- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
തിരുവനന്തപുരം: നേമം കഴിഞ്ഞാൽ അതിശക്തമായ ത്രികോണ പോര് തിരുവനന്തപുരത്ത് നടക്കുക കഴക്കൂട്ടത്തും വട്ടിയൂർക്കാവിലുമാകും. ഇതിൽ വട്ടിയൂർക്കാവിലാകും അതിശക്തമായ മത്സരം നടക്കാനിട. അഞ്ചു കൊല്ലം മുമ്പ് ഇവിടെ ജയിച്ചത് കോൺഗ്രസിന്റെ കെ മുരളീധരൻ. രണ്ടാമത് എത്തിയത് ബിജെപിയുടെ കുമ്മനം രാജശേഖരൻ. സിപിഎം മൂന്നാമതും. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സിപിഎമ്മിന് വേണ്ടി പ്രശാന്ത് എന്ന മേയർ ബ്രോ പിടിച്ചു. കോൺഗ്രസിന്റെ കെ മോഹൻകുമാർ രണ്ടാമനായി. ബിജെപിയുടെ സുരേഷ് മൂന്നാമനും. അതുകൊണ്ട് തന്നെ മൂന്ന് പാർട്ടികൾക്കും അത്ഭുതം കാട്ടാനാകുന്ന മണ്ണാണ് വട്ടിയൂർക്കാവിലേത്.
തിരുവനന്തപുരം നോർത്തിൽ നാലു തവണ ജയിച്ച ചരിത്രം സിപിഎമ്മിന്റെ എം വിജയകുമാറിനുണ്ട്. വട്ടിയൂർക്കാവായി മണ്ഡലം മാറിയപ്പോൾ വിജയകുമാറും മാറി. ഇതോടെ മുരളീധരൻ വട്ടിയൂർക്കാവിനെ യുഡിഎഫ് കോട്ടയാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപി നോട്ടമുണ്ടാക്കിയിട്ടുമുണ്ട്. മരുളീധരൻ മാറുമ്പോൾ പ്രശാന്ത് ജയിച്ചത് എല്ലാ വിഭാഗത്തേയും അടുപ്പിച്ചാണ്. എന്നാൽ വട്ടിയൂർക്കാവിനുള്ളത് വലതു പക്ഷ മനസ്സാണെന്ന് കരുതുന്നവർ ഏറെയാണ്. അതിനാൽ മികച്ച സ്ഥാനാർത്ഥിയെ നിർത്താനാണ് കോൺഗ്രസ് തീരുമാനം. അതിശക്തനെ തന്നെ ഇറക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് വി എംസുധീരൻ സ്ഥാനാർത്ഥി പട്ടികയിലെ ഒന്നാം പേരുകാരനാകുന്നത്.
പതിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ വി.കെ. പ്രശാന്ത് തന്നെയാവും എൽഡിഎഫ് സ്ഥാനാർത്ഥി. ഇവിടത്തെ എംഎൽഎയായിരുന്ന കെ. മുരളീധരൻ എംപി സ്ഥാനം രാജിവച്ച് മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എംപിമാർ മൽസരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം വന്നതോടെ ആ നീക്കം ഉപേക്ഷിച്ച മട്ടാണ്. ഇതോടെയാണ് മികച്ച സ്ഥാനാർത്ഥിക്കായി അന്വേഷണം തുടങ്ങിയത്. യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണങ്കിലും ഉപതിരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്ത് പതിനാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതാണ് വലതു ക്യാംപുകളിൽ ആശങ്കയുയർത്തുന്നത്.
മുൻ കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ രംഗത്തിറങ്ങുമെന്ന പ്രചാരണം അന്തരീക്ഷത്തിൽ സജീവമാണ്. എന്നാൽ അത്തരം ഒരു ആലോചനയേ ഇല്ലെന്നാണ് സുധീരന്റെ മറുപടി. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നും പറയുന്നു. ഇതോടെയാണ് മറ്റ് പേരുകാരെ പരിഗണിക്കാൻ തുടങ്ങിയത്. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഇറങ്ങിയേക്കുമെന്നും പ്രചാരണമുണ്ട്. ജിജി തോംസണ് മത്സരിക്കാൻ ഒരു താൽപ്പര്യവുമില്ല. തന്നോട് ആരും അത്തരമൊരു കാര്യം സംസാരിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സമയവും പ്രായവും കഴിഞ്ഞു പോയെന്നാണ് തന്റെ വിലയിരുത്തലെന്നുമാണ് ജിജി തോംസൺ പറയുന്നത്.
പഴയ ബ്ലാക് മെയിൽ കേസ് ചർച്ചയാക്കാൻ ജിജി തോംസണ് താൽപ്പര്യമില്ല. ഇതിനൊപ്പം വിജയ സാധ്യതയിലും സംശയമുണ്ട്. എന്നാൽ കോൺഗ്രസിന്റെ ചാനൽ ചർച്ചയിലെ മുഖമായ ജ്യോതികുമാർ ചാമക്കാലയ്ക്ക് വട്ടിയൂർക്കാവിൽ നല്ല പ്രതീക്ഷയാണുള്ളത്. പത്തനാപുരം അടക്കമുള്ള മണ്ഡലങ്ങളിൽ ചാമക്കാലയുടെ പേര് പരിഗണിക്കുന്നുണ്ട്. എന്നാൽ വട്ടിയൂർക്കാവിനോട് ചാമക്കാലയ്ക്ക് വലിയ താൽപ്പര്യമാണുള്ളത്. ഗായകനായ ജി വേണുഗോപാലിനേയും വട്ടിയൂർക്കാവിൽ കോൺഗ്രസ് പരിഗണിക്കുന്നു. ഗായകനും മത്സരിക്കുന്നതിനോട് താൽപ്പര്യമില്ലെന്നാണ് സൂചന.
വട്ടിയൂർക്കാവിൽ സുരേഷ് ഗോപിയും വിവി രാജേഷുമാണ് ബിജെപിയുടെ പരിഗണനാ പട്ടികയിൽ. ഇതിൽ രാജേഷിനാണ് കൂടുതൽ സാധ്യത. ബിജെപി ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ രാജേഷ് തന്നെയാകും മത്സരിക്കുക. അതിശക്തമായ മത്സരം വട്ടിയൂർക്കാവിൽ രാജേഷിന് നടത്താനാകുമെന്നാണ് ആർ എസ് എസിന്റെ പ്രതീക്ഷ. മുമ്പ് വട്ടിയൂർക്കാവിൽ രാജേഷ് മത്സരിച്ചിട്ടുണ്ട്. മോദി ഭരണമെത്തുന്നതിന് മുമ്പുള്ള തെരഞ്ഞെടുപ്പിൽ പ്രതീക്ഷച്ചതിലും വലിയ മുന്നേറ്റം രാജേഷ് നടത്തിയിരുന്നു.
കെ.മുരളീധരൻ വടകര മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സിപിഎം സീറ്റ് പിടിച്ചെടുത്തത്. 2016ൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സിപിഎം ഉപതെരഞ്ഞെടുപ്പിൽ മേയറായിരുന്ന വി.കെ പ്രശാന്തിനെ നിർത്തിയാണ് വിജയിച്ചത്. 2016ലും 2011ലും കെ.മുരളീധരനായിരുന്നു വിജയിച്ചത്. 2016ൽ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ