- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയാൾ പാമ്പുപിടുത്തക്കാർക്ക് പോലും അപമാനം; പാമ്പാട്ടി സുരേഷിനെ വെറുതെ വിടാൻ പാടില്ലായിരുന്നു; ജഡ്ജിക്കും ബോധ്യപ്പെട്ടിരുന്നു അനുഭവസാക്ഷ്യങ്ങൾ; മറുനാടനൊപ്പം ഉത്രക്കേസ് തെളിയിച്ച കഥ വാവ സുരേഷ് പറയുമ്പോൾ
തിരുവനന്തപുരം: ഉത്രക്കേസിൽ സൂരജിനെ സാഹായിച്ച പാമ്പുപിടിത്തക്കാരനെതിരെ വാവ സുരേഷ്. അയാൾ പാമ്പുപിടുത്തക്കാർക്ക് പോലും അപമാനമാണ്. പമ്പാട്ടി സുരേഷിനെ വെറുതെ വിടാൻ പാടില്ലായിരുന്നുവെന്നും വാവ സുരേഷ്. ഉത്രവധക്കേസ് വിധി ദിനത്തിൽ മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കേസിനെക്കുറിച്ചും കേസന്വേഷണത്തിലെ അനുഭവങ്ങളെക്കുറിച്ചും വാവാസുരേഷ് മനസ്സുതുറന്നത്.
അയാൾ നൂറുശതമാനം അറിഞ്ഞുകൊണ്ടാണ് കൊലപാതക ശ്രമത്തിൽ ഭാഗവാക്കായത്.എന്തുകൊണ്ട് അയാളെ വെറുതെ വിട്ടുവെന്നാണ് ഇപ്പോഴും ഞാൻ ചിന്തിക്കുന്നത്.ആദ്യം പാമ്പിനെക്കൊടുത്ത് ശ്രമം പാളിയതിനെപ്പറ്റിയൊക്കെ അറിഞ്ഞിട്ടും രണ്ടാമതും ഇതേ ആൾ തന്നെ പാമ്പിനെ കൊടുത്തുവെന്നിടത്താണ് അയാൾ കുറ്റക്കാരനാകുന്നത്.എങ്കിലും ഫോറസ്റ്റിന്റെ കേസിൽ അയാൾ പ്രതിയാകുമെന്നാണ് പ്രതീക്ഷ.തങ്ങളുടെ മേഖലയ്ക്ക് തന്നെ കളങ്കമായേക്കാവുന്ന കേസിലാണ് ഇന്ന് വിധി വന്നത് വാവസുരേഷ് പറഞ്ഞു.
ആദ്യശ്രമത്തിൽ തന്നെ ഉത്രമോൾ മരണപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും ഈ കേസ് തെളിയില്ലായിരുന്നു. ഞാൻ പറയുന്ന വാദങ്ങൾ ഒന്നും തന്നെ ഇന്ന് എന്നെ കേൾക്കുന്നവർ കേട്ടെന്നോ വിശ്വസിച്ചെന്നോ വരില്ല.പക്ഷെ ഇപ്പോൾ വിധിയിൽ പൂർണ്ണ തൃപ്തിയുണ്ട്. ഒരു ദയയും അർഹിക്കാത്ത ക്രുരനാണ് സുരജ്.താൻ പറഞ്ഞ വാദങ്ങൾ ശരിയായതിൽ ഇപ്പോൾ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പാമ്പുമായി ബന്ധപ്പെട്ട എന്ത് സംഭവമുണ്ടായാലും ഞാനതിനെ സംശയത്തോടെ മാത്രമെ നോക്കാറുള്ളു.ഒരു വീട്ടിൽ പാമ്പിനെ പിടിക്കാനായി പോയാൽ വെറുതെ പിടിച്ച് വരുന്നതിന് പകരം പാമ്പ് എങ്ങിനെ അകത്ത് കയറി അതിനുള്ള സാഹചര്യങ്ങൾ തുടങ്ങി എല്ലാ കാര്യവും ഞാൻ നോക്കാറുണ്ട്. ഉത്രക്കേസിലും ഉണ്ടായത് അതാണ്. സംഭവത്തിലെ ചില പൊരുത്തക്കേടുകളാണ് എന്നെ ആ വിട്ടിലെത്തിച്ചത്.തന്റെ 35 വർഷത്തോളം വരുന്നു അനുഭവത്തിൽ ഒരു അണലി പാമ്പിനെയും രണ്ടാമത്തെ നിലയിൽ നിന്ന് കിട്ടിയതായി ഓർമ്മയില്ല.സംഭവത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് ഉത്രയുടെ ഭർത്താവിന്റെ വീടിന് സമീപത്ത് പാമ്പിനെ എടുക്കാനായി പോയപ്പോഴായിരുന്നു.രണ്ടാമത്തെ നിലയിൽ അണലി കയറിയെന്നറിഞ്ഞപ്പോൾ തന്നെ ഒരിക്കലും അത് സംഭവിക്കല്ലെന്ന് ഞാൻ പറഞ്ഞിരുന്നു.
അതായത് ഉത്രമോളെ ആദ്യമായി പാമ്പ് കടിച്ചപ്പോൾ.. അന്ന് സമീപത്തെ വീട്ടുകാരോട് ഇക്കാര്യം വേറെയാരെയെങ്കിലും ധരിപ്പിക്കാൻ ഞാൻ പറഞ്ഞിരുന്നു പക്ഷെ അവർക്ക് ഭയമായിരുന്നു.തങ്ങളുടെ ബന്ധുവാണെന്നും ഈ സംശയം പറഞ്ഞാൽ പിന്നെ തങ്ങൾക്കിവിടെ ജീവിക്കാൻ കഴിയില്ലെന്നുമായിരുന്നു അവരുടെ പക്ഷം.ഈ സംശയങ്ങൾ അടുത്ത സുഹൃത്തുക്കളോടും പങ്കുവെച്ചിരുന്നു. പക്ഷെ എന്തുകൊണ്ടൊ അത് എന്റെ മാത്രം ശംയമായി തുടർന്നു.പക്ഷെ അണിലിയുടെ കടിയിൽ ചികിത്സയിലിരിക്കെ രണ്ടുമാസം കഴിഞ്ഞാണ് അടുത്ത കടിയേൽക്കുന്നതും ഉത്ര മരണപ്പെടുന്നതും. അ നിമിഷം ഞാൻ ഇതുകൊലപാതകമാണെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ ആരും തന്റെ വാദങ്ങൾ കേട്ടില്ല. ഒടുവിലാണ് എന്റെ സംശയങ്ങൾ ഞാൻ മറുനാടനുമായി പങ്കുവെക്കുന്നതും നിങ്ങൾ നൽകിയ വാർത്തയിലുടെ ഇത് ചർച്ചയാകുന്നതും.
ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ എന്നെ വിളിക്കുന്നത്.സൂരജ് ആയിരിക്കും വില്ലനെന്ന് ഞാൻ പറഞ്ഞതോടെ രാത്രി കാലങ്ങളിൽ ചില തെറിവിളി ഫോൺ കോളുകൾ ഒക്കെ തനിക്ക് വന്നിരുന്നു.അത് ഞാൻ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.ഇതിനൊപ്പം തന്നെ എന്റെ നിരീക്ഷണങ്ങൾ ഞാൻ കുറച്ച് പേരോട് പറഞ്ഞ് അത് ഉത്രയുടെ അച്ഛനെ ധരിപ്പിക്കുവാനും പരാതികൊടുക്കുവാനും എൽപ്പിച്ചിരുന്നു.അവരുടെ വാദങ്ങൾ ബോധ്യപ്പെട്ടതോടെയാണ് അച്ഛൻ പരാതിയുമായി വരുന്നത്. ലോക്കൽ പൊലീസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഹരിശങ്കർ സാറിനാണ് പരാതി നൽകിയത്.
തുടർന്ന് അന്വേഷണത്തിന്റെ ഒരോഘട്ടത്തിലും എന്നെ അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. വിസ്താരത്തിന്റെ സമയത്ത് രണ്ട് ദിവസങ്ങളിലായി ഏഴ് മണിക്കൂറോളം കോടതിയിൽ മൊഴി നൽകി.കൊലപാതകമാണെന്ന സംശയം ഞാൻ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നു. അന്വേഷണം പുരോഗമിച്ച് നാലോ അഞ്ചോ ദിവസം പിന്നിട്ടപ്പോഴാണ് അവരും ആ നിഗമനത്തിലേക്കെത്തിയത്. പക്ഷെ അവർക്കുണ്ടായിരുന്ന പ്രധാന സംശയം പാമ്പിനെ പിടിച്ച് പരിചയമില്ലാത്ത ഒരാൾക്ക് പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ പറ്റുമോ എന്നായിരുന്നു. എന്നാൽ അതല്ലെന്നും പ്രതിക്ക് പാമ്പിനെ ഉപയോഗിച്ച് പരിചയമുണ്ടെന്നും ഞാൻ തറപ്പിച്ച് പറഞ്ഞു. മാത്രമല്ല ഉറങ്ങിക്കിടക്കുന്ന ഒരാളെ ഒരിക്കലും പാമ്പ് കടിക്കില്ലെന്നും ഞാൻ വ്യക്തമാക്കിയിരുന്നു.
കോടതിയിൽ ഇക്കാര്യങ്ങൾ ഒക്കെത്തന്നെയും പറഞ്ഞപ്പോൾ ജഡ്ജ് എന്നോട് ചോദിച്ചത് എത്രത്തോളം കടികൾ കൊണ്ടിട്ടുണ്ടെന്ന്. കിട്ടിയ കടിയുടെയും അനുഭവത്തിന്റയും സാക്ഷ്യം പറഞ്ഞപ്പോൾ ജഡ്ജിയുടെ മറുപടി ഇത്രയും അനുഭവമുള്ള ഒരാൾ ഉള്ളപ്പോൾ മറ്റൊരു ശാസ്ത്രീയ തെളിവിന്റെയും ആവശ്യമില്ലെന്നായിരുന്നു.പ്രതിഭാഗം ശക്തമായി എതിർത്തിരുന്നു. ഇതിനെത്തുടർന്നാണ് ഒരു ചാനൽ പ്രോഗ്രാമിനായി ഞാനും സംഘവും സംഭവം നടന്ന വീട് സന്ദർശിച്ച് വീഡിയോ ശേഖരിച്ചത്. പാമ്പ് വന്നു എന്ന് പറയുന്ന വഴിയിൽ ആറ് മാസമായി പറ്റിപിടിച്ചിരിക്കുന്ന പൊടിപോലും അങ്ങിനെ ഉണ്ടായിരുന്നു. അതോക്കെ ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദങ്ങളെ ഘണ്ഡിച്ചത്.
ഇതിനൊക്കെയുള്ള ചെലവും ഞാൻ സ്വന്തമായാണ് വഹിച്ചത്. കാരണം ഈ സംഭവം ഞങ്ങളുടെ മേഖലയ്ക്കു തന്നെ കളങ്കമായേക്കാവുന്ന ഒന്നായിരുന്നു. അതിന്റെ സത്യാവസ്ഥ തെളിയിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നിയിരുന്നു.ജനങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രതിഛായ തന്നെ ഇല്ലാതാക്കുന്ന തരത്തിലായിരുന്നു ആ സമയത്തെ പ്രചരണം.അതുകൊണ്ടാണ് സ്വന്തം ചെലവിൽ ഇതിന് മുന്നിട്ടിറങ്ങിയത്.
അന്വേഷണത്തിലെ ഒരു മറക്കാനാവാത്ത അനുഭവം ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി കൊടുക്കാനായി പോയപ്പോൾ എന്നെ കാണിച്ച് സൂരജിനോട് അറിയാമോ എന്ന് ചോദിച്ചു. അറിയില്ലെന്നായിരുന്നു മറുപടി. ഏറ്റവും രസകരം ഇതേ സുരജാണ് കേസിന്റെ ആദ്യഘട്ടത്തിൻ ഞാനാണ് അയാൾക്ക് പാമ്പാട്ടി സുരേഷിനെ പരിചയപ്പെടുത്തിക്കൊടത്തു എന്നു പറഞ്ഞത്. കേസിൽ ഞാൻ പൊലീസിനെ സഹായിക്കുന്നുവെന്നറിഞ്ഞ് എന്നെ കുടുക്കുക മാത്രമായിരുന്നു ലക്ഷ്യം.അന്ന് ഞാൻ രക്ഷപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥർ എന്റെ കോൾ ലിസ്റ്റ് പരിശോധിച്ചതുകൊണ്ട് മാത്രമാണ്.
പേരിലെ സാമ്യമാണ് തനിക്ക് വിനയായത്. രണ്ടും സുരേഷ് ആയതുകൊണ്ട് ആൾക്കാർക്ക് തിരിച്ചറിയാൻ പോലും പ്രയാസമായി.ആ സുരേഷുമായി എനിക്ക് യാതൊരുവിധ പരിചയവുമില്ല ആകെയുണ്ടായിരുന്നത് ഒരിക്കൽ അതിരാവിലെ ഞാൻ പാമ്പുപിടുത്തം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ എന്റെ വീട്ടുമുറ്റത്ത് ഒരു ജീപ്പ് കിടക്കുന്നു.അതിൽ ഈ സുരേഷും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു.അന്ന് എന്നോട് ഒന്നും സംസാരിക്കാതെ നേരെ വന്ന് എന്റെ കാൽതൊട്ട് വന്ദിച്ച് ഇറങ്ങിപ്പോയി.ഇതാണ് നമ്മൾ നേരിൽ കണ്ട ഒരേ ഒരു സംഭവം. പക്ഷെ അതിന് ശേഷം അയാൾ പ്രചരിപ്പിക്കുന്നത് എന്റെ ശിഷ്യനാണെന്ന് പറഞ്ഞാണ്.
ഉത്രക്കേസിലെ മറ്റൊരു വസ്തുത സുരജിന്റെ അച്ഛനും അമ്മയും പ്രതിയായില്ല എന്നതാണ്. അവർക്കും ഇതറിയാമായിരുന്നുവെന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. ഒരു വീട്ടിലേക്ക് ഒരു കവർ കൊണ്ടുവന്നാൽ സ്വാഭാവികമായും അതെന്താണെന്ന് അന്വേഷിക്കും. അപ്പോൾ തീർച്ചയായും ഇ സംഭവത്തിൽ അവർക്കും പങ്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
മറുനാടന് ഡെസ്ക്