റിയാദ്: വീട്ടുവാടക, മരുന്നുകൾ, പാസ്‌പോർട്ട് പുതുക്കൽ എന്നിവയെ ജനുവരി മുതൽ നടപ്പാക്കുന്ന മൂല്യവർധിത നികുതി (വാറ്റ്)യിൽ നിന്ന് ഒഴിവാക്കിയതായി ജനറൽ അഥോറിറ്റി ഓഫ് സക്കത് ആൻഡ് ടാക്‌സ് വെളിപ്പെടുത്തി. ഡ്രൈവിങ് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനും വാറ്റ് ഈടാക്കില്ല. വീട്ടുവാടക, പാസ്‌പോർട്ട് പുതുക്കൽ തുടങ്ങിയവയ്ക്ക് നികുതി ഇളവ് നൽകിയെന്നുള്ളത് പ്രവാസികൾ ഏറെ ആശ്വാസം പകരുന്ന വസ്തുതകളാണെന്നും വിലയിരുത്തുന്നു.

അടുത്ത വർഷം ജനുവരി ഒന്നു മുതലാണ് രാജ്യത്ത് വാറ്റ് ഈടാക്കിത്തുടങ്ങുന്നത്. ചില സാമ്പത്തിക സേവനങ്ങൾക്കും ലൈഫ് ഇൻഷ്വറൻസ് പോളിസികൾക്കും ഇളവു നൽകിയിട്ടുണ്ട്. വിവിധ സേവനങ്ങൾക്കും ചരക്കുകൾക്കും അഞ്ചു ശതമാനമാണ് നികുതി ഈടാക്കിത്തുടങ്ങുക. 

ആരോഗ്യ മന്ത്രാലയവും സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റിയും അംഗീകരിച്ച മെഡിക്കൽ ഉപകരണങ്ങൾ, നിക്ഷേപാവശ്യങ്ങൾക്കുള്ള സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി, ജിസിസി രാജ്യങ്ങൾക്കു പുറത്തേക്കുള്ള കയറ്റുമതി വസ്തുക്കൾ എന്നിവയെയും വാറ്റിൽനിന്ന് ഒഴിവാക്കി.