തിരുവനന്തപുരം: കെ.സി.വർഗീസ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം എന്ന പുസ്തകം തിരുവനന്തപുരം പ്രസ്‌ക്ലബിലെ ടി.എൻ.ജി ഹാളിൽ മുൻഅഡീഷണൽ ചീഫ്‌സെക്രട്ടറി ഡോ.ഡി.ബാബു പോൾ ഐ.എ.എസ് പ്രകാശനം ചെയ്തു. കണ്ണമ്മൂല തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ.ഡോ.എംപി.ജോസഫ് പുസ്തകം ഏറ്റുവാങ്ങി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളെജ് പ്രൊഫ. റവ.ഡോ.ഡേവിസ് ജോയി പുസ്തകപരിചയം നടത്തി. കേരള സർവകലാശാല ഭാഷാ പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ.ഡോ.എൽ.ഡാർവിൻ, ഗ്രന്ഥകാരൻ കെ.സി.വർഗീസ് എന്നിവർ സംസാരിച്ചു. റിസർച്ച് ഓഫീസർ ഡോ.രാധാമണി. എംപി സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റന്റ് ഡോ.ഒ.കെ.ഷീജ നന്ദിയും പറഞ്ഞു.

പാറേമ്മാക്കൽ തോമ്മാക്കത്തനാർ എഴുതിയ മലയാള ഭാഷയിലെ ആദ്യത്തെ യാത്രാ വിവരണഗ്രന്ഥമായ വർത്തമാനപ്പുസ്തകത്തിന്റെ വിമർശനാത്മകപഠനമാണിത്. കേരള ക്രൈസ്തവ സമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചും വിചിന്തനം ചെയ്തും ഒരുമലയാളി എഴുതിയ ആദ്യത്തെ ഗ്രന്ഥം വർത്തമാനപ്പുസ്തകമാണ്. 1778ൽ തുടങ്ങി 1786വരെ ദീർഘിച്ച ഒരു വിദേശ യാത്രയുടെ വിവരണമാണിത്. പ്രമുഖ എഴുത്തകാരനായ കെ.സി.വർഗീസ് വിവർത്തനങ്ങളുൾപ്പെടെ 18 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.ഇരുനൂറിലേറെ വർഷം വെളിച്ചം കാണാതെ കിടന്ന വർത്തമാനപ്പുസ്തകത്തിലെ ഇരുൾ നീക്കുകയാണ് ഗ്രന്ഥകാരൻ. കെ.കെ.രാഗേഷ് എംപിയുടെ ഭാര്യാപിതാവുകൂടിയാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കെ.സി.വർഗീസ്. 140 രൂപയാണ് പുസ്തകത്തിന്റെ വില.