ദുബൈ: മാസങ്ങൾക്കു മുമ്പേ പ്രഖ്യാപനങ്ങളും സൂചനകളും പുറത്തുവന്നതിന് പിന്നാലെ യുഎഇയിൽ വാറ്റ് നടപ്പാക്കിയതോടെ സമ്മിശ്ര പ്രതികരണം. എല്ലാത്തിനും വില കൂടിയെന്ന് ഒരു വിഭാഗവും വിചാരിച്ചത്ര ഭീകരമല്ലെന്ന് മറുപക്ഷവും പ്രതികരിക്കുന്നു. വിചാരിച്ചത്ര ഉപദ്രവകാരിയല്ലെന്നാണ് ആദ്യ ദിവസത്തെ വിലയിരുത്തൽ പത്രങ്ങൾ നൽകുന്നതെങ്കിലും ഒരു ദിർഹം 25 ഫിൽസ് ആയിരുന്ന ഉപ്പിന് പോലും രണ്ടുദിർഹമായി വില ഉയർന്നെന്നും സമാനമായ രീതിയിൽ എല്ലാത്തിനും വില കൂടിയെന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിക്കുന്നത്.

വാറ്റ് വരുന്നതോടെ സാധനങ്ങൾക്ക് വൻ വിലയാകുമെന്ന ധാരണയിൽ ഡിസംബർ അവസാന വാരം സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കിലായിരുന്നു പ്രവാസികൾ അടക്കമുള്ള യു.എ.ഇ നിവാസികൾ. വർഷാവസാന ദിനത്തിൽ ജൂവലറികളിൽ വൻതിരക്ക് അനുഭവപ്പെടുകയും ചെയ്തു. തീരെ താഴ്ന്ന വരുമാനത്തിലുള്ളവർക്ക് വാറ്റ് പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തൽ ശരിവച്ചുകൊണ്ട് ചെറിയ സാധനങ്ങൾക്കു പോലും വില കൂടിയെന്ന വിമർശനവും ഉയരുന്നു.

ഇടത്തരക്കാർ മുതൽ മേലേക്കുള്ളവർക്ക് കാര്യമായ ബുദ്ധിമുട്ട് ഇത്മൂലം ഉണ്ടാകില്ലെന്ന് ഉപഭോക്താക്കൾ തന്നെ പറയുന്നു. സാധനങ്ങൾ ചില്ലറയായി വാങ്ങുേമ്പാൾ വിലകൂടിയതായി അനുഭവപ്പെടുന്നില്ല. എന്നാൽ മാസാവസാനം കുടുംബ ബജറ്റിൽ ഇതിന്റെ പ്രത്യാഘാതം ഉണ്ടായേക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു.

വലിയ തുകക്ക് സാധനങ്ങൾ വാങ്ങൂേമ്പാൾ മാത്രമാണ് വാറ്റ് ആയി നൽകുന്ന തുക ശ്രദ്ധയിൽ വരിക. 10,20 ദിർഹം വിലയുള്ള സാധനങ്ങൾ വാങ്ങുേമ്പാൾ നിസാര തുക മാത്രമാണ് നഷ്ടപ്പെടുന്നതെന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇത് സഹിക്കാവുന്നതേയുള്ളൂവെന്നും അവർ പറയുന്നു. 340 രൂപക്ക് ഭക്ഷണം കഴിക്കുന്നവർ ഏകദേശം 17 ദിർഹം വാറ്റ് ആയി നൽകണം. 26.25 ദിർഹം ഭക്ഷണത്തിന് ചെലവാക്കിയാൽ 1.25 ആയിരിക്കും വാറ്റ്.

10 ദിർഹം വിലക്ക് കിട്ടിയിരുന്ന അൽ എൻ രണ്ട് ലിറ്റർ പാലിന് വാറ്റ് അടക്കം 10.50 ദിർഹം വിലയായി. ഡിസംബർ 31 ന് അർദ്ധരാത്രി തന്നെ സ്ഥാപനങ്ങളിൽ വാറ്റ് ഈടാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിരുന്നു. ജനുവരി ഒന്നിന് അതിരാവിലെ കടകളിൽ എത്തിയവരെ വാറ്റ് രേഖപ്പെടുത്തിയ ബിൽ നൽകിയാണ് കച്ചവടക്കാർ എതിരേറ്റത്.

എന്നാൽ പത്തുദിർഹത്തിന് വിറ്റ വെളിച്ചെണ്ണയ്ക്ക് 14.9 ദിർഹമായും 2.45 ദിർഹത്തിന് കിട്ടിയ ചിരകിയ തേങ്ങയ്ക്ക് 2.95 ദിർഹമായും വില കൂടി. ഒരു ചായ, ഒരു കഷ്ണം പുട്ട്, ഒരു ബാജി..ഒരു മത്തി കറി.., 39 ദിർഹം ബിൽ..2 ദിർഹം വാറ്റ്. ഒരു സെറ്റ് ദോശ ചട്‌നി സാമ്പാർ മുമ്പ് 3.50 ഇന്ന് 4 ദിർഹംസ് - ഇത്തരത്തിൽ നിരവധി മലയാളികളും കുറിപ്പുകളുമായി സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്.

അതേസമയം, മൂല്യ വർധിത നികുതി സാധനങ്ങൾക്ക് വില കൂട്ടാനുള്ള അവസരമായി കാണരുതെന്ന് വ്യപാര സ്ഥാപനങ്ങൾക്ക് അധികൃതരുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ദുബായിൽ നികുതി നിയമം ലഘിച്ചു വിൽപന നടത്തിയ മൂന്നു ഷോപ്പുകൾ അധികൃതർ അടപ്പിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഫെഡറൽ ടാക്‌സ് അഥോറിറ്റി സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് മൂന്നു സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. നികുതി നിർദേശങ്ങൾ ലഘിച്ചുകൊണ്ടു വിൽപ്പന നടത്തിയെന്ന് വ്യാപാര സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായതായി എഫ് ടി എ തലവൻ ഖാലിദ് അൽ ബസ്താനി പറഞ്ഞു.