ഡൽഹി: തന്റെ ട്വിറ്റർ ബയോയിൽ നിന്ന് ബിജെപിയെ എംപി വരുൺ ഗാന്ധി ഒഴിവാക്കി എന്ന തരത്തിൽ പ്രചരണം ശക്തമാവുകയാണ്.ലംഖിപൂർ ഖേരിയിൽ കൊലപ്പെട്ട കർഷകർക്കു വേണ്ടി ശബ്ദമുയർത്തിയതിന് പിന്നാലെയാണ് ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും വരുൺ ഗാന്ധിയെ പുറത്താക്കിയത്. ഇതിന് ശേഷമാണ് വരുൺ ഗാന്ധി ബിജെപി വിടാനൊരുങ്ങുന്നതായി പ്രചാരണം ശക്തമായത്. ഈ നീക്കത്തിന്റെ ആദ്യ പടിയായി തന്റെ ട്വിറ്റർ ബയോയിൽ നിന്ന് 'ബിജെപി'യെ എംപി ഒഴിവാക്കിയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പ്രചാരണം സത്യമാണോ..

ട്വിറ്ററിലും ഫേസ്‌ബുക്കിലും വൈറലായ ഈ പ്രചാരണം തീർത്തും വ്യജമാണെന്നതാണ് സത്യം. യഥാർത്ഥത്തിൽ കഴിഞ്ഞ ഏഴു വർഷമായി വരുൺ ഗാന്ധിയുടെ ട്വിറ്ററിൽ ബിജെപിയില്ല എന്നാതാണ് വാസ്തവം.ട്വിറ്റർ ഉപയോക്താക്കളുടെ പ്രൊഫൈൽ മാറ്റങ്ങൾ ട്രാക്കുചെയ്യുന്ന സ്പൂൺബിൽ പ്രകാരം 2014 ഒക്ടോബറിലെ 14 ന് തന്നെ ബയോയിലെ ബിജെപിയെ വരുൺ ഗാന്ധി ഒഴിവാക്കിയിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അപ്രീയനായ വരുൺ ഗാന്ധി ദേശീയ ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇക്കാലയളവിലാണ് അദ്ദേഹം ബയോയിൽ മാറ്റം വരുത്തിയത്. ഇതിനുശേഷം പിന്നീട് ഒരു ഘട്ടത്തിലും പാർട്ടിയുടെ പേര് വരുൺ ഗാന്ധി ബയോയിൽ ഉപയോഗിച്ചിട്ടില്ല.

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഇന്ന് പുറത്തുവിട്ട 80 അംഗ നിർവ്വാഹക സമിതിയുടെ പട്ടികയിൽ നിന്നുമാണ് വരുൺ ഗാന്ധിയെയും മനേക ഗാന്ധിയെയും ഒഴിവാക്കിയത്. ലഖിംപൂർ ഖേരിയിൽ ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ കുറ്റാരോപിതനായ കർഷക വേട്ടയിൽ കുറ്റാക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വരുൺ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു നീക്കമെന്നത് വലിയ ചർച്ചയ്ക്കും തുടക്കമിട്ടിരുന്നു.

ലഖിംപൂരിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവം ഉള്ളുലയ്ക്കുന്നതാണെന്ന് നേരത്തെ പ്രതികരിച്ച വരുൺ ഗാന്ധി കർഷകർക്ക് നേരെ മനപ്പുർവ്വം വാഹനം ഇടിച്ചു കയറ്റുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും രംഗത്തെത്തിയിരുന്നു. 'ലഖിംപൂർ ഖേരിയിൽ കർഷക പ്രക്ഷോഭത്തിനിടയിലേക്ക് കാർ മനഃപൂർവ്വം കയറ്റിയതാണെന്ന് ഈ വീഡിയോയിൽ വളരെ വ്യക്തമാണ്. പ്രക്ഷോഭകരെ കൊലപാതകത്തിലൂടെ നിങ്ങൾക്ക് നിശബ്ദരാക്കാൻ കഴിയില്ല. നിരപരാധികളായ കർഷകരുടെ രക്തം ചൊരിഞ്ഞതിൽ നിങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. ക്രൂരതയുടെ സന്ദേശം ഓരോ കർഷകരുടെയും ഉള്ളിലേക്ക് എത്തുന്നതിന് മുമ്പ് നീതി നടപ്പാക്കണം.' എന്നും ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ഈ വർഷം ജൂണിലും വരുൺ ഗാന്ധി കോൺഗ്രസിലേക്ക് പോകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിനെ പൂർണ്ണമായി തള്ളിയായിരുന്നു എംപിയുടെ പ്രതികരണം.