- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്കെതിരെ പോർമുഖം തുറന്ന് വരുൺഗാന്ധി; കർഷക സമരത്തിൽ കേന്ദ്രത്തിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്ത്; വിമർശനം വാജ്പേയിയുടെ പ്രസംഗം പങ്കുവെച്ച്; പ്രകോപിപ്പിച്ചാൽ തിരിച്ചടിയെന്നും മുന്നറിയിപ്പ്
ന്യൂഡൽഹി: കർഷക സമരത്തിന് അനുകൂലമായി സംസാരിച്ചതിനെത്തുടർന്ന് നിർവാഹകസമിതിയിൽ നിന്ന് പുറത്താക്കിയ നടപടിക്ക് പിന്നാലെ ബിജെപിയുമായി പോർമുഖം തുറന്ന് വരുൺ ഗാന്ധി. വീണ്ടും കർഷകരെ അനുകൂലിച്ച് കേന്ദ്രത്തെ വിമർശിച്ചാണ് വരുൺഗാന്ധിയുടെ പ്രതികരണം.വിമർശനത്തിന് ഉപയോഗിച്ചതാവട്ടെ കർഷക സമരത്തെ അനുകൂലിച്ചുള്ള അടൽ ബിഹാരി വാജ്പേയിയുടെ പ്രസംഗം ട്വിറ്ററിൽ പങ്കുവെച്ചും.
1980ൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെതിരെ നടന്ന കർഷകസമരത്തെ അഭിസംബോധന ചെയ്ത എ.ബി.വാജ്പേയിയുടെ പ്രസംഗമാണ് വരുൺ പങ്കുവച്ചത്.കർഷകരുടെ പ്രാധാന്യം എടുത്തു പറഞ്ഞ വാജ്പേയി, പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് പ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകസമരം ന്യായമാണെന്ന് വ്യാഖ്യാനിക്കുന്ന രീതിയിലാണ് വരുണിന്റെ ട്വീറ്റ്.
ലഖിംപുർ ഖേരിയിലെ കർഷക കൊലപാതകത്തിൽ ബിജെപി നേതൃത്വത്തിനെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് വീണ്ടും വരുൺ ഗാന്ധിയുടെ വിമർശനം. എന്നാൽ വരുണിന്റെ ട്വീറ്റിനോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.ലഖിംപുർ വിഷയത്തിലെ വിമർശനത്തിനു പിന്നാലെ വരുൺ ഗാന്ധിയെ ബിജെപി ദേശീയ നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി താൻ ഒരു സമിതി യോഗത്തിൽ പോലും പങ്കെടുത്തിട്ടില്ലെന്നും നിർവാഹക സമിതിയിൽ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നുമായിരുന്നു ഇതിനോട് വരുൺ പ്രതികരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ