- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം കയ്യിൽ നിന്ന് പൈസയെടുത്ത് ഫോറസ്റ്റിനും നാടിനും സേവനം ചെയ്ത തനിക്ക് ചെറിയ ഒരു ആദരമെങ്കിലും നൽകേണ്ടതല്ലേ; എല്ലാ നീക്കത്തിനും പിന്നിലും ഒരു വ്യക്തി; 30 വർഷം കൊണ്ട് പതിനായിരക്കണക്കിന് പാമ്പുകളും 202 രാജ വെമ്പാലകളേയും പിടിച്ച വാവ സുരേഷിന് പറയാനുള്ളത് അവഗണനയുടെ കഥ; സ്നേക്ക് മാസ്റ്റർ പ്രതികരിക്കുമ്പോൾ
തിരുവനന്തപുരം: വനം വകുപ്പിന്റെ നടപടികളിൽ അസ്വാഭാവികത കണ്ട് വാവ സുരേഷ്. പാമ്പു പിടിത്തക്കാർക്ക് വനം വകുപ്പ് നൽകിയ ലൈസൻസ് പട്ടികയിൽ വാവ സുരേഷ് ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനൊപ്പം വാവ സുരേഷിന്റെ ടിവി പരിപാടികളും വിലക്കി. ആ സാഹചര്യത്തിലാണ് വാവാ സുരേഷിന്റെ പ്രതികരണം.
നീക്കത്തിന് പിന്നിൽ തനിക്കെതിരായ ചിലരുടെ ഹിഡൻ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്നും ശക്തമായി പ്രതികരിക്കുമെന്നും വാവ സുരേഷ് പറഞ്ഞു. വനംവകുപ്പിന്റെ പുതിയ നിബന്ധനകൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. കേരളം എന്ന് പറയുന്ന സംസ്ഥാനം ഇപ്പോൾ വേറൊരു ലോകത്താണെന്നും വാവ് സുരേഷ് പറയുന്നു. ഇന്ത്യൻ ഫോറസ്റ്റ് ആക്ട് പ്രകാരം ഏതൊരു സംസ്ഥാനത്തും പാമ്പിനെ കൈ കൊണ്ട് പിടിക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ പ്രശ്നമില്ല. എന്നാൽ ഇവിടെ നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ മറ്റ് ചിലർക്ക് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് ചില ഓഫീസർമാർ അവർക്ക് വേണ്ടി കുട പിടിക്കുകയാണ്. ഒരു അജണ്ടയുടെ പേരിലാണ് കോവിഡ് വന്ന് ഇത്രയും ജനങ്ങൾ വീട്ടിലിരിക്കുന്ന സമയത്ത് വനം വകുപ്പിന്റെ കീഴിൽ പാമ്പുകൾക്കെതിരെ ബോധവത്കരണം നടത്തേണ്ട കാര്യമെന്താണ്. എല്ലാം ഒരു അജണ്ടയുടെ പേരിലാണ് നടക്കുെതെന്ന് വാവ സുരേഷ് പറയുന്നു.
വനത്തിൽ ഇന്ന് മാലിന്യം കൊണ്ടുപോയിടുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. ഇത് തടയാനോ വൃത്തിയാക്കാനോ ഉള്ള ആർജവം ആർക്കും കാണാനില്ല. 30 വർഷം കൊണ്ട് പതിനായിരക്കണക്കിന് പാമ്പുകളും 202 രാജ വെമ്പാലകളേയും പിടിച്ചു. ആ എന്നെ വിളിച്ച് ബോധവത്കരണ ക്ലാസ് നടത്താൻ അവർ തയ്യാറായിട്ടില്ല. സ്വന്തം കയ്യിൽ നിന്ന് പൈസയെടുത്ത് ഫോറസ്റ്റിനും നാടിനും സേവനം ചെയ്ത തനിക്ക് ചെറിയ ഒരു ആദരമെങ്കിലും നൽകേണ്ടതല്ലേ. തനിക്കെതിരെ നടക്കുന്ന നീക്കത്തിന് പിന്നിൽ ഒരു വ്യക്തിയാണെന്നും വാവ സുരേഷ് പറയുന്നു.
ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ കേരളത്തിൽ ഇനി 827 അംഗീകൃത പാമ്പുരക്ഷകർ ഉണ്ടെന്ന് വനം വകുപ്പ് പറയുന്നു. പക്ഷേ ഇതിൽ വാവ സുരേഷ് ഇല്ല. മലയാളികളുടെ സാമാന്യ ബോധത്തെ കളിയാക്കുന്ന വനം വകുപ്പിന്റെ ഈ പട്ടികയിൽ തിരുവനന്തപുരത്ത് 35 പാമ്പു പിടിത്തക്കാരാണുള്ളത്. സർട്ടിഫൈഡ് പാമ്പു പിടിത്തക്കാരെന്നാണ് ഇവർക്ക് വനം വകുപ്പ് നൽകുന്ന വിളിപ്പേര്. ഇതിലാണ് പാമ്പുകളുടെ തോഴനായി മലയാളികൾ കാണുന്ന വാവ സുരേഷിന്റെ പേരില്ലാത്തത്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് വാവ സുരേഷിന്റെ പ്രവർത്തനം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് സ്വാഭാവികമായി വരേണ്ട പേരാണ് വാവയുടേത്.
വനം വകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമാണ് പട്ടികയിലുള്ളത്. ഈ പട്ടികയിലുള്ളവർക്ക് പരിശീലനം കൊടുത്തവരിൽ പ്രധാനിയാണ് വാവ സുരേഷ്. എന്നാൽ വാവയ്ക്ക് കേരളത്തിൽ പാമ്പു പിടിക്കാനുള്ള സർട്ടിഫിക്കറ്റ് സർക്കാർ നൽകുന്നില്ലെന്നതാണ് വിചിത്രം. ഈ പട്ടികയ്ക്ക് പുറത്തുള്ളവർ പാമ്പു പിടിച്ചാൽ നിയമ നടപടി നേരിടേണ്ടി വരുമോ എന്ന് ആർക്കും വ്യക്തയില്ല. അതിനിടെ ഇത്തരമൊരു സർട്ടിഫിക്കറ്റോ ലൈസൻസോ കൊടുക്കാനുള്ള അധികാരം വനംവകുപ്പിനില്ലെന്നും സൂചനയുണ്ട്. വാവ സുരേഷിന് പണികൊടുക്കാനാണ് ഈ പട്ടിക തയ്യാറാക്കിയതെന്ന ആരോപണവും സജീവമാണ്. കേരളത്തിലെ പതിനാല് ജില്ലകളിലെ പേരുകളിലും വാവ സുരേഷിനെ ഉൾപ്പെടുത്തിയിട്ടില്ല.
മനുഷ്യവാസകേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടുക മാത്രമല്ല, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അവയെ എത്തിക്കുകകൂടി ഇവരുടെ ഉത്തരവാദിത്വമാണ്. വനംവകുപ്പിനുകീഴിൽ പരിശീലനം സിദ്ധിച്ച ഇവരിൽ വനംവകുപ്പ് ജീവനക്കാരും അതത് പ്രദേശങ്ങളിലെ സന്നദ്ധപ്രവർത്തകരുമുണ്ട്. സ്ത്രീകളടക്കമാണ് ഓരോ ജില്ലയിലും നിശ്ചിത എണ്ണം പാമ്പുരക്ഷകരുള്ളത്. ഏറ്റവുംകൂടുതൽപേർ മലപ്പുറത്തും (134) കുറവ് ആലപ്പുഴയിലുമാണ് (15). ഇതിൽ 280 പേർ വനംവകുപ്പ് ജീവനക്കാരാണ്. ബാക്കിയുള്ളവർ സന്നദ്ധ പ്രവർത്തകരും. ഇവർക്ക് പരിശീലനം കൊടുത്ത അദ്ധ്യാപകൻ കൂടിയാണ് വാവ സുരേഷ്.
അശാസ്ത്രീയ പാമ്പുപിടിത്തത്തിനെതിരേ നടപടിയെടുക്കാനാണ് വനംവകുപ്പ് തീരുമാനം. സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ ഇനി പാമ്പു പിടിക്കാൻ അനുമതി കൊടുക്കൂവെന്നാണ് നിലപാട്. അശാസ്ത്രീയമായ പാമ്പുപിടിത്തത്തിനും പാമ്പുകളെ ചിത്രീകരിക്കുന്നതിനുമെതിരേയും വനംവകുപ്പ് രംഗത്തെത്തി. പാമ്പുപിടിത്തവുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്യുന്ന രണ്ട് മലയാളം ചാനലുകൾക്ക് പരിപാടി നിർത്തിവെക്കാൻ ആവശ്യപ്പെട്ട് വനംവകുപ്പ് നോട്ടീസ് നൽകി. ഇതും വാവ സുരേഷിനെ ലക്ഷ്യമിട്ടായിരുന്നു.
കൈരളി ടിവിയിലെ വാവ സുരേഷിന്റെ അഭിമുഖവും കേരള കൗമുദിയിലെ സ്നേക് മാസ്റ്ററും തടയാനായിരുന്നു ഈ നീക്കം. പാമ്പുകളെ ദൃശ്യമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് നോട്ടീസിൽ പറയുന്നു. അന്താരാഷ്ട്ര ചാനലുകളായ ഡിസ്‌കവറി, നാഷണൽ ജിയോഗ്രാഫിക്, ആനിമൽ പ്ലാനറ്റ് എന്നിവയ്ക്ക് ഇത് ബാധകമാണോ എന്നതിൽ വ്യക്തതയില്ല. ഈ ചാനലുകൾ മുഴുവൻ പാമ്പു പിടിത്തമാണ് കാണിക്കുന്നത്,
മറുനാടന് മലയാളി ബ്യൂറോ