റോം: ഫ്രാൻസീസ് മാർപ്പാപ്പയ്ക്ക് ബ്രെയിൻ ട്യൂമറാണെന്നുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് വത്തിക്കാൻ. മാർപ്പാപ്പയ്ക്ക് ബ്രെയിൻ ട്യൂമറാണെന്ന് ഒരു ഇറ്റാലിയൻ ന്യൂസ്‌പേപ്പറാണ് കുപ്രചരണം നടത്തിയത്. 78-കാരനായ പോപ്പ് ഫ്രാൻസീസിന് ബ്രെയിൻ ട്യൂമറാണെന്ന് കുറച്ചുകാലം മുമ്പ് കണ്ടെത്തിയെന്നും പിന്നീട് ജാപ്പനീസ് വിദഗ്ധന്റെ മേൽനോട്ടത്തിൽ നടത്തിയ സ്‌കാനിംഗിൽ തലച്ചോറിൽ ചെറിയൊരു മുഴയുണ്ടെന്നും മറ്റുമാണ് ഇറ്റാലിയൻ ന്യൂസ്‌പേപ്പറായ Quotidiano Nazionale റിപ്പോർട്ട് ചെയ്തത്.

രോഗം ആരംഭഘട്ടത്തിലാണെന്നും സർജറി കൂടാതെ മുഴ നീക്കം ചെയ്യാൻ സാധിക്കുമെന്നും മറ്റും പത്രം വിശദമായി പറയുന്നു. മാർപ്പാപ്പയുടെ രോഗാവസ്ഥയെക്കുറിച്ചുള്ള വാർത്ത വന്നതിനെതിന്റെ അടിസ്ഥാനത്തിൽ നിഷേധക്കുറിപ്പുമായി വത്തിക്കാൻ വക്താവ് രംഗത്തെത്തി. വാർത്ത അടിസ്ഥാന രഹിതമാണെന്നും മാർപ്പാപ്പ തന്റെ പതിവു ജോലികളെല്ലാം വളരെ ഉത്സാഹത്തോടെ തന്നെ ചെയ്യുന്നുണ്ടെന്നും വത്തിക്കാൻ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള വാർത്തകൾ ചെവിക്കൊള്ളേണ്ടതില്ലെന്നും ഇവയ്ക്ക് മറുപടി നൽകേണ്ട കാര്യം തന്നെയില്ലെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ തങ്ങൾക്കു ലഭിച്ച വാർത്ത വിശ്വസനീയമാണെന്നും മാർപ്പാപ്പയുടെ അസുഖത്തെകുറിച്ചുള്ള വാർത്തയിൽ തങ്ങൾ ഉറച്ചുനിൽക്കുകയാണെന്നുമാണ് പത്രത്തിന്റെ എഡിറ്റർ ആൻഡ്രിയ കാൻഗിനി പറയുന്നത്. തങ്ങൾക്ക് ഇക്കാര്യത്തിൽ സംശയമൊന്നുമില്ലെന്നും വത്തിക്കാൻ നിഷേധക്കുറിപ്പ് ഇറക്കിയത് തങ്ങൾക്ക് മനസിലാക്കാൻ സാധിക്കുമെന്നും പത്രം പറയുന്നു. വളരെ വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നുള്ള വാർത്തയാണിതെന്നും അതുകൊണ്ടു തന്നെ ഇതു സത്യം തന്നെയാണെന്നുമാണ് എഡിറ്റർ പത്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ