തിരുവനന്തപുരം: വർക്കല ഫയർ‌സ്റ്റേഷനിലെ 41 അഗ്നിശമന സേനാംഗങ്ങളിൽ 35 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വർക്കല ഫയർ‌സ്റ്റേഷൻ അടച്ചു. മുൻകരുതലിന്റെ ഭാഗമായാണ് ഫയർ‌സ്റ്റേഷൻ അടച്ചത്.

കഴിഞ്ഞദിവസം മുതൽ കേരളത്തിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണെന്നാണ് റിപ്പോർട്ടുകൾ. ദിവസങ്ങൾക്ക് മുൻപ് വരെ കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലുശതമാനത്തിൽ താഴെയായിരുന്നു. ഇന്നലെ ഇത് നാലുശതമാനത്തിന് മുകളിലാണ്. 4.14 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തെരഞ്ഞെടുപ്പ് കാലമായതിനാൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ 45 വയസിന് മുകളിലുള്ളവർ വേഗത്തിൽ വാക്‌സിനേഷൻ സ്വീകരിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.