കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിനിടെ കീഴാറ്റൂരിൽ സംഘർഷമുണ്ടാകുമെന്നു വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ. സിപിഎമ്മുമായി വയൽക്കിളികൾ നേരിട്ട് മത്സരത്തിനിറങ്ങുന്ന സ്ഥലമാണ് കീഴാറ്റൂർ. കള്ളവോട്ട് ചെയ്യാൻ സിപിഎം പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അതിന് അനുവദിക്കില്ലെന്നും സുരേഷ് കീഴാറ്റൂർ പറയുന്നു. കള്ളവോട്ട് ചെയ്യാൻ വയൽക്കിളികൾ അനുവദിക്കില്ല. ആ ചെറുത്തുനിൽപ്പിനിടെ ജീവൻ നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ട്. ജനാധിപത്യത്തിനു വേണ്ടി രക്തസാക്ഷിയാകാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് തന്റെ മരണക്കുറിപ്പാണ് എന്നു സൂചിപ്പിച്ച് സുരേഷ് കീഴാറ്റൂർ പറയുന്നത് അക്രമ സാധ്യതയെ കുറിച്ച് തന്നെയാണ്. ഭാര്യയും കുട്ടികളും ഒപ്പമുള്ളവരും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. കള്ളവോട്ടും സംഘർഷവും തടയാൻ കീഴാറ്റൂർ ബൂത്തിൽ സിസി ടിവി ക്യാമറ വയ്ക്കണമെന്ന ആവശ്യം അധികാരികൾ ചെവിക്കൊള്ളുന്നില്ല. സംഘർഷ സാധ്യതയുണ്ടായിട്ടും നിസംഗത തുടരുന്ന പൊലീസ് തന്റെ മൃതദേഹത്തിൽ റീത്ത് വെയ്ക്കണമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.

കഴിഞ്ഞ വർഷം 615 വോട്ടുകൾ പോൾ ചെയ്തപ്പോൾ 500ലധികം വോട്ടുകൾ നേടി സിപിഎം. ജയിച്ച സ്ഥലത്താണ് ഇക്കുറി വയൽക്കിളികൾ പോരാട്ടത്തിനിറങ്ങിയത്. നൂറിലധികം കള്ളവോട്ടുകൾ കീഴാറ്റൂരിനകത്തുണ്ട്. കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ 64ഓളം കള്ളവോട്ടുകൾ ചെയ്തപ്പോൾ അതിന്റെ ദൃശ്യങ്ങൾ സുരേഷ് കീഴാറ്റൂരാണ് പുറത്തുവിട്ടത്. പത്ത് മിനുട്ട് കഴിയുമ്പോൾ തന്നെ സിപിഎമ്മുകാർ സുരേഷിന്റെ വീട് വളഞ്ഞിരുന്നു.

തളിപ്പറമ്പ് നഗരസഭയിലേക്ക് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി.ലതയാണ് മത്സരിക്കുന്നത്. ദേശീയപാത ബൈപ്പാസിനായി കീഴാറ്റൂർ വയൽ നികത്തുന്നതിനെതിരെ വയൽക്കിളികൾ നടത്തിയ സമരം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അഞ്ഞൂറോളം വോട്ടുകൾക്ക് ജയിച്ച കീഴാറ്റൂർ വാർഡിലാണ് വയൽക്കിളികൾ ജനവിധി തേടുന്നത്. കീഴാറ്റൂർ സമരത്തിന്റെ ഭാഗമായി ഏറെ പ്രതിസന്ധികളെ അതിജീവിച്ച പി ലതയാണ് മാറ്റത്തിനായി വോട്ടുതേടുന്നത്.