തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങളിൽ സർക്കാർ ജീവനക്കാരുടെ അർഥപൂർണമായ ഇടപെടലാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ജീവനക്കാരിൽനിന്ന് സർക്കാരും ജനങ്ങളും പ്രതീക്ഷിക്കുന്നത് ഇതാണ്. ഇതിനായി പുതിയ സേവനസംസ്‌കാരം സ്വയം വളർത്തിയെടുക്കണമെന്നും സർക്കാർ വിശദീകരിക്കുന്നു. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ് സർക്കാർലക്ഷ്യം. ഈ കാര്യത്തിൽ ജീവനക്കാർ മുഖ്യപങ്ക് വഹിക്കണം. ജനോപകാരപ്രദ സിവിൽ സർവീസ് തിരിച്ചുപിടിക്കാൻ സംഘടനകളും ജീവനക്കാരും ഒത്തൊരുമിച്ച് നിലകൊള്ളണമെന്നൊക്കെയാണ് സർക്കാർ പറയുന്നത്.

ഇതെല്ലാം അനുസരിക്കാൻ വട്ടിയൂർക്കാവ് വില്ലജ് ഓഫീസിലെ ജീവനക്കാർ തയ്യാറാണ്. സേവനവും നൽകാം. പക്ഷേ തങ്ങളുടെ ബുദ്ധിമുട്ട് അധികാരികൾ കണ്ണുതുറന്ന് കാണണമെന്നാണ് ഇവരുടെ ആവശ്യം. വട്ടിയൂർക്കാവ് വില്ലേജ് ഓഫീസിൽ ജീവനക്കാർ പണിയെടുക്കുന്നത് സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ്. തലക്ക് മുകളിൽ ഏതു നിമിഷവും മച്ചിളകി വീഴ്‌ന്നേക്കാം. നൂറ് വർഷത്തിലധികം പഴക്കമുണ്ട് കെട്ടിടത്തിന്. ദിവസവും മുന്നൂറോളം പേർ നിരവധി ആവശ്യങ്ങൾക്കായ് ഇവിടെ വന്നുപോകുന്നു. വില്ലജ് ഓഫീസറുടെ സീറ്റ് ഇപ്പോഴും കാലി. ഓഫീസർ ലീവാണെന്ന് തെറ്റിദ്ധരിക്കരുത്. മച്ചിന്റെ പാളികൾ ആകെ തകർന്നതോടെ ജീവൻ രക്ഷിക്കാനായ് മറ്റു ജീവനക്കാർക്കൊപ്പമാണ് വില്ലജ് ഓഫീസറും ഇരിക്കുന്നത്.

ഇവിടെ ആകെയുള്ളത് മൂന്ന് മുറികളാണ് അതിൽ വില്ലജ് ഓഫീസറുടെ മുറിയിൽ കയറിയാൽ തലയിൽ പലക വീഴുമെന്ന കാര്യം ഉറപ്പാണ്. മധ്യഭാഗത്തെ മുറിയിലാണ് വില്ലജ് ഓഫീസിന്റെ മുഴുവൻ പ്രവർത്തനവും നടക്കുന്നത്. ശേഷിക്കുന്ന മുറിയിലാണ് ഫയലുകൾ സൂക്ഷിക്കുന്നത്. മരപ്പട്ടിയുടെ വിസർജ്യം വീഴുന്നത് കാരണം ഉദ്യോഗസ്ഥർക്ക് ഫയലുകൾ ഇവിടെ സൂക്ഷിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. പ്രാഥമിക ആവശ്യങ്ങക്ക് പോലും വേണ്ട സൗകര്യങ്ങൾ ഓഫീസിലില്ല.

നിലവിലെ വില്ലജ് ഓഫീസറായ മോഹനൻ എം ഒരുവർഷം മുൻപ് ഓഫീസിന്റെ ശോചനീയാവസ്ഥതയെ കുറിച്ച് പിഡബ്ല്യുഡിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടർന്ന് നിരവധി നടപടി ക്രമങ്ങൾക്ക് ശേഷം ടെൻഡർ സ്വീകരിക്കാനുള്ള താമസം മാത്രമേ ഇനി ഉള്ളു എന്നാണ് വില്ലേജ് ഓഫീസർ പറയുന്നത്. മറ്റു ജീവനക്കാരും ഓഫീസിന്റെ ശോചനിയാവസ്ഥയിൽ സഹികെട്ട അവസ്ഥയിലാണ്. ഇടുങ്ങിയ ഒറ്റമുറിയിലാണ് ഓഫീസിലെ എല്ലാ ജീവനക്കാരും ഇരിക്കുന്നത്. ഇഴജന്തുക്കളുയുടെ ശല്യം വേറേയും .

വില്ലജ് ഓഫീസിൽ എത്തുന്നവരുടെ ദേഹത്ത് ഓടിളകി വീഴുന്നത് പതിവാണ്. വട്ടിയൂർക്കാവ് ജങ്ഷനിൽ അരയേക്കറോളം സ്ഥലത്താണ് വില്ലജ് ഓഫീസിൽ സ്ഥിതി ചെയ്യുന്നത്. തലസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ വില്ലേജ് ഓഫീസിൽ ഒന്നിന്റെ അവസ്ഥയാണിത്. ബാലറ്റ് ബോക്‌സുകൾ സൂക്ഷിക്കാനായി അടുത്തിടെ ഇലക്ഷൻ കമ്മീഷൻ വില്ലജ് വളപ്പിൽ ഒരു കെട്ടിടം നിർമ്മിച്ചിരുന്നു.

ഇവിടുത്തെ സെക്യൂരിറ്റിക്കായി എത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പ്രാഥമിക ആവിശ്യങ്ങൾക്കായുള്ള സൗകര്യം പോലും ഇവിടെ ഇല്ല. വില്ലജ് വളപ്പിലെ ശൗചാലയം പൊട്ടിപൊളിഞ്ഞിട്ട് മാസങ്ങൾ ഏറെയായി. ഇത് പുതുക്കി പണിയാൻ പോലും അധികൃതർ തയ്യാറല്ല.