- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ നോട്ടത്തിൽ ഒരു 90 ഡിഗ്രി വളവ്; ആഴ്ചയിൽ ഒരപകടം എന്നതും വാതക ചോർച്ച ഭയന്ന് അർദ്ധരാത്രിയിൽ പ്രദേശവാസികൾ കിടക്കപ്പായയിൽ നിന്ന് ഇറങ്ങിയോടുന്നതും പതിവും; മലബാറിന് പ്രതീക്ഷയായി ഇടപ്പള്ളി-മംഗളൂരു ആറുവരിപ്പാത; വട്ടപ്പാറ വളവിലെ അപകട കെണി ഇനി മാറും
കുറ്റിപ്പുറം: ഒരു പാട് ആർച്ചുകളാൽ താങ്ങി നിർത്തുന്ന പാലം. ഇടപ്പള്ളി-മംഗളൂരു ആറുവരിപ്പാതയുടെ ഭാഗമായി വളാഞ്ചേരിയിൽ വരുന്നത് അത്തരത്തിലൊരു വലിയ വയഡക്റ്റാണ്. ഇവിടെ നിർമ്മിക്കുന്നത് മലബാറിലെത്തന്നെ ഏറ്റവും വലിയ വയഡക്റ്റ് (viaduct) മേൽപാലമടങ്ങിയ ബൈപാസാണെന്നതാണ് വസ്തുത. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിനെയും വളാഞ്ചേരി നഗരത്തെയും ഒഴിവാക്കി 4.2 കിലോമീറ്ററിലധികം വരുന്ന ബൈപാസിൽ 2 കിലോമീറ്ററോളം നീളത്തിലുള്ള വയഡക്റ്റ് (കരയിൽ നിർമ്മിക്കുന്ന പാലം) ആണ് യാഥാർഥ്യമാവുക.
ആറുവരി ബൈപാസിൽ 2 വയഡക്റ്റ് പാലങ്ങളും 2 ചെറുപാലങ്ങളും അടിപ്പാതകളും ഉണ്ടാകും. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൽ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന വയഡക്റ്റ് പാലം വയലുകൾക്കും തോടുകൾക്കും മുകളിലൂടെ കടന്നുപോകും. പ്രധാന റോഡുകൾക്ക് മുകളിലും പാലം വരും. ഇങ്ങനെ കടന്നുപോകുന്ന ബൈപാസ് വട്ടപ്പാറ വളവിന് മുകൾഭാഗത്ത് എത്തിച്ചേരും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന് വലിയ വയഡക്റ്റാണ് താഴേക്ക് നിർമ്മിക്കുക. വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും തൂണുകളിലാണ് ആറുവരിപ്പാത കടന്നുപോവുക.
ഏറെ കുപ്രസിദ്ധമാണ് വട്ടപ്പാറ വളവ്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നും ഏതാണ്ട് 4 കി മീ ദൂരെ, പണ്ട് എൻഎച്ച് 17 എന്നും ഇന്ന് എൻഎച്ച് 66 എന്നും അറിയപ്പെടുന്ന ദേശീയ പാതപാതയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് വട്ടപ്പാറ. വെട്ടിച്ചിറയ്ക്കും വളാഞ്ചേരിക്കും ഇടയിൽ വട്ടപ്പാറയിലുള്ള ഒരു 'കുപ്രസിദ്ധ'മായ വളവാണ് 'വട്ടപ്പാറ വളവ്'. ഒറ്റ നോട്ടത്തിൽ വളരെ സാധാരണമായ ഒരു 90 ഡിഗ്രി വളവുമാത്രമാണ് ഇത് എങ്കിലും ആഴ്ചയിൽ ഒരപകടം എന്നതാണ് ഇവിടത്തെ ഒരു പതിവ്. വർഷാവർഷം ഈ വളവിൽ തലകുത്തനെ മറിഞ്ഞിട്ടുള്ള വണ്ടികൾക്ക് കണക്കില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെ നടന്നിട്ടുള്ളത് മുന്നൂറിൽ അധികം വാഹനാപകടങ്ങളാണ്. മുപ്പതിലധികം മരണങ്ങൾ, ഇരുനൂറിലധികം പേർക്ക് പരിക്കും.
പാചകവാതകവും, മറ്റു രാസലായനികളും, വാതകങ്ങളും മറ്റുമായി കൊച്ചിയിലേക്ക് പോകുന്ന ടാങ്കർ ലോറികളാണ് ഇവിടെ സ്ഥിരമായി അപകടത്തിൽ പെടുന്നത്. ഇങ്ങനെയുണ്ടാകുന്ന അപകടങ്ങളുടെ പേരിൽ അർദ്ധരാത്രിയിൽ പലവട്ടം പ്രദേശവാസികൾ കിടക്കപ്പായയിൽ നിന്ന് ഇറങ്ങിയോടിയ ചരിത്രവുമുണ്ട്. വാതകചോർച്ച അവർക്കൊരു പുത്തരിയല്ല. ഏത് വാതകമാണ് ചോർന്നത്, തീപ്പിടിക്കാൻ സാധ്യതയുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സാധാരണ ഇവിടെ ഉയരുന്നത്. വളവിനെ സമീപിക്കുമ്പോൾ റോഡിനുള്ള ഇറക്കം, വളവിലെ റോഡ് നിർമ്മാണത്തിൽ പ്രതലത്തിന്റെ ചെരിവിന്റെ കാര്യത്തിൽ പാലിക്കേണ്ട ശാസ്ത്രീയതയുടെ കുറവ് തുടങ്ങിയവയാണ് ഇവിടെ തുടർച്ചയായ വാഹനാപകടങ്ങൾക്കു കാരണമാകുന്നത്.
അപകടങ്ങൾ നിത്യസംഭവങ്ങളായതോടെ നാട്ടുകാർ പലതവണ സംഘടിക്കുകയും സമരങ്ങൾ നടത്തുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ സമരം കടുത്തപ്പോൾ 2002 -ൽ ദേശീയ പാതാ അഥോറിറ്റി തന്നെ വളവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി രംഗത്ത് വന്നിരുന്നു. ആഴ്ചകളോളം അന്ന് റോഡ് അടച്ചിട്ടുകൊണ്ട് അവർ പണിനടത്തി. കോടികൾ ചെലവിട്ട് അന്നുനടത്തിയ അറ്റകുറ്റപ്പണികൾ ഒക്കെ വെറുതെയായി. പണി പൂർത്തിയാക്കി, മികച്ച സുരക്ഷാ മാനദണ്ഡങ്ങളും വേണ്ടത്ര മുന്നറിയിപ്പുകളും പ്രദർശിപ്പിച്ചുകൊണ്ട് റോഡ് രണ്ടാമതും തുറന്നതിന്റെ അടുത്തനാൾ വീണ്ടും അടുത്ത അപകടമുണ്ടായി. അപകടങ്ങൾക്ക് അറുതിവരാൻ രണ്ടു മാർഗങ്ങളാണ് നാട്ടുകാരും എഞ്ചിനീയർമാരും ഒക്കെ ചേർന്ന് നിർദ്ദേശിച്ചിട്ടുള്ളത്. ദേശീയപാതയിൽ വട്ടപ്പാറ വളവെത്തും മുമ്പുള്ള കഞ്ഞിപ്പുരയിൽ നിന്ന് വളാഞ്ചേരിക്കപ്പുറം മൂടാലിലേക്ക് നേരിട്ട് കണക്റ്റ് ചെയ്യുന്ന ഒരു ബൈപാസ് റോഡാണ് പരിഹാരങ്ങളിൽ ഒന്ന്. രണ്ടാമത്തെ പരിഹാരവും പുത്തനത്താണിയിൽ നിന്ന് തിരുന്നാവായ കുറ്റിപ്പുറം വഴി ട്രാഫിക് തിരിച്ചു വിടാൻ പാകത്തിന് റോഡുകൾക്ക് വീതികൂട്ടുക എന്നതാണ്. ഇതിൽ ആദ്യത്തേതാണ് നടക്കാൻ പോകുന്നത്.
2017 ഏപ്രിലിൽ സർക്കാർ പുറത്തുവിട്ട ഒരു കണക്ക് പ്രകാരം ദേശീയ, സംസ്?ഥാന പാതകളിലായി 71 അപകടമേഖലകളാണ് മലപ്പുറം ജില്ലയിലുള്ളത്. അതിൽ ഏറ്റവും അപകടകരമായ വളവാണ് വട്ടപ്പാറയിലേത്. മംഗലാപുരത്തിനും കൊച്ചിക്കും ഇടയിൽ നിരവധി ടാങ്കർലോറികൾ നിരന്തരം പൊയ്ക്കൊണ്ടിരിക്കുന്ന ഈ ദേശീയ പാതയിൽ ഇങ്ങനെ ഒരു അപകടവളവ് തുടർച്ചയായ അപകടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴും അതിനൊരു സ്ഥിരം പരിഹാരം കണ്ടെത്താൻ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിന് പുതിയ ബൈപ്പാസ് മാറ്റമുണ്ടാക്കും. അങ്ങനെ വട്ടപ്പാറ വളവിലെ അപടകം ഈ പാലം വരുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
പുതിയ പാലത്തിന് വേണ്ടിയുള്ള നിലമൊരുക്കൽ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാലങ്ങൾക്കുള്ള മണ്ണുപരിശോധന ഉടൻ പൂർത്തിയാകും. വട്ടപ്പാറ വളവിനു മുകളിൽനിന്ന് ദേശീയപാത ബൈപാസുമായി ബന്ധിപ്പിക്കുന്നതോടെ നൂറുകണക്കിന് അപകടങ്ങൾക്കു വഴിയൊരുക്കിയ വട്ടപ്പാറ വളവ് ദേശീയപാത ഭൂപടത്തിൽനിന്ന് ഒഴിവാകും. പുതിയ ഫ്ളൈഓവർ വരുന്നതോടെ വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. ജനുവരിയോടെ പാലത്തിന്റെ ജോലികൾ ആരംഭിക്കും.
ഇടപ്പള്ളി-മംഗളൂരു ആറുവരിപ്പാതയുടെ മറ്റു ജോലികളും അതിവേഗം നടക്കുന്നുണ്ട്. ജില്ലയിൽ നിർമ്മിക്കുന്ന പാലങ്ങളുടെയും ഫ്ളൈഓവറുകളുടെയും മണ്ണുപരിശോധന അവസാനഘട്ടത്തിൽ. കോട്ടയ്ക്കൽ മുതൽ ഇടിമുഴിക്കൽവരെയുള്ള ഭാഗത്തെ പാലങ്ങൾക്കുള്ള പരിശോധന പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ വളാഞ്ചേരി ബൈപാസിലും കുറ്റിപ്പുറത്തുമാണ് മണ്ണുപരിശോധന പുരോഗമിക്കുന്നത്. ഭാരതപ്പുഴയിൽ നിർമ്മിക്കുന്ന പാലത്തിനുള്ള പരിശോധന അടുത്തയാഴച ആരംഭിക്കും.
പൊന്നാനി ചമ്രവട്ടം ജംക്ഷനിലും മേൽപാലം നിർമ്മിക്കും. ഒരുമാസത്തിനകം മണ്ണു പരിശോധന പൂർത്തിയാകും. ഫ്ളൈഓവറുകളുടെയും പാലങ്ങളുടെയും ഡിസൈനിന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണു സൂചന. തുടർന്ന് പൈലിങ് ജോലികൾ ആരംഭിക്കും. ജില്ലയിലൂടെ കടന്നുപോകുന്ന 73 കിലോമീറ്റർ പാതയുടെ നിലമൊരുക്കൽ ജോലികൾ പുരോഗമിക്കുകയാണ്. പാത കടന്നുപോകുന്ന ഭാഗങ്ങളിൽ ഒരേസമയം നൂറുകണക്കിന് തൊഴിലാളികളെ ഉപയോഗിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. ജില്ലയിൽ എല്ലായിടത്തും ഒരേസമയം ജോലികൾ നടക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ