- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻപിലെ കാറിൽ വർഷയും ഫൈസലും; പൊലീസിനെ കണ്ടാൽ വിവരം പിന്നാലെ കഞ്ചാവുമായെത്തുന്ന അനസിനെ അറിയിക്കും; കൂർമ്മ ബുദ്ധിയിൽ പൊലീസിനെ കബളിപ്പിച്ച് സംഘം ഉണ്ടാക്കിയത് ലക്ഷങ്ങൾ; കഞ്ചാവ് സംഘം വിളയാടിയത് 22 കാരി വർഷയുടെ സാമർത്ഥ്യത്തിൽ
കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളത്ത് കഞ്ചാവ് കേസിൽ പിടിയിലായ മൂന്നംഗ സംഘം നാളിതുവരെ പൊലീസിനെ കബളിപ്പിച്ച് വിലസിയത് കൂട്ടത്തിലെ 22 കാരി വർഷയുടെ സാമർത്ഥ്യത്തിൽ.ഇത്രയും നാളും വർഷയുടെ കൂർമ്മബുദ്ധിയിലും പ്ലാനിങ്ങിലുമാണ് മൂവർ സംഘത്തിന്റെ പദ്ധതികൾ എല്ലാം തന്നെയെന്നാണ് പൊലീസ് പറയുന്നത്.ഒരോ സ്ഥലത്തിനനുസരിച്ചും വ്യക്തമായ പ്ലാനിങ്ങോടെയാണ് മൂവർ സംഘം നീങ്ങുക.ആന്ധ്രയിൽ നിന്ന് 2000 മുതൽ 3000 രൂപയ്ക്ക് വരെ വാങ്ങുന്ന കഞ്ചാവ് നാട്ടിലെത്തിച്ച് പത്തിരട്ടിയോളം തുക വർധിപ്പിച്ചാണ് ഇവർ വിൽപ്പന നടത്തിക്കൊണ്ടിരുന്നത്.
നിരവധി ലഹരിക്കേസുകളിൽ പ്രതിയായ അനസാണ് കഞ്ചാവ് കടത്തിന്റെ മുഖ്യ ആസൂത്രകൻ. ഇയാളുടെ സഹായിയാണ് ഫൈസൽ. വർഷ ഫൈസലിന്റെ സുഹൃത്താണ്. പക്ഷെ ഈ 22 കാരിയുടെ ബുദ്ധിസാമർത്ഥ്യമാണ് സംഘത്തിന് തുണയായത്.കഞ്ചാവ് കടത്തുമ്പോൾ മുന്നിലെ വാഹനത്തിൽ വർഷയും ഫൈസലും. ഇവരെ പിന്തുടർന്ന് കഞ്ചാവുമായി അനസും. പൊലീസ് പരിശോധനയുണ്ടെങ്കിൽ വിവരം അനസിനെ അറിയിക്കും. മറ്റൊരു വഴിയിലൂടെ കഞ്ചാവുമായി രക്ഷപെടും.ഇതായിരുന്നു ഇവരുടെ രീതി. ആദ്യം രണ്ടുപേർ പോകുന്നതിനാൽ തന്നെ പൊലീസിന് സംശയവും ഉണ്ടാകില്ല.എന്നാൽ ഇത്തവണ രണ്ടു കാറുകളും ഒരേ സമയം പിടികൂടിയാണ് പൊലീസ് മൂവർ സംഘത്തിന്റെ നീക്കം പൊളിച്ചത്.
സംഘത്തെക്കുറിച്ചറിഞ്ഞ നർകോട്ടിക് സെൽ നാളുകളായി അനസിനെ നിരീക്ഷിച്ചുവരികയായിരുന്നു.എന്നാൽ ഇയാൾ ഇടക്കിടെ നമ്പർ മാറ്റുന്നത് പൊലീസിന് തലവേദനയായിരുന്നു.കഴിഞ്ഞദിവസം മൂന്നംഗസംഘം ആന്ധ്രയിൽനിന്ന് തിരിച്ചതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് റൂറൽ ജില്ലാ മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം ഇവരെ പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്തിന് രണ്ട് കാറുകളാണ് ഉപയോഗിച്ചിരുന്നത്.ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 225 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് പെരുമ്പാവൂരിലെത്തിച്ച് ചെറുകിട വില്പനയായിരുന്നു ലക്ഷ്യം. പ്രതികൾ നേരത്തെയും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
ആന്ധ്രയിൽനിന്ന് 2000- 3000 രൂപ നിരക്കിൽ വാങ്ങി ജില്ലയിലെത്തിച്ച് പത്തിരട്ടി വിലയ്ക്കാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു.ഒരു വർഷത്തിനുള്ളിൽ 300 കിലോയിലധികം കഞ്ചാവാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് റൂറൽ പൊലീസ് പിടികൂടിയത്.തിരുവനന്തപുരം ശംഖുംമുഖം പുതുവൽപുത്തൻ വീട്ടിൽ വർഷ (22), പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരയ്ക്കൽവീട്ടിൽ അനസ് അഷറഫ് (41), പെരുമ്പാവൂർ വല്ലം പടിപ്പുരയ്ക്കൽവീട്ടിൽ ഫൈസൽ വഹാബ് (35) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഏഴോടെ അങ്കമാലി കറുകുറ്റിയിൽ കാർ തടഞ്ഞുനിറുത്തിയാണ് അറസ്റ്റുചെയ്തത്. മൂവരെയും റിമാൻഡ് ചെയ്തു.നാർകോട്ടിക്സ് സെൽ ഡിവൈ.എസ്പി സക്കറിയ മാത്യു, ആലുവ ഡിവൈ.എസ്പി പി.കെ. ശിവൻകുട്ടി, എസ്.എച്ച്.ഒമാരായ സോണി മത്തായി, കെ.ജെ. പീറ്റർ, പി.എം. ബൈജു എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ