യലാർ രവി എം പി കസേര എന്നൊഴിയും? ഇനിയും അദ്ദേഹം എം പിയായി കേരളത്തെയും മലയാളികളെയും എന്തുനന്നാക്കാനാണ്. ഇതുവരെ ചെയ്യാത്ത ഒരു കാര്യവും ഇനി അദ്ദേഹത്തിൽനിന്നും ആരും പ്രതീക്ഷിക്കേണ്ട. പ്രവാസി കാര്യ വകുപ്പ് അതും കേന്ദ്രത്തിൽ ക്യാബിനറ്റ് റാങ്കോടെ ഭരിച്ചിട്ട് പ്രവാസികളുടെ യാതൊരംഗീകാരവും വാങ്ങാൻ കഴിയാതെ വിമർശനം മാത്രം കേൾക്കേണ്ടിവന്ന ഈ മിടുക്കനെ ഇനി ദയവായി രാജ്യസഭയിലേക്ക് അയക്കരുത്.

കോൺഗ്രസിന്റെ കാര്യം ഞങ്ങൾ തീരുമാനിച്ചുകൊള്ളും എന്ന് നേതാക്കൾക്ക് പാദപൂജ ചെയ്യുന്ന കോൺഗ്രസുകാർ രോഷത്തോടെ പറയുമായിരിക്കാം. ഞങ്ങളുടെ രാജ്യസഭാ സീറ്റിൽ ആരും മെക്കിട്ട് കയറി വാചകമടിക്കാൻ വരേണ്ട എന്നും കോൺഗ്രസുകാർ പറയുമായിരിക്കും. എന്നാൽ രാജ്യവും സഭയും സീറ്റുമെല്ലാം ഈ നാട്ടിലെ ജനങ്ങളുടേതാണെന്നും അവർകൂടി പറയുന്നത് കേട്ട് പ്രവർത്തിച്ചാൽ തടിക്ക് നല്ലതെന്നും നാട്ടിലെ എല്ലാ കോൺഗ്രസുകാരും മനസിലാക്കണം. ഒരു പാട് ജനത്തെ കൊഞ്ഞനം കുത്തികാട്ടിയാൽ ഞങ്ങൾ ജനങ്ങൾ നിങ്ങളെ ദഹിപ്പിക്കാനും മടിക്കില്ല.

വയലാർ രവി ആ കട്ടിൽ ജീവിച്ചിരിക്കെ തന്നെ അടുത്ത തലമുറയ്ക്ക് നല്കണം. തനിക്ക് ശേഷം കോൺഗ്രസ് മുങ്ങിതാഴട്ടെ എന്ന രവി വാശിപിടിക്കരുത്. ചാക്കോ വേണോ, തങ്കച്ചൻ വേണോ എന്നും ഇവിടെ പ്രസക്തമാണ്. രവിമാറിയാൽ ചാക്കോ മൂപ്പൻ, അല്ലേൽ തങ്കച്ചൻ കാരണവർ. ഒരു പഴംചാക്ക് മാറുമ്പോൾ പുരയ്ക്കകത്തിരിക്കുന്ന പൂത്തുകെട്ടിയ വേറെ ചാക്കും ചാക്കോമാരെയും കാട്ടിയാണ് കോൺഗ്രസ് കേരളത്തിലെ മൂന്നേകാൽ കോടിവരുന്ന ജനത്തെ ഭയപ്പെടുത്തുന്നത്.

ജനത്തിനു സത്യത്തിൽ ഈ പറഞ്ഞതിൽ ഒരു പഴചാക്കിനേയും ആവശ്യമില്ല. നല്ല സുമുഖരും, തലയെടുപ്പുള്ളവരും, ചെറുപ്പക്കാരും തിങ്ങിനിറഞ്ഞു പാർട്ടിയിൽ നില്ക്കുന്നു. മാത്യു കുഴൽനാടൻ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എടുത്ത മിടുക്കനായ ചെറുപ്പക്കാരനും വക്കീലുമാണ്. അദ്ദേഹത്തിനു ഒരു കേസിൽ വരുന്ന ഫീസ് മൂല്യം രാജ്യത്തെ മുന് നിര അഭിഭാഷകരുടേതുപോലെയാണ്. എം.ലിജു, സിദ്ദിഖിന് ഇപ്പോൾ കുടുംബ വിഷയം വന്നെങ്കിലും അദ്ദേഹവും പാർട്ടിയിൽ മിടുക്കൻ തന്നെ. കൂടാതെ അവസരം ഇനിയും ലഭിക്കാത്ത മധ്യനിര നേതാക്കൾ എത്രയോ ഉണ്ട്. ഇവരെല്ലാം നിക്കറിട്ട കാലം മുതൽ കെ.എസ്.യു കൊടിയും പിടിച്ച് വളർന്ന് വെറും ശൂ ആയി നിൽക്കുമ്പോൾ വയലാർ രവിക്ക് മാറികൊടുത്തുകൂടെ.[BLURB#1-H] പ്രവാസി വകുപ്പ് കൈകാര്യം ചെയ്തപ്പോൾ രവിയുടെ കഴിവ് പ്രവാസികൾ കണ്ടതാണ്. കാര്യമായി ഒന്നും ചെയ്യാത്ത മന്ത്രി. പ്രവാസികൾക്ക് വോട്ടവകാശം കപ്പിനും ചുണ്ടിനും ഇടയിലാക്കി കൊതിപ്പിച്ചു കടന്നുകളഞ്ഞയാൾ. പ്രവാസികളുടെ പല കാര്യത്തിലും ഇച്ഛാശക്തിയില്ലാത്ത മന്ത്രി. വിദേശത്ത് കുറെ യാത്ര ചെയ്യുകയും ഓവർസീസ് കോൺഗ്രസ് സംഘടനകളുടേയും നേതാക്കളുടേയും സ്വീകരണവും മാത്രം വാങ്ങിയ ഒരു മന്ത്രി. നിർണ്ണായകമായ ഒരുപാട് തീരുമാനങ്ങൾ ചരിത്രപരമായി മലയാളികൾക്കും പ്രവാസികൾക്കും ലഭിക്കാൻ കൈവന്ന സുവർണ്ണ അവസരമായിരുന്നു രവിയുടെ മന്ത്രി സ്ഥാനം.[BLURB#2-VL] എന്നാൽ അദ്ദേഹം ആ അവസരങ്ങൾ ജീവിത സുഖങ്ങൾക്കും യാത്രകൾക്കുമായി ചെലവിട്ടു. മലയാളികൾക്ക് നഷ്ടവസന്തം സമ്മാനിച്ച വയലാർ രവി ഇനിയും പാർലിമെന്റിലേക്ക് പോകരുത്. സ്വയം ഒഴിയണം. ചാക്കോയേയും തങ്കച്ചന്മാരെയും ഒഴിവാക്കാനായി മാത്രം ഈ പണി വീണ്ടും ചെയ്യാൻ തുനിയരുത്. കോൺഗ്രസ് നിങ്ങളുടെ മാത്രമല്ലല്ലോ? രവിയും ചാക്കോയുമൊക്കെ മരിച്ചുകഴിഞ്ഞാൽ ഇവിടെ കോൺഗ്രസ് വേണ്ടെന്ന അറം പറ്റുന്ന നിലപാട് ഉപേഷിക്കണം. രവി ശേഷകാലം കേരളത്തിൽ നിന്നും പ്രവർത്തിക്കട്ടെ. വെറുതെയിരിക്കണ്ട. രാഷ്ട്രീയത്തിൽ സജീവമാകട്ടെ. കുറെ നാളായില്ലേ പശമുക്കിയ ഖദറിനു പകരം സ്യൂട്ടും കോട്ടുമിട്ട് സായിപ്പായി നടക്കുന്നു. ഇനി വടി ഖദറുമിട്ട് കേരളത്തിലെ കളരിയിൽ വന്ന് പുതിയ രാഷ്ട്രീയം കളിക്കാൻ ശീലിക്കുക. എന്റെ കാലം കഴിഞ്ഞിട്ടെ ഈ കട്ടിൽ ഞാൻ ഒഴിയൂ എന്ന് ചെറുപ്പക്കാരെയും, മധ്യവയസ്‌ക്കരെയും നോക്കി പിറുപിറുക്കരുത്. കാരണം വയലാർ രവീ നിങ്ങളേപോലുള്ളവർ വഴിമാറിയിട്ടും കസേര ഒഴിഞ്ഞിട്ടും വേണം ഇവിടെ അടുത്ത തലമുറയുടേയും, പുതുനിരയുടേരും പ്രതീക്ഷകൾ നിറവേറാൻ. പ്രിയ വയലാർജീ തൽക്കാലം നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പിലൂടെ ജനഹിതം അറിയാൻ ഇപ്പോൾ അവസരമില്ല. ജനഹിതമറിയാൻ നിങ്ങൾ സോഷ്യൽ മീഡിയ തുറക്കുക. അറിയില്ലെങ്കിൽ പേരക്കുട്ടികളെ വച്ചൊന്ന് തുറപ്പിച്ചുനോകുക. പ്രവാസികളും, ജനങ്ങളും അങ്ങയുടെ വീണ്ടുമുള്ള വരവിനെ പുറം കാലുകൊണ്ട് തട്ടിയെറിയുന്നത് കണ്ണു തുറന്നുകാണുക. വഴിമാറുക നേതാവേ...മരണം വരെ സൂക്ഷിക്കാൻ ഈ കസേരകളും, കട്ടിലുകളും ഒന്നും നിങ്ങളുടേതല്ല. ഞങ്ങൾ ജനങ്ങളുടേതു മാത്രമാണ്.

email..nmvins@gmail.com