പാവങ്ങളുടെ കണ്ണീരൊപ്പിയാണ് ജയലളിത തമിഴകത്തിന്റെ അമ്മയായത്. ആ മാതൃസ്‌നേഹമാണ് ജയലളിതയ്ക്കുവേണ്ടി തമിഴ്‌നാട് മുഴുവൻ കണ്ണീരണിയാനിടയാക്കിയതും. ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരിൽ ശ്രദ്ധേയയായ വസുന്ധര രാജ സിന്ധ്യ ഇപ്പോൾ ജയലളിതയുടെ വഴിയേയാണ്. അന്നപൂർണ രസോയ് യോജന എന്ന പദ്ധതിയിലൂടെ പാവങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് രാജസ്ഥാൻ മുഖ്യമന്ത്രി.

എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും മാന്യത എന്ന മുദ്രാവാക്യവുമായാണ് അന്നപൂർണ ഭക്ഷണ പദ്ധതി ആരംഭിച്ചിട്ടുള്ളത്. അതനുസരിച്ച് 24 രൂപ വിലയുള്ള ഉച്ചഭക്ഷണം എട്ടുരൂപയ്ക്കും 22 രൂപ വിലയുള്ള പ്രഭാത ഭക്ഷണം അഞ്ചുരൂപയ്ക്കും ലഭിക്കും. തൊഴിലാളികൾ, റിക്ഷാത്തൊഴിലാളികൾ, മുതിർന്ന പൗരന്മാർ തുടങ്ങി സമൂഹത്തിലെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കുവേണ്ടിയാണ് ഈ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കമിട്ടതെന്ന് ബിജെപി സംസ്ഥാനന പ്രസിഡന്റ് ശ്രീചന്ദ് കൃപാലിനി പറഞ്ഞു.

പ്രത്യേക വാനുകളിലാണ് ഭക്ഷണ വിതരണം നടത്തുക. എൺപതുവാനുകളാണ് ഇപ്പോൾ ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനം മുഴുവൻ പതുക്കെ പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം. തുടക്കത്തിൽ 12 ജില്ലാ ആസ്ഥാനങ്ങളിലാണ് അന്നപൂർണ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ജയ്‌പ്പുരിൽ 25 വാനുകളിലാണ് ഭക്ഷണവിതരണം. ഝലവാറിൽ ആറും ജോധ്പുർ, ഉദയ്‌പ്പുർ, അജ്‌മേർ, കോട്ട, ബിക്കാനീർ, ഭരത്പുർ എന്നിവിടങ്ങളിൽ അഞ്ച് വാനുകളുമുണ്ട്. ദുംഗാർപുർ, ബൻസ്വാര എന്നീ ജില്ലകളിൽ നാല് വാനുകളും പ്രതാപ്ഗഢ്, ബാരൻ എന്നിവിടങ്ങളിൽ മൂന്നെണ്ണം വീതവും.

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. ജീവനക്കാർക്ക് പ്രത്യേക യൂണിഫോമുകളും ഗ്ലൗസും തൊപ്പിയും ഏപ്രണുകളുമുണ്ട്. വാനിനുചുറ്റും പ്രത്യേക സീറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ജീവൻ സംബാൽ ട്രസ്റ്റ് മുഖേനയാണ് പദ്ധതിയുടെ നടത്തിപ്പ്. ഭക്ഷണ വിലയിൽ ജനങ്ങൾ ചെലവിടുന്ന തുക കഴിച്ചുള്ള തുക സർക്കാർ സബ്‌സിഡിയാണ്. ഗുജ്ജാറുകളുടെ സംവരണ സമരവും നോട്ട് പിൻവലിക്കലും ഒക്കെച്ചേർന്ന് സർക്കാരിനെ പ്രതിസന്ധിയിൽ നിർത്തിയവേളയിലാണ് വസുന്ധര ഈ ജനപ്രിയ പരിപാടിയുമായി മുന്നോട്ടുവന്നിട്ടുള്ളത്.