തൃശൂർ: കഴിഞ്ഞ തിരുവോണനാളിൽ വാസുപുരം സ്വദേശിയും ബിഎംഎസ് പ്രവർത്തകനുമായ കാട്ടൂർ വീട്ടിൽ മണിയുടെ മകൻ അഭിലാഷിനെ (31) വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തിയ കേസിൽ എൽഎൽബി വിദ്യാർത്ഥി അടക്കം അഞ്ച് സിപിഎമ്മുകാർക്ക് ജീവപര്യന്തം തടവശിക്ഷ. പതിനെട്ട് പ്രതികളിൽ 13 പേരെ കോടതി വെറുതെ വിട്ടു

കേരളത്തിൽ വളരെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു അഭിലാഷ് വധം. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാകോടതി ജഡ്ജി ഗോപകുമാറാണ് ശിക്ഷ പ്രസ്താവിച്ചത്. ഒന്നാം പ്രതി ഷാന്റോ, രണ്ടാം പ്രതി ജിത്തു, മൂന്നാം പ്രതി ഡെന്നീസ്, നാലാം പ്രതി ശിവദാസ്, ഏഴാം പ്രതി രാജൻ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. ഇരിങ്ങാലക്കുട സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

വാസുപുരത്ത് ബിജെപി യൂണിറ്റ് ആരംഭിച്ചതാണ് അഭിലാഷിനെ വധിക്കുവാനുള്ള കാരണം. മരിച്ച അഭിലാഷ് മുമ്പ് സിപിഐ(എം) പ്രവർത്തകനായിരുന്നു. അടുത്തകാലത്തായാണ് അഭിലാഷ് ബിജെപിയിൽ ചേരുകയും ബിഎംഎസിന്റെ ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമൂലമാണ് അഭിലാഷിനെ വെട്ടികൊലപ്പെടുത്തിയത്.

2015 ഓഗസ്റ്റിൽ തൃശൂർ വെള്ളിക്കുളങ്ങരയിലായിരുന്നു കേസിനാസ്പദമായ സംഭവം.തിരുവോണ ദിവസം ഉച്ചതിരിഞ്ഞ് 4 മണിയോടെയാണ് സംഭവം. ഉത്രാട ദിവസം രാത്രി 8 മണിയോടെ സിപിഐ(എം) പാർട്ടി ക്രിമിനലുകൾ സംഘം ചേർന്ന് ബിജെപി പ്രവർത്തകൻ കാളന്തറ സൂര്യൻ മകൻ സജീഷിനെ ആക്രമിച്ചിരുന്നു. തലക്ക് വടികൊണ്ടുള്ള അടിയേറ്റ ഇയ്യാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവോണ ദിവസം ഉച്ചതിരിഞ്ഞ് 4 മണിയോടെ അഭിലാഷിനെ തലേ ദിവസം നടന്ന പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനെന്ന വ്യാജേന ഫോൺ ചെയ്തു വരുത്തി ആസുത്രിതമായി ആക്രമിക്കുകയായിരുന്നു.

മാർക്‌സിസ്റ്റു പാർട്ടിയുടെ പ്രദേശത്തെ സ്ഥിരം ക്രിമിനലായ ചെറുപറമ്പിൽ കൊച്ചുപൈലൻ മകൻ ഷാന്റപ്പന്റെ നേതൃത്വത്തിലുള്ള സംഘം വാസുപുരം കൊതേംഗലത്ത് കാരണവർ ക്ഷേത്രത്തിനു മുൻപിൽവച്ച് ബൈക്ക് തടഞ്ഞു നിർത്തി വടിവാൾ കൊണ്ട് വെട്ടി വീഴ്‌ത്തുകയായിരുന്നു. രക്തം വാർന്ന് റോഡിൽ കിടന്ന അഭിലാഷിനെ ആശുപത്രിയിലെത്തിക്കാൻ കുറെ സമയത്തേക്ക് അക്രമികൾ സമ്മതിച്ചില്ല.

അര മണിക്കൂറിനു ശേഷം ഇവർ പിൻവാങ്ങിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. അഭിലാഷിനെ വെട്ടിയ ഷാന്റപ്പനെയും സംഘത്തിലെ മറ്റൊരു കൂട്ടാളിയായ കിഴക്കെപ്പുരക്കൽ ശിവൻ മകൻ ജിത്തുവിനേയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കനകമലയിൽ വച്ച് നാട്ടുകാർ പിടികൂടി അന്നുതന്നെ പൊലീസിനു കൈമാറിയിരുന്നു. കാൽപ്പത്തിയും കയ്യും അറ്റുപോകാറായ നിലയിൽ റോഡിൽ ചോര വാർന്നു കിടന്ന അഭിലാഷിനെ തൃശൂർ അശ്വനി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പട്ടാപകൽ നടന്ന കൊലപാതകമായതുകൊണ്ടുതന്നെ ധാരാളം പേർ സാക്ഷികളായിട്ടുണ്ടായിരിന്നു. പ്രധാന സാക്ഷികളുടെ മൊഴികൾ കേസിന് ബലമേകി. കേസിന്റെ സ്‌പെഷൽ പ്രോസിക്യൂട്ടറായി ഹാജരായത് അഡ്വ. എസ്. സുരേശനായിരുന്നു. സൗമ്യ കൊലക്കേസ് തുടങ്ങീ പ്രധാന കേസുകളിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായിരുന്നു അഡ്വ.എസ്.സുരേശൻ. പ്രതികൾക്കുവേണ്ടി അഡ്വ. മഞ്ചേരി ശ്രീധരൻ നായരായിരുന്നു ഹാജരായത്. ഒന്നാം പ്രതി ഷാന്റോ എൽഎൽബി വിദ്യാർത്ഥിയാണ്. പ്രതികൾക്കെതിരെ കൊടകര, വെള്ളിക്കുളങ്ങര സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്. വെള്ളിക്കുളങ്ങര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.