കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുമായുള്ള സന്ദർശനത്തിന് പിന്നാലെ ഉടനെ നടത്താൻ തീരുമാനിച്ച ലോംഗ് മാർച്ച് സമരത്തിൽ നിന്ന് കീഴാറ്റൂരിലെ വയൽക്കിളി സമരസംഘം പിന്മാറുന്നു. സംസ്ഥാന സർക്കാരിനെതിരെ വലിയ പ്രക്ഷോഭമെന്ന നിലയിൽ ഉയർത്തിക്കൊണ്ടുവരാൻ തീരുമാനിച്ച ലോംഗ് മാർച്ച് ഉടൻ വേണ്ടെന്ന തീരുമാനത്തിലേക്കാണ് വയൽക്കിളികൾ എത്തിയിരിക്കുന്നത്.

ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടേയുമെല്ലാം പിന്തുണയോടെ ലോംഗ് മാർച്ച് നടത്തുമെന്നായിരുന്നു വയൽക്കിളികൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഉടൻ വേണ്ടെന്ന തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിട്ടുള്ളത്. തുടർ സമരത്തിന്റെ ഭാഗമായി തൃശൂരിൽ ഓഗസ്റ്റ് 11ന് സമര സംഗമം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വയൽക്കിളികൾ. ആ സംഗമത്തിൽവച്ചായിരിക്കും ലോംഗ് മാർച്ച് തീരുമാനിക്കുകയെന്നും അവർ പറയുന്നു.

സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഇത്തരമൊരു നിലപാട് വയൽക്കിളികൾ കൈക്കൊണ്ടിട്ടുള്ളതെന്നാണ് വിവരം. കണ്ണൂർ പിന്നിട്ടാൽ പിന്നീട് സമരത്തിന്റെ നേതൃത്വം തീവ്രവാദികൾ ഏറ്റെടുക്കുന്ന നിലവരുമെന്ന് ജയരാജൻ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രശ്‌നപരിഹാരത്തിന് സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പും ജയരാജൻ നൽകിയതായാണ് സൂചന. ഇതോടെയാണ് ഉടനെതന്നെ ലോംഗ് മാർച്ച് എന്ന നിലയിൽ സമരം സംസ്ഥാന വ്യാപകമാക്കി മാറ്റേണ്ടെന്ന നിലപാട് വയൽക്കിളികൾ സ്വീകരിക്കുന്നത്. വയൽക്കിളികൾ ശത്രുക്കളല്ലെന്നും സിപിഎമ്മിനു വേണ്ടി പി ജയരാജൻ പ്രതികരിക്കുകയും ചെയ്തിരുന്നു.

കീഴാറ്റൂർ എന്ന പാർട്ടി ഗ്രാമത്തിൽ ദേശീയപാതാ അലൈന്മെന്റ് വയലുകളിലൂടെ ആക്കി മാറ്റിയതിനെതിരെയാണ് വലിയ പ്രതിഷേധവുമായി പാർട്ടിയോട് തെറ്റി ഒരുവിഭാഗം കർഷകർ വയൽക്കിളികൾ എന്ന പേരിൽ സമരത്തിന് ഇറങ്ങുന്നത്. അടുത്തിടെ ഭൂമി ഏറ്റെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ ജീവൻപോയാലും വയലുകൾ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി ആത്മഹത്യാ ഭീഷണിയുമായി കർഷകർ വയലിൽ നിലയുറപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഇവരെ അറസ്റ്റുചെയ്ത് മാറ്റുകയും സിപിഎമ്മുകാരുടെ നേതൃത്വത്തിൽ ഇവരുടെ സമരപ്പന്തൽ കത്തിക്കുകയും ചെയ്തതോടെയാണ് സമരത്തിന് മറ്റൊരു മാനം കൈവന്നത്.

സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിക്കുകയും പൊലീസ് ഇത് നോക്കിനിൽക്കുകയും ചെയ്തത് വലിയ ചർച്ചയായി. കേരളമൊട്ടുക്കും ദേശീയതലത്തിൽ തന്നെയും ഇത് ചർച്ചയാവുകയും വയൽക്കിളികൾക്ക് പിന്തുണയുമായി സംസ്ഥാനത്തൊട്ടുക്കും നിന്ന് രാഷ്ട്രീയ ഭേദമെന്യേ നൂറുകണക്കിന് പേർ കീഴാറ്റൂരിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതോടൊപ്പം ബിജെപിയും റെഡ്ഫ്‌ളാഗും ഉൾപ്പെടെയുള്ളവരും പിന്തുണയുമായി എത്തി. ഇത്തരത്തിൽ സമരം ശക്തമാകുന്ന നിലവന്നതോടെ സിപിഎമ്മും സർക്കാരും ഒന്നയഞ്ഞു. അലൈന്മെന്റ് മാറ്റുന്നകാര്യം പരിഗണിക്കാമെന്ന നിലയിലേക്ക് പുതിയ ചർച്ചകൾ തുടങ്ങി. എന്നാൽ ഇതിലൊന്നും ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. മാത്രമല്ല, അലൈന്മെന്റ് മാറ്റുന്നകാര്യം ആലോചിക്കുകയേ വേണ്ടെന്ന് കേന്ദ്രവും നിലപാട് വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കൽ നിലപാടുമായി മുന്നോട്ടുപോകുമെന്നും ആഗസ്റ്റിനകം തന്നെ ഭൂമി ഏറ്റെടുത്ത് നൽകുമെന്ന് മന്ത്രി ജി സുധാകരനും കേന്ദ്രത്തിന് ഉറപ്പുനൽകിക്കഴിഞ്ഞു.

ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നതിനിടെയാണ് വയൽക്കിളികളും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനുമായി ചർച്ച കഴിഞ്ഞദിവസം നടന്നത്. സംസ്ഥാന സർക്കാരിനെതിരെ ലോംഗ് മാർച്ച് പോലൊരു സമരത്തിലേക്ക് കാര്യങ്ങൾ നീക്കരുതെന്നും ചില സ്ഥാപിത താൽപര്യക്കാരാണ് ഇതിന്റെ പേരിൽ വയൽക്കിളികളോടൊപ്പം അണിനിരക്കാൻ ഒരുങ്ങുന്നതെന്നും ജയരാജൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. മാത്രമല്ല, എലിവേറ്റഡ് റോഡ് നിർമ്മിച്ച് കീഴാറ്റൂർ മേഖലയിലെ പ്രശ്‌നം പരിഹരിക്കുന്ന കാര്യം ആലോചിക്കാമെന്നും സർക്കാരും ഉറപ്പു നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വയൽക്കിളികൾ ഇപ്പോൾ ഉടനെ ഒരു ലോംഗ് മാർച്ചിലേക്ക് കാര്യങ്ങൾ നീക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നാണ് സൂചന. കാര്യങ്ങളുടെ പുരോഗതി വിലയിരുത്തി ആഗസ്റ്റിന് ശേഷം മാത്രമാവും പ്രക്ഷോഭം ശക്തിപ്പെടുത്തണോ വേണ്ടയോ എന്ന് വയൽക്കിളികൾ തീരുമാനിക്കൂ.