- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയ ഐക്യം മറന്ന് നമ്മൾ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്; ലഖിംപൂർ വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റുന്നത് അധാർമികം അവാസ്തവം, അപകടകരം; ബിജെപിക്കെതിരെ വീണ്ടും വിമർശനവുമായി വരുൺ ഗാന്ധി; യോഗിക്ക് കീഴിൽ വളർച്ചയില്ലെന്ന തിരിച്ചറിവിൽ അതൃപ്തി പരസ്യമാക്കി വീണ്ടും സഞ്ജയ് ഗാന്ധിയുടെ പുത്രൻ
ലഖ്നോ: കാർഷിക വിഷയത്തിൽ ബിജെപിക്കെതിരെ വിമർശനം കടുപ്പിക്കുന്ന വരുൺ ഗാന്ധി മറുകണ്ടം ചാടിയേക്കുമെന്ന സൂചന ശക്തമാക്കി രംഗത്ത്. വരുൺ ഗാന്ധി കോൺഗ്രസിലേക്ക് പോകുമെന്ന സൂചനകൾ ശക്തമായിരിക്കവേ ലഖിംപൂർ വിഷയത്തിൽ വീണ്ടും വിമർശനവുമായി രാഹുൽ രംഗത്തുവന്നു. ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് വരുൺ ഗാന്ധിയുടെ പ്രതികരണം.
വണ്ടിയോടിച്ച് കൊല്ലുന്നതിന്റെ വീഡിയോകൾ ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെ ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കിയിരുന്നു. അമ്മ മനേകാ ഗാന്ധിക്കും പുനഃസംഘടനയിൽ ഇടം കിട്ടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പിലിഭിത്ത് എംപി കൂടിയായ വരുൺ ഗാന്ധി ട്വിറ്ററിൽ അഭിപ്രായപ്പെട്ടത്. സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അധാർമികവും വസ്തുതാവിരുദ്ധവുമാണ് എന്നു മാത്രമല്ല, അപകടകരവുമാണ്. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഉപകരിക്കൂ. നമ്മൾ ദേശീയ ഐക്യം മറന്ന് വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്'- എന്നാണ് എംപിയുടെ ട്വീറ്റ്.
വിഷയത്തിൽ ബിജെപി നേതൃത്വത്തെ തള്ളി, കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച നേതാവാണ് വരുൺ. നേരത്തെ, കർഷകർക്ക് മേൽ വാഹനമിടിച്ചു കയറ്റുന്ന രണ്ട് വീഡിയോ ദൃശ്യങ്ങൾ വരുൺ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വീഡിയോ സുവ്യക്തമാണ് എന്നും പ്രതിഷേധക്കാരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല എന്നും അദ്ദേഹം കുറിച്ചിരുന്നു.
'ലഖിംപൂർ ഖേരിയിൽ കർഷകരുടെ ഇടയിലേക്ക് ബോധപൂർവം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കുക. ഈ വാഹനങ്ങളുടെ ഉടമകളെയും അവയിൽ ഇരിക്കുന്നവരെയും ഈ കേസിൽ ഉൾപ്പെട്ട മറ്റ് ആളുകളെയും ഉടൻ അറസ്റ്റ് ചെയ്യണം'- എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു വരുൺ പങ്കുവച്ച വീഡിയോകൾ.
യോഗി ആദിത്യനാഥിന്റെ കീഴിൽ രാഷ്ട്രീയ വളർച്ച സാധ്യമല്ലെന്ന തിരിച്ചറിവിലാണ് വരുൺ ഗാന്ധിയുള്ളത്. നെഹ്രു കുടുംബത്തെ നിരന്തരം ആക്രമിച്ചു കൊണ്ട് ബിജെപി നേതാക്കൾ രംഗത്തു വരുമ്പോൾ വരുൺ ഗാന്ധിയും രോഷാകുലനായിരുന്നു. അടുത്തകാലത്തായി തന്റെ അർദ്ധ സഹോദരങ്ങളാ പ്രിയങ്കയോടും രാഹുലിനോടും അടുപ്പത്തിലാണ് വരുൺ ഗാന്ധി. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വരുൺ ഗാന്ധി കോൺഗ്രസ് പക്ഷം ചേരുമോ എന്ന ചോദ്യം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് കുമാർ മിശ്രയും ബിജെപിയും പ്രതിക്കൂട്ടിലായ ലഖിംപുർ ഖേരി സംഭവത്തിൽ വരുൺഗാന്ധി വിമർശനങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വരുണിനേയും അമ്മയേയും മാറ്റി നിർത്തിയുള്ള പട്ടിക പുറത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് വരുൺ ഗാന്ധി. സുൽത്താൻപുർ എംപിയാണ് മനേക. ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന മനേക ഗാന്ധിയെ രണ്ടാം മോദി സർക്കാരിൽ ഉൾപ്പെടുത്തിയിരുന്നില്ല.
മൂന്ന് തവണ എംപിയായിട്ടുള്ള വരുൺ ഗാന്ധിക്ക് അവസരം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടനയിലും വരുണിനെ തഴഞ്ഞിരുന്നു. മനേക ഗാന്ധിക്ക് ഗവർണർ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല. ഇതോടെ മനേകയും കുറച്ചുകാലമായി ബിജെപിയുടെ ഗുഡ് ലിസ്റ്റിൽ ആയിരുന്നില്ല.
ഇതിനിടെയാണ് കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ ലഖിംപുർ വിഷയത്തിൽ വരുൺ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോളത്തെ നിരന്തര വിമർശനങ്ങളോടെ വരുൺ ഗാന്ധി കോൺഗ്രസിലേക്ക് പോകുമോ എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പ് വരുണിനെ കോൺ്ഗ്രസ് പാളയത്തിൽ എത്തിക്കാൻ ശ്രമങ്ങളും ഉണ്ടായേക്കും.
മറുനാടന് ഡെസ്ക്