- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടിൽ ചെറിയ പുക ഉണ്ടായാൽ പോലും അലാറം മുഴക്കുന്ന സ്മോക്ക് ഡിറ്റക്റ്റർ; ആളില്ലെങ്കിലും മൊബൈൽ വഴി അലേർട്ട് നൽകാനും സംവിധാനം; ലക്ഷങ്ങൾ ചെലവിട്ട് വീടുണ്ടാക്കുന്ന നാം സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല; വർക്കലയിലെ തീപ്പിടുത്ത മരണങ്ങൾ മലയാളികൾക്കുള്ള മുന്നറിയിപ്പ്!
കോഴിക്കോട്: വർക്കലയിൽ ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും, മക്കളും, മരുമകളും, ചെറുമകളടക്കം അഞ്ചുപേർ അർധരാത്രിയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മരിച്ചതിന്റെ വേദനയിലാണ് കേരളം. ഈ ദുരന്തത്തിന്റെ കാരണമായി ഷോർട്ട് സർക്യൂട്ടാണ് പ്രാഥമികമായി പറയുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം കെഎസ്ഇബിയും, ഫയർഫോഴ്സും പൊലീസും നടത്തുന്നുണ്ട്. അന്തിമ കാരണം അപ്പോൾ മാത്രമെ വെളിപ്പെടുകയുള്ളൂ. പക്ഷേ അത്മഹത്യചെയ്യാനുള്ള യാതൊരു സാഹചര്യവും ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല എന്നത് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ ഉണ്ടായ തീപ്പിടുത്തം എന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുപോവുന്നത്.
കൂടുതൽ അന്വേഷണത്തിൽ ഈ വീട്ടിലെ വേലക്കാരിയുടെ മൊഴി പൊലീസ് ഗൗരവത്തിൽ എടുക്കുന്നുണ്ട്. എല്ലാമുറികളും എസിയുള്ള ഈ വീട്ടിൽ അതുകൊണ്ടുതന്നെ വായുസഞ്ചാരമില്ലാതെ മുറികൾ അടച്ച് ഉറപ്പിച്ചിരിക്കയാണ്. പലപ്പോഴും പുറമേ നിന്ന് വിളിച്ചാൽ പോലും കേൾക്കില്ല. അതുകൊണ്ടുതന്നെ ആ വീട്ടിൽ ഉള്ളപ്പോഴും, മുറിയിലുള്ളവരെ വീട്ടിൽ നിന്ന് മൊബൈൽ ഫോണിൽ വിളിക്കേണ്ട അവസ്ഥയുണ്ടായിരുന്നുവെന്ന് വേലക്കാരി മൊഴി നൽകിയിട്ടുണ്ട്. ഇതും സംഭവം അപകടം ആണെന്നതിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്.
അങ്ങനെയാണെങ്കിൽ കേരളത്തിലെ മിക്ക വലിയ വീടുകളിലും നിലനിൽക്കുന്ന ഭീഷണിയാണിത്. ചൂടുകാലം തുടങ്ങിയതോടെ എസി പ്രവർത്തിക്കുന്നതിനാൽ രാത്രി പുറമെ നിന്നുള്ള ശബ്ദങ്ങൾ ഒന്നും തന്നെ വീട്ടിനകത്ത് കേൾക്കില്ല. അങ്ങനെ ആണെങ്കിൽ രാത്രി ഇതുപോലെ ഒരു തീപ്പിടുത്തം ഉണ്ടായാൽ ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ ഇത്രയും ലക്ഷങ്ങൾ മുടക്കി നാം വീട് നിർമ്മിക്കുമ്പോൾ ചെയ്യേണ്ട അടിസ്ഥാനപരമായ ഒരു സുരക്ഷാ കാര്യങ്ങളും ഉപയോഗിക്കാറില്ല. നിസ്സാരമായ തുകക്ക് വെക്കാറുള്ള സുരക്ഷാ സംവിധാനം പോലും മലയാളികൾ ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം. കാർബൺ ഡയോക്സൈഡ് വിഷബാധ മൂലം നേരത്തെയും പലതവണ കേരളത്തിൽ മരണങ്ങൾ ഉണ്ടായിട്ടുണ്ട്. നേപ്പാളിലെ ഒരു ഹോട്ടലിൽ രണ്ടുകുടുംബാംഗങ്ങൾ മരിച്ചുപോയതും നമ്മെ നടുക്കിയിരുന്നു. പക്ഷേ ഇതെല്ലാം ചുരുങ്ങിയ തുക മാത്രം വരുന്ന സുരക്ഷാ ഉപകരണങ്ങൾ വച്ചാൽ പരിഹരിക്കാൻ കഴിയും.
നമ്മുടെ എത്ര വീടുകളിൽ സുരക്ഷാസംവിധാനമുണ്ട്?
നാം ലക്ഷങ്ങളും കോടികളും ഒക്കെ മുടക്കി വീട് വെക്കുന്നവരാണ് മലയാളികൾ. അത് മനോഹരമായി മോടി പിടിപ്പിക്കും, അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി ഫിക്സ് ചെയ്യും, പുൽത്തകിടിയും ഗാർഡനും ഒരുക്കും, ശീതീകരണ സംവിധാനവും തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കി എല്ലാ രീതിയിലും മനോഹരമാക്കി അതിൽ ജീവിക്കും. എന്നാൽ എത്ര പേർ അവരവരുടെ വീടിനും കുടുംബത്തിനും വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങൾ ഈ വീടുകളിൽ ഒരുക്കുന്നതിനെ പറ്റി ചിന്തിക്കാറുണ്ട്? അതിനു വേണ്ടി എത്ര പണം ചിലവഴിക്കാറുണ്ട്? 98 ശതമാനവും ഇല്ല എന്നതാണ് യാഥാർഥ്യം. പക്ഷേ ചുരുങ്ങിയ ചെലവിൽ ഇത്തരം ഉപകരണങ്ങൾ വീട്ടിൽ വച്ചാൽ, ഈ അപകടം ഇല്ലാതാക്കാൻ കഴിയുമെന്ന് സുരക്ഷാ വിദഗ്ധനായ സംഗീത് കുമാർ ചൂണ്ടിക്കാട്ടുന്നു.
1 ) ഫയർ ബ്ലാങ്കറ്റ്സ്- ഇത് പാചകം ചെയ്യുന്ന പാത്രത്തിൽ, അടുപ്പിൽ ഒക്കെ അവിചാരിതമായി തീ പടർന്നു പിടിക്കുന്നതിനെ (ഒരു പുതപ്പു പോലെ) കവർ ചെയ്തു കെടുത്താൻ സഹായിക്കും. ഇപ്പോഴും അടുക്കളയിൽ കൈ എത്തുന്ന സ്ഥലത്തു പാചകം ചെയ്യുന്നതിനടുത്തായി കരുതുക. എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് പാചകം ചെയ്യുന്ന എല്ലാവരും തന്നെ അറിഞ്ഞിരിക്കേണ്ടതാണ്.
2 ) ഫയർ എക്സ്റ്റിൻഗ്വൂഷർ- ഇതും അടുക്കള ഭാഗത്തു വീട്ടിനുള്ളിൽ കരുതാവുന്നതാണ്.പ്രധാനമായി ഇത് ഉപയോഗിക്കുവാൻ എല്ലാവരും തെന്നെ അറിഞ്ഞിരിക്കണം.(കൂടാതെ ഇതിന്റെ വാലിഡിറ്റി നോക്കി എക്സ്പയറി ഡേറ്റ് നോക്കി പുതിയവ വാങ്ങേണ്ടതുംആണ്).
3 ) സ്മോക്ക് ഡിറ്റക്റ്റർ - ഇത് വീട്ടിനുള്ളിൽ ഉണ്ടാകുന്ന തീയോ പുകയൊ തിരിച്ചറിയുകയും അലാറം വഴി വീട്ടുകാരെ അറിയിക്കുകയും ചെയ്യുന്നതാണ്. ഈ സംവിധാനം വീടിന്റെ എല്ലാ മുറികളിലും ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. സ്‌മോക്ക് ഡിറ്റക്ടർ ഉണ്ടെങ്കിൽ നേരിയ പുക വന്നു തുടങ്ങുമ്പോഴേ സിസ്റ്റം അലേർട്ട് ആകുകയും ശബ്ദം ഉണ്ടാക്കി അറിയിക്കുകയും ചെയ്യും.
4 ) ഫയർ അലാറം സിസ്റ്റം- ഇതും വീട്ടിനുള്ളിൽ ഉണ്ടാവുന്ന പുകയിൽ നിന്നും ചൂടിൽ നിന്നും സെൻസർ വഴി തിരിച്ചറിഞ്ഞു അലാറം പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ്. ഇത് വീട്ടിൽ തന്നെയുള്ള വൈഫൈയുമായി ഇന്റഗ്രേറ്റ് ചെയ്തു പ്രവർത്തിപ്പിക്കാവുന്നതാണ്. ആരും വീട്ടിൽ ഇല്ലെങ്കിൽ പോലും മൊബൈൽ വഴി അലെർട് തരുന്ന സംവിധാനങ്ങളും നിലവിലുണ്ട്.
5 ) എമർജൻസി എക്സിറ്റ്- ഒരപകടം പറ്റിയാൽ എങ്ങനെ വീട്ടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങാം എന്ന് ആ സാഹചര്യത്തിൽ എല്ലാവരെയും കുഴപ്പിക്കുന്ന ഒരു കാര്യമാണ്. കൃത്യമായും പുറത്തേക്കുള്ള വഴികളെ പറ്റി വീട്ടിലെ എല്ലാ അംഗങ്ങൾക്കും അവബോധം ഉണ്ടായിരിക്കേണ്ടതും, ഏതുരീതിയിലും അത് ഇരുട്ടാണെങ്കിൽ പോലും തിരിച്ചറിഞ്ഞു പോകാനുള്ള അവബോധം ഉണ്ടായിരിക്കണം. കൂടാതെ പുറത്തേക്കിറങ്ങുന്ന വഴികളും ഒരിക്കലും പുറത്തുനിന്നും പൂട്ടാതെ ഇരിക്കുകയും അകത്തു നിന്നും വീട്ടുകാർക്ക് എളുപ്പത്തിൽ തുറന്നു ഇറങ്ങാവുന്നതും ആയിരിക്കണം.
വിദ്യാലയങ്ങളിൽ സുരക്ഷാ ക്ലാസുകൾ വേണം
ഇന്ന് മാർക്കറ്റിൽ മേൽപ്പറഞ്ഞ എല്ലാ സുരക്ഷാ ഉപകരണങ്ങളും, സംവിധാനങ്ങളും വീട്ടിൽ വന്നു ഇൻസ്റ്റാൾ ചെയ്തു തരുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ സമൂഹത്തിൽ ഇതുപോലെയുള്ള ധാരണ ശക്തമായിട്ടില്ല. ആരെങ്കിലും ഇതുപോലെ പറഞ്ഞാൽ അതെല്ലാം അനാവശ്യ ചെലവാണെന്ന് പറഞ്ഞ് നമ്മുടെ ഇലട്രീഷ്യന്മാരും എഞ്ചിനീയർമാരും, നിരുത്സാഹപ്പെടുത്തുകയാണ്. അതുപോലെ അടിക്കടി മിന്നൽ അപകടങ്ങൾ ഉണ്ടാവുന്ന കേരളത്തിൽ മിന്നൽ രക്ഷാ ചാലകങ്ങളുടെ പ്രസക്തി നമുക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല. അഥവാ ഇത് എവിടെയങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതിന്റെ എർത്തിങ്ങ് കൃത്യമായി പരിശോധിക്കാറുമില്ല.
കെട്ടിട നിർമ്മാണ പെർമിറ്റു വേണമെങ്കിൽ മഴവെള്ള സംഭരണി ഉണ്ടായിരിക്കണം എന്ന് സർക്കാർ നിർബന്ധമാക്കിയത് പോലെ, (നിർബന്ധമാക്കിയതേ ഉള്ളൂ പ്ലാനിൽ മതി, പണിഞ്ഞിട്ടുണ്ടോ, മഴവെള്ളം സംഭരിക്കുന്നുണ്ടോ എന്ന് ആരും തിരക്കാറില്ല ) അപകട സുരക്ഷാ സംവിധാനങ്ങളും കെട്ടിട നിർമ്മാണ അനുമതിക്ക് നിർബന്ധമാക്കണമെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്്. കെട്ടിട നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളും ഫയർ റേറ്റഡ് ആയിരിക്കേണ്ടതാണ്. പക്ഷേ അങ്ങനെയൊരു രീതി കേരളത്തിലില്ല. (വിദേശരാജ്യങ്ങളിൽ പലയിടത്തും ഫയർ അലാറും ഉണ്ട്. ചെറിയ ഒരു പുക പോലും ഉണ്ടായാൽ അലാറം മുഴങ്ങും. പക്ഷേ ഇത് ഓഫാക്കിയിടുക മലയാളികളുടെ ഒരു രീതിയാണത്രേ. കാരണം സിഗരറ്റു കത്തിക്കാനായി തീപ്പെട്ടി ഉരച്ചാൽപോലും അലാറം മുഴങ്ങും. ഇത് വലിയ ശല്യമായെന്ന് പറഞ്ഞ് മലയാളികൾ ഇത് ഓഫാക്കിയിടുക സർവസാധാരണമാണ്. മല്ലു ആരാ മോൻ എന്ന് നോക്കണം)
അപകടം നമ്മുടെ വീട്ടിൽ ഉണ്ടാവില്ല എന്നത് നമ്മുടെ ഒരു മിഥ്യാധാരണ മാത്രമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ വീട്ടകങ്ങളിൽ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് ബോധവത്ക്കരണം നൽകണം. സ്‌കൂളുകളിൽ ഇതുസംബന്ധിച്ച് ക്ലാസ് നൽകണം. തീപ്പിടിത്തം, പുക, ഉയരങ്ങളിൽ നിന്നുള്ള വീഴ്ച, മൂർച്ചയേറിയ ഉപകരണങ്ങളുടെ ഉപയോഗം, വഴുക്കലുള്ള തറ, വൈദുതി മൂലം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഇവിടങ്ങളിലൊക്കെ അപകടം പതിയിരിപ്പുണ്ട്. നാം നിത്യേന ഇടപെടുന്ന ഇത്തരം ഓരോ സാഹചര്യങ്ങളിലും അതീവാ ശ്രദ്ധയും കരുതലും, മുൻകരുതലും വേണ്ടതാണ്.
മനുഷ്യർ വ്യാപരിക്കുന്ന എല്ലായിടങ്ങളിലും അത്, പൊതു ഇടമായാലും, വീട്ടകങ്ങളായാലും അപകടങ്ങൾ എല്ലായിടത്തും പതിയിരിപ്പുണ്ട്. അതിനു രാത്രിയെന്നോ പകലെന്നോ, വെയിലെന്നോ മഴയെന്നോ, അകത്തെന്നോ പുറത്തെന്നോ ഉള്ള വ്യത്യാസമില്ല. എപ്പൊഴും അശ്രദ്ധ മൂലമാവില്ല അപകടമുണ്ടാവുന്നത്. പക്ഷേ, കേരളത്തിൽ പ്രത്യേകിച്ച് സുരക്ഷാ അവബോധം എന്ന ഒരു കാര്യം നമ്മുടെ നിത്യ ജീവിതത്തിൽ തീരെ ഇല്ല എന്ന് തന്നെ പറയാമെന്നാണ് ഇതുസംബന്ധിച്ച് പഠിച്ച വിദഗ്ദ്ധർ പറയുന്നത്.