തിരുവനന്തപുരം: വി എം സുധീരൻ പദവിയൊഴിഞ്ഞ കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഈഴവ സമുദായത്തിൽ നിന്നും തന്നെയുള്ള നേതാവിനെ നിയമിക്കണമെന്ന വാദമുയർത്തി മുതിർന്നനേതാവ് വയലാർ രവി. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുമ്പോൾ ജാതി-മത സമവാക്യങ്ങൾ നോക്കണമെന്നു പറഞ്ഞാണ് അദ്ദേഹം രംഗത്തെത്തിയത്.

ജാതിയും മതവും സത്യമാണ്. ഇന്ത്യൻ സമൂഹത്തിൽ അത് യാഥാർത്ഥ്യമാണ്. അത് ഇല്ലെന്ന് പറയാൻ താനില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ ജാതി-മത സമവാക്യങ്ങൾ നിർണായകമാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താനില്ലെന്നും ഉമ്മൻ ചാണ്ടി അതിന് അർഹനാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പേരുകൾ പരസ്യമായി പറയുന്നില്ലെന്നും വയലാർ രവി കൂട്ടിച്ചേർത്തു. നേതൃതലത്തിൽ കൃത്യമായ അഴിച്ചുപണി നടത്തിയാൽ മാത്രമെ കോൺഗ്രസിന് തിരിച്ചുവരാൻ സാധിക്കുവെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പരാമർശത്തെയും വയലാർ രവി വിമർശിച്ചു. ഒരു സുപ്രഭാതത്തിൽ പാർട്ടിയിലേക്ക് ഓടിക്കയറി വന്നയാളാണ് മണിശങ്കർ അയ്യർ. കോൺഗ്രസ് ശൈലി അറിയാത്തതുകൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിക്കുന്നതെന്നും വയലാർ രവി പറഞ്ഞു.

ബൂത്ത് തലം മുതൽ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇടത് പാർട്ടികളെ കൂടി ഉൾപ്പെടുത്തി വിശാലമായ മഴവിൽ സഖ്യം രൂപീകരിച്ചാൽ മാത്രമെ നരേന്ദ്രമോദിയുടെ മുന്നേറ്റത്തെ തടയാൻ കഴിയുള്ളൂവെന്നും മണിശങ്കർ അയ്യർ പറഞ്ഞിരുന്നു. കോൺഗ്രസിൽ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരെ തെരഞ്ഞെടുപ്പ് നടത്തണമെന്നും നേതാക്കളെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും മണിശങ്കർ അയ്യർ വിശദമാക്കിയിരുന്നു. ഇതിനെയാണ് വയലാർ രവി തള്ളിക്കളഞ്ഞതും.