തിരുവനന്തപുരം: വർക്കല ശിവപ്രസാദ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ഡി.എച്ച്.ആർ.എം സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർക്കാണ് ശിക്ഷ ലഭിച്ചത്. ഇവർ രണ്ട് ലക്ഷം രൂപ പിഴയും നൽകണം. ശിവപ്രസാദിന്റെ കുടുംബത്തിന് ആറ് ലക്ഷം രൂപയും വെട്ടിപരുക്കേൽപ്പിച്ച ചായക്കടക്കാരനായ അശോകന് രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകണം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

ഡി.എച്ച്.ആർ.എം ദക്ഷിണമേഖലാ സെക്രട്ടറി വർക്കല ദാസ്, സംസ്ഥാന ചെയർമാൻ ശെൽവരാജ്, പ്രവർത്തകരായ ജയചന്ദ്രൻ, സജി, തൊടുവേ സുധി, വർക്കല സുധി, സുനി എന്നിവരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. കേസിൽ ആറു പേരെ വെറുതെവിട്ടു.

2009 സെപ്റ്റംബർ 23ന് പുലർച്ചെ അയിരൂർ പോസ്‌റ്റോഫിസ് മുന്നിൽ വച്ചാണ് ശിവപ്രസാദ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്ക് ഇറങ്ങിയ ശിവപ്രസാദിനെ ഡി.എച്ച്.ആർ.എം പ്രവർത്തകർ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.

വിധി അറിയാൻ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഡിഎച്ച്ആർഎം പ്രവർത്തകരുമുൾപ്പെടെ വൻജനാവലി കോടതി പരിസരത്തെത്തിയിരുന്നു.