ന പേരിലും കൊല ചെയ്യപ്പെട്ടു. മതമാറാൻ കൂട്ടാക്കാത്ത തീയർമ്മാരും കൊല്ലപ്പെട്ടുവെന്ന് കോടതി രേഖകളിൽ കാണുന്നു. അതായത് സവർണ്ണ ജന്മിമാർക്ക് എതിരായ കർഷക കലാപം മാത്രമല്ല അവിടെ നടന്നത്. സ്ത്രീകൾ ജാതി ഭേദമന്യേ മാനഭംഗത്തിന് ഇരകളായി. മതം മാറാൻ കൂട്ടാക്കാത്ത മനുഷ്യരെല്ലാം മരിക്കുകയോ പലായനം ചെയ്യുകയോ ചെയ്തു. അങ്ങാടികളെല്ലാം ശവപ്പറമ്പുകളായി.കിണറുകൾ തോറും ജഡങ്ങൾ ചീഞ്ഞഴുകി.
1921 സിനിമയിൽ ഹീറോകളായി ചിത്രീകരിക്കുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ചെമ്പ്രശ്ശേരി തങ്ങളും അടക്കമുള്ളവർ കലാപകാരികളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ വസിക്കുന്നവരിൽ ഇസ്ലാം മതം സ്വീകരിക്കാത്ത എല്ലാ ഹിന്ദുക്കളേയും കൊല്ലണം എന്ന് തീരുമാനിച്ചവരിൽ ഉണ്ടായിരുന്നു. ഹിന്ദുക്കൾ അവരുടെ സ്വന്തം ശവക്കുഴി കുഴിക്കാൻ നിർബന്ധിക്കപ്പെട്ട സംഭവങ്ങളും, പട്ടാളത്തിനു പാൽ നൽകിയ ഒരു ഹിന്ദുവിനെ ജീവനോടെ തൊലിയുരിച്ചതുമെല്ലാം രേഖകളിൽ ഉണ്ട്. അരക്കു കീഴ്പ്പോട്ട് തൊലിയുരിച്ചു കളഞ്ഞും, രണ്ടു കാലുകളും മുറിച്ചു കളഞ്ഞുമൊക്കെ പലരെയും കൊന്നുകളഞ്ഞതായും പത്ര റിപ്പോർട്ടുകളും രേഖകളും ഉണ്ട്.
ബ്രിട്ടീഷുകാർ തിരിച്ചടിക്കുന്നത് 1921 ഡിസംബറോടു കൂടിയാണ്. അപ്പോഴേക്കും രാജ്യത്താകെ ഉള്ള ഖിലാഫത് പ്രസ്ഥാനം ദുർബലമായി കഴിഞ്ഞിരുന്നു. 1921 ഡിസംബർ അവസാനം മുതൽ 1922 ജനുവരി ആദ്യം വരെയുള്ള ദിവസങ്ങളുടെ സമയം കൊണ്ട് മാപ്പിള കലാപത്തെ അടിച്ചമർത്തിയത്.
ചിത്രത്തിന് പിന്നിലെ അജണ്ടയെന്താണ്?
പക്ഷേ വാരിയൻകുന്നന്റെ സ്ഥിരീകരിക്കാത്ത ചിത്രത്തിന് ഇസ്ലാമിക മൗലികവാദ ഗ്രൂപ്പുകളിൽനിന്നും ഇടതുപക്ഷ ഗ്രൂപ്പുകളിൽനിന്നും കിട്ടിയ വൻ സ്വീകാര്യതയാണ് അത്ഭുദപ്പെടുത്തുന്നത്. ഫേസ് ബുക്ക് സ്റ്റോറികളിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും ആ ചിത്രം നിറഞ്ഞു കവിയുന്നു. ഈ അമിതാഹ്ലാദം ചരിത്രത്തോടുള്ള താൽപ്പര്യമോ അതോ ഉറങ്ങിക്കടക്കുന്ന ജിഹാദി മനസ്സോ എന്നതാണ് ഭീതിപ്പെടുത്തുന്നത്.
എഴുത്തുകാരും മാധ്യമ പ്രവർത്തകനുമായ പി.ടി മുഹമ്മദ് സാദിഖ് ഇങ്ങനെ നിരീക്ഷിക്കുന്നു. '' വാരിയൻ കുന്നൻ മലപ്പുറത്തിന്റെ വികാരമാണ് എന്നുവരെ എഴുതിവെച്ച സ്റ്റാറ്റസുകൾ കണ്ടു. മലപ്പുറത്തെ മുസ്ലിംകളെ ഒറ്റുകൊടുക്കുന്ന ഒരു പ്രസ്താവനയാണ് അത്. അങ്ങിനെ ഒരു വികാരമായി വാരിയൻകുന്നനെ അവതരിപ്പിക്കുന്നവരുടെ ചേതോവികാരമെന്താണ്? മുസ്ലിമിന്റെ മതവികാരവും സമരവീര്യവും ആളിക്കത്തിച്ചു നിർത്തേണ്ട ആവശ്യകതയുള്ള ഒരു കൂട്ടർ കേരളത്തിൽ പതുക്കെ ശക്തിപ്രാപിച്ചി വരുന്നുണ്ട്. അവരുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. വാരിയൻകുന്നന്റെ ചിത്രം കണ്ട ശേഷം ഉറങ്ങാൻ പറ്റുന്നില്ലെന്ന സ്റ്റാറ്റസുകൾ കണ്ടു. അത്രമേൽ വൈകാരികമായി ചിലർ അതിനെ കാണുന്നുണ്ടെങ്കിൽ ഈ അജണ്ട ആസുത്രണം ചെയ്തവർ തുടക്കത്തിലേ വിജയിച്ചിരിക്കുന്നു. ഹമീദ് ചേന്ദമംഗല്ലൂർ മുമ്പ്് എഴുതിയതു പോലെ ഇതും ഒരുതരം ബൗദ്ധിക ജിഹാദാണ്. ഈ വികാര ജീവികളുടെ വീടുകളിലും മറ്റും ഇനി വാരിയൻകുന്നന്റെ ചിത്രം തൂക്കിയിടുമായിരിക്കും. ആ ചിത്രം ഏതു സന്ദേശമാകും ഒരു സമൂഹത്തിനു നൽകുക. ആവേശക്കൊടുമുടിയിൽ, അവർ പ്രവാചകനെ പോലും മറന്നു പോയേക്കാം. അവർക്ക് ആരാധിക്കാൻ ഒരു വീരപുരുഷന്റെ ചിത്രംകിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലബാർ കലാപത്തിന്റെ ഭാഗധേയം എന്തായിരുന്നു എന്നു അന്വേഷിക്കുന്ന ചരിത്ര കൗതുകമല്ല ഇവരെ നയിക്കുന്നത് എന്നു തീർച്ചയാണ്.
ഒന്നുകിൽ വിജയം അല്ലെങ്കിൽ മരണം എന്നതു ജിഹാദിന്റെ അടിസ്ഥാന മുദ്രാവാക്യമാണ്. അതാണ് ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദി പുസ്തകത്തിൽ എഴുതിവച്ചിട്ടുള്ളത്. അതാണ് മുസ്ലിം ബ്രദർഹുഡ് നേതാവ് സയ്യിദ് ഖുതുബ് ഈജിപ്ത്യൻ ഭരണകൂടത്തിന്റെ വധശിക്ഷക്ക് സ്വയം വിധേയനായി പ്രാവർത്തികമാക്കിയത്. അതാണ് ഖിലാഫത്ത് നേതാവ് മൗലാനാ മുഹമ്മദലി വട്ടമേശ സമ്മേളനത്തിൽ ബ്രിട്ടിഷ് ഭരണാധികാരികളോട്, ഒന്നുകിൽ സ്വാതന്ത്ര്യം അല്ലെങ്കിൽ ആറടി മണ്ണ് എന്ന് പറഞ്ഞത്. അതുതന്നെയാണ് ബ്രിട്ടീഷുകാരുടെ തോക്കുകൾക്കു നേരെ വാരിയൻ കുന്നൻ സധീരം പ്രഖ്യാപിച്ചത്. അപ്പോൾ, ചാവേറുകളോളം ചെന്നെത്തുന്ന മുസ്ലിംകളുടെ പോരാട്ട വീര്യം കത്തിച്ചെടുക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നേ പറയുന്നുള്ളൂ. ഇപ്പോൾ വാരിയൻകുന്നനെ ഈ വിധം കുത്തിപ്പൊക്കുന്ന ആ ആൾക്കൂട്ടത്തെ നിങ്ങളൊന്നു ശ്രദ്ധിച്ചു നോക്കിയാൽ ഇതിൽ എത്രമാത്രം ചരിത്ര താൽപര്യമുണ്ടെന്നു മനസ്സിലാകും. ഈ ചതിയിൽ അതീവ സെക്കുലറുകളും കേവലം മുസ്ലിം നാമധാരികളുമായ എന്റെ പല സുഹൃത്തുക്കളും പെട്ടു പോകുന്നു എന്നതു വേദനയുണ്ടാക്കുന്നു.''- അതായത് പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള സംഘനകൾ വളരെ കൃത്യമായി ഒരു വികാരം ആളിക്കത്തിക്കാൻ ഈ ചിത്രം കൊണ്ട് ശ്രമിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടി തന്നെയാവും ഇനിയുള്ള സംഘപരിവാർ പ്രചാരണവും. ചുരുക്കിപ്പറഞ്ഞാൽ മലബാർ കലാപത്തെ മറക്കാൻ വിടാതെ അതിലെ ഓരോഭാഗവും കുത്തിപ്പൊക്കിക്കൊണ്ടുവരുന്നത് കേരളീയ സമൂഹത്തെ കൂടുതൽ കൂടുതൽ ധ്രുവീകരിക്കയാണ്. അതൊരു തീക്കളി തന്നെയാണ്.
വാൽക്കഷ്ണം: പൊളിറ്റിക്കൽ ഇസ്ലാം ഒരുഭാഗത്ത് നിൽക്കുമ്പോൾ പതിവുപോലെ ഇത്തവണയും സിപിഎമ്മിന് കൈ വിറയ്ക്കയാണ്. വാരിയൻകുന്നന്റെ ചിത്രം ജമാഅത്തെ ഇസ്ലാമിക്കാരേക്കാൾ ആവേശത്തോടെ മലപ്പുറത്തെ ചില സഖാക്കൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സിപിഎം കോഡൂർ ലോക്കൽ സമ്മേളനത്തിന്റെ പോസ്റ്ററിൽ ഇത്തവണ ചെഗുവേരയല്ല, വാരിയംകുന്നന്റെ വ്യാജ ചിത്രമാണ്! വ്യാജ തിരുകേശത്തിന്റെ പേരിൽ കാന്തപുരത്തെ എയറിൽ നിർത്തിയവരാണ് ഇപ്പോൾ വ്യാജ ഫോട്ടോ വിവാദത്തിൽ പെട്ടിരിക്കുന്നുവെന്നതും ചരിത്രത്തിന്റെ കാവ്യ നീതി.
റഫറൻസ്- ആർ.എച്ച്. ഹിച്ച് കോക്ക് 1924 ൽ പ്രസിദ്ധീകരിച്ച എ ഹിസ്റ്ററി ഓഫ് മലബാർ റെബല്യൻ
മാപ്പിള റെബല്ല്യൻ- ദിവാൻ ബഹാദൂർ സി. ഗോപാലൻ നായരുടെ പുസ്തകം
ഡോ മനോജ് ബ്രൈറ്റ്- ഫേസ്ബുക്ക് കുറിപ്പുകൾ
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ