- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
59കാരി വാസന്തി പ്ലസ് വൺ പഠിക്കുകയാണ്; പ്രായംതനിക്കൊരു വിഷയമല്ല; പഠിച്ച് വിജയിക്കണമെന്നും മലപ്പുറം പൊന്നാനിക്കാരി; തുടർ വിദ്യാ കേന്ദ്രത്തിലെ സാക്ഷരതാ മിഷന്റെ ഓൺലൈൻ ക്ലാസുകൾ മികച്ചതാണെന്നും ഈ പഠിതാവ്
മലപ്പുറം: പ്രായംമറന്ന് തന്റെ 59-ാംവയസ്സിലും പ്ലസ് വണിന് പഠിക്കുകയാണ് മലപ്പുറം പൊന്നാനിയിലെ 59കാരി വാസന്തി. സാക്ഷരതാ മിഷന്റെ ഓൺലൈൻ ക്ലാസുകൾ മികച്ചതാണെന്നും ഓൺലൈൻ വഴിയുള്ള പഠനം ഏറെയിഷ്ടമാണെന്ന് ഈ ലോക സാക്ഷരത ദിനത്തിൽ പറയുകയാണ് പൊന്നാനിയിലെ ഈ 59കാരി. പൊന്നാനി നഗരസഭയിലെ തുടർ വിദ്യാ കേന്ദ്രത്തിലെ പ്ലസ് വൺ ക്ലാസിലെ പഠിതാവാണ് വാസന്തി. ഹ്യൂമാനിറ്റീസ് കോഴ്സിന് പഠിക്കുന്ന ഇവർ പഠനകേന്ദ്രത്തിലെ മികച്ച പഠിതാവാണ്. പൊന്നാനി തുടർ വിദ്യാ കേന്ദ്രത്തിലൂടെയാണ് വാസന്തി പത്താംതരം തുല്യത കരസ്ഥമാക്കിയത്.
പഠനത്തിന് ഏറെ പ്രോത്സാഹിപ്പിച്ച ഭർത്താവ് അസുഖബാധിതനായി കിടക്കുന്നതിനിടയിലാണ് പത്താംതരം പരീക്ഷയെഴുതിയത്. മികച്ച വിജയം കരസ്ഥമാക്കിയ ഇവർ ഭർത്താവിന്റെ മരണശേഷവും പഠനം തുടരുകയാണ്. മരുമകൾ ജയശ്രീയും പഠനകേന്ദ്രത്തിൽ പ്ലസ്ടു തുല്യതയ്ക്ക് പഠിക്കുന്നുണ്ട്. വാസന്തിക്ക് തുല്യതാ പഠനത്തിന് നോട്ട് എഴുതാനും പഠനത്തിൽ സഹായിക്കാൻ മക്കളുടെ പൂർണ പിന്തുണയുണ്ട്. പഠനത്തോടൊപ്പം പൊന്നാനിയിൽ ഒരു സൂപ്പർമാർക്കറ്റും വാസന്തി നടത്തുന്നുണ്ട്. അടുത്ത വർഷം പ്ലസ് ടു പഠനവും സാക്ഷരത തുല്യതയിലൂടെ കരസ്ഥമാക്കാനിരിക്കുകയാണ് വാസന്തി.
സാക്ഷരതാ തുല്യതയുടെ ഓൺലൈൻ ക്ലാസുകൾ ഞായറാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചര വരെയാണ്. ഓഡിയോ, വീഡിയോ ക്ലാസുകളാണ് നൽകുന്നത്. മറ്റു ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ സ്പെഷ്യൽ ക്ലാസും ഉണ്ടാകും. മികച്ച അദ്ധ്യാപകരാണ് ഓൺലൈൻ വഴി പഠിതാക്കൾക്ക് ക്ലാസുകൾ നൽകുന്നത്. പൊന്നാനിയിലെ തുടർ വിദ്യാ കേന്ദ്രത്തിലെ സാക്ഷരതാ പ്രേരക് ടി. ഷീജ തുല്യതാ പഠിതാക്കൾക്ക് ഏറെ പിന്തുണയാണ് നൽക്കുന്നത്.
പൊന്നാനി നഗരസഭയിലെ പഠനകേന്ദ്രത്തിൽ ഏറ്റവും കൂടുതൽ പഠിതാക്കളുള്ളത് പ്ലസ് വണ്ണിനാണ്. 116 പഠിതാക്കളാണ് പ്ലസ് വണിനുള്ളത്. പ്ലസ് ടുവിന് 72 പേരും പത്താം തരം തുല്യതയ്ക്ക് 106 പേരും ഉണ്ട്. ഏഴാം തരം തുല്യതയ്ക്ക് 26 പേരും നാലാം തരം തുല്യതയ്ക്ക് 24 പേരും പഠിതാക്കാളായുണ്ട്. സർട്ടിഫിക്കറ്റ് കോഴ്സുകളായ അച്ചി ഹിന്ദിയിൽ 20 പേരും ഗുഡ് ഇംഗ്ലീഷിൽ 20 പേരും പഠിക്കുന്നുണ്ട്