- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാജ്പേയി കർഷകരോട് മമതയുള്ള വിശാല ഹൃദയനായ നേതാവെന്ന് വാഴ്ത്തൽ; നേരത്തെ തീരുമാനം എടുത്തിരുന്നു എങ്കിൽ എഴുനൂറിൽ അധികം കർഷകർ ജീവിച്ചിരിക്കുമായിരുന്നു എന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിക്കൽ; വരുൺ ഗാന്ധി ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് ?

ന്യൂഡൽഹി: ബിജെപി എംപി വരുൺ ഗാന്ധി തൃണമൂൽ കോൺഗ്രസിൽ ചേരാൻ സാധ്യത. അടുത്ത ആഴ്ച മമത ബാനർജി ഡൽഹി സന്ദർശിക്കാനിരിക്കെ, ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സംസാരം. ജെഡിഎസിൽനിന്ന് ബിഎസ്‌പിയിൽ ചേർന്ന ഡാനിഷ് അലിയും ടിഎംസിയിൽ ചേരുമെന്നും സൂചനയുണ്ട്.
വരുൺ ഗാന്ധി ബിജെപിയിൽ അസന്തുഷ്ടനാണെന്ന കാര്യത്തിൽ സംശയമില്ല. കർഷക സമരവുമായി ബന്ധപ്പെട്ട ഒടുവിലത്തെ പ്രസ്താവന തന്നെ ഉദാഹരണം. വിവാദമായ മൂന്ന് കൃഷി നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രിയോട് നാലിന ആവശ്യങ്ങൾ ഉന്നയിച്ചാണ് വരുൺ ഗാന്ധിയുടെ കത്ത്. നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിൽ 700ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിച്ച അദ്ദേഹം, സമരത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. കർഷകർക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിത വ്യാജ പൊലീസ് കേസുകളും പിൻവലിക്കണമെന്നും കാർഷിക ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു.
വരുണിനും അമ്മ മേനക ഗാന്ധിക്കും ബിജെപി ദേശീയ പ്രവർത്തക സമിതിയിൽ സ്ഥാനം കിട്ടിയിരുന്നില്ല. വരുൺ ബിജെപി വിടാൻ ഒരുങ്ങുകയാണെന്ന് ചില മുതിർന്ന തൃണമൂൽ നേതാക്കൾ പറയുന്നു. കോൺഗ്രസിലേക്ക് പോകാൻ വരുണിന് താൽപര്യമില്ല. അത്തരമൊരു സാഹചര്യത്തിൽ തൃണമൂലിനെയാണ് അദ്ദേഹം ഉറ്റുനോക്കുന്നത്. ലഖിംപുർ ഖേരി അതിക്രമത്തെയും വരുൺ അപലപിച്ചിരുന്നു.
ത്രിപുരയ്ക്കും ഗോവയ്ക്കും ശേഷം യുപി, അസം, മണിപ്പൂർ എന്നീ മൂന്നുസംസ്ഥാനങ്ങളിൽ കൂടി സംഘടനാ വിപുലീകരണത്തിന് തയ്യാറെടുക്കുകയാണ് തൃണമൂൽ. മമതയുടെ ഗോവ സന്ദർശനത്തിനിടെ ചെന്നീസ് താരം ലിയാൻഡർ പേസ്, സിനിമാ താരം നഫീസ അലി എന്നിവർ തൃണമൂലിൽ ചേർന്നിരുന്നു. ഒക്ടോബർ 25 ന് കോൺഗ്രസ് നേതാവ് കമലാപതി ത്രിപാഠിയുടെ ചെറുമകൻ രാജേഷ്പതി ത്രിപാഠിയും മകൻ ലളിതേഷ്പതി ത്രിപാഠിയും തൃണമൂലിൽ ചേർന്നു.
ലഖിംപൂർ ഖേരി അക്രമത്തിനിടെ, പിൽബിത്തിൽ നിന്നുള്ള എംപിയായ വരുൺ ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ പുറമേ. കരിമ്പിന്റെ വില ഉയർത്തണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിരന്തരം കത്തുകൾ അയച്ചിരുന്നു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവിൽ നിന്ന് പുറത്തായതോടെ, കർഷക സമരത്തിന് തുറന്ന പിന്തുണയാണ് വരുൺ നൽകി വരുന്നത്. കർഷകർക്ക് അനുകൂലമായ വാജ്‌പേയിയുടെ പഴയ വീഡിയോ ട്വീറ്റ് ചെയ്ത ശേഷം അടൽജി വിശാല ഹൃദയനായ നേതാവാണെന്ന് വാഴ്‌ത്തിയിരുന്നു.
എന്തായാലും ബിജെപിയിൽ അസന്തുഷ്ടരും കോൺഗ്രസിലേക്ക് പോകാൻ താൽപര്യം ഇല്ലാത്തവരുമായ പല നേതാക്കളും ഉണ്ടെന്നും അവരൊക്കെ തൃണമൂലുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് നേതാക്കൾ പറയുന്നത്. വരുൺ ഗാന്ധിയും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി വരികയാണ്.
അതേസമയം, പശ്ചിമ ബംഗാളിലെ ചില കോൺഗ്രസ് നേതാക്കൾ, മമതയുടെ ശ്രമങ്ങൾ പ്രതിപക്ഷത്തെ ദുർബലപ്പെടുത്തുന്നതും, നരേന്ദ്ര മോദിയെ കരുത്തനാക്കുന്നതും ആണെന്ന് കുറ്റപ്പെടുത്തുന്നു. മമതയും പാർട്ടി നേതാക്കളും പല യോഗങ്ങളിലും ബിജെപിയെ ആക്രമിക്കാറുണ്ട്. എന്നാൽ, പ്രധാനമന്ത്രിക്ക് എതിരെ നേരിട്ട് ഒന്നു പറയാറില്ല എന്നാണ് അവരുടെ പരാതി.
എന്നാൽ, വ്യക്തിപരമായി പ്രധാനമന്ത്രിയെ ആക്രമിക്കുക തങ്ങളുടെ പാർട്ടി സംസ്‌കാരം അല്ല എന്നാണ് തൃണമൂൽ രാജ്യസഭ നേതാവായ ഡെറക് ഒബ്രിയന്റെ പ്രതികരണം. ഡൽഹി സന്ദർശനത്തിനിടെ, മമത സോണിയ ഗാന്ധിയെ കാണുമോ എന്ന് വ്യക്തമല്ല..വീണ്ടും ഒരു കൂടിക്കാഴ്ച നടന്നാൽ, അത് പ്രതിപക്ഷ ഐക്യത്തിന് ഊർജ്ജം പകരുകയും ചെയ്യും.


