തിരുവനന്തപുരം: ത്രിപുരയിലെ വൻതോൽവിയെ തുടർന്ന് ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം തികഞ്ഞ ജനാധിപത്യവിരുദ്ധ പാർട്ടിയാണെന്ന് നിരീക്ഷിക്കുന്നു മാധ്യമപ്രവർത്തകനായ വായുജിത്ത്.ഒരാളെ വെട്ടിക്കൊന്നതിന് ശേഷം അയാൾക്കെതിരെ കേട്ടുകേൾവിയില്ലാത്ത അവഹേളനവും വ്യക്തിഹത്യയും നടത്തുന്ന മറ്റൊരു പ്രസ്ഥാനമില്ല. അഞ്ചു വർഷം കഴിയുമ്പോൾ ഭരണത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നതു കൊണ്ടാണ് കേരളീയർ സിപിഎമ്മിനെ ശരിയായി മനസ്സിലാക്കാത്തത് . പത്തു വർഷം തുടർച്ചയായി ഭരിച്ചാൽ അത് കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്നും വായുജിത്ത് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ഇനി കാര്യത്തിലേക്ക് വരാം ..

രാഷ്ട്രീയ എതിരാളികളോട് പത്തുപൈസയുടെ മാന്യതയോ മര്യാദയോ കാണിക്കുന്ന പാർട്ടിയല്ല സിപിഎം . ഏതൊരു പ്രദേശത്തായാലും ശക്തി കൈവരിക്കുന്നതു വരെ ഉന്നതമായ ജനാധിപത്യ ബോധത്തെപ്പറ്റിയൊക്കെ വാ തോരാതെ സംസാരിക്കുകയും സമഗ്രാധിപത്യം കൈവന്നാൽ എതിർ ശബ്ദങ്ങളെ നിർദാക്ഷിണ്യം ഇല്ലാതാക്കുകയും ചെയ്യുന്ന പാർട്ടിയാണത്.

ഇതെല്ലാം ചെയ്തതിനു ശേഷം ഉളുപ്പില്ലാതെ ജനങ്ങളുടെ പേരിലിട്ട് വെർബൽ ഡയേറിയയും നടത്തിക്കളയും . ഒരാളെ വെട്ടിക്കൊന്നതിനു ശേഷം അയാൾക്കെതിരെ കേട്ടുകേൾവിയില്ലാത്ത അവഹേളനവും വ്യക്തിഹത്യയും നടത്തുന്ന മറ്റൊരു പ്രസ്ഥാനമില്ല . അതിൽ സാധാരണ അണികൾ തൊട്ടു ബുദ്ധിജീവികളെന്ന് നടിക്കുന്ന മൈൽഗുണന്മാർ വരെ പങ്കെടുക്കുകയും ചെയ്യും.

ലോകത്ത് കാപട്യവും ഇരട്ടത്താപ്പും പ്രധാന ആയുധങ്ങളായി സ്വീകരിച്ചിട്ടുള്ള മറ്റൊരു പാർട്ടി ഉണ്ടോയെന്ന് സംശയമാണ് .എന്ന് സമഗ്രാധിപത്യം കൈവരുന്നോ അന്ന് ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും ഇല്ലാതാക്കാനും തിരുത്താനും ശ്രമിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടികളും പ്രത്യേകിച്ച് ഇന്ത്യയിലെ സിപിഎമ്മും .

ഒരു മനുഷ്യനെ വെട്ടിക്കൊന്നതിനു ശേഷം അതിന്റെ ഒരു വർഷം തികയുമ്പോൾ കൊല്ലപ്പെട്ട സ്ഥലത്ത് നായ്ക്കുട്ടികളെ വെട്ടി കെട്ടിത്തൂക്കുന്ന മറ്റൊരു പ്രസ്ഥാനം ഈ ലോകത്തുണ്ടോ ?തിരഞ്ഞെടുപ്പിൽ നിന്നതിനു ഒരാളെ അടിച്ചു കയ്യും കാലും ഒടിച്ചതിനു ശേഷം ദേഹം മുഴുവൻ പ്‌ളാസ്റ്ററുമായി കിടക്കുന്നയാളെ അവഹേളിച്ച് തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിൽ മിമിക്രി കാണിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ ?

ഒരു സ്ത്രീയുടെ ഭർത്താവിനെ വെട്ടി തുണ്ടം തുണ്ടമാക്കിയതിനു ശേഷം തിരഞ്ഞെടുപ്പിനു നിന്നതിനു അവരെ മോശമായി അനുകരിച്ച് അവഹേളിച്ച വേറെ ഏതു പ്രസ്ഥാനമാണുള്ളത് ?

സോഷ്യൽ മീഡിയയിലായാൽ തന്നെ രാഷ്ട്രീയ എതിരാളികളേ പറ്റുമെങ്കിൽ ശാരീരികമായി തന്നെ ഇല്ലായ്മ ചെയ്യണമെന്നും സോഷ്യലി ബോയ്‌കോട്ടു ചെയ്യണമെന്നും ആക്രോശിക്കുന്ന അണികളും സൈബർ ഫ്രോഡുകളും മറ്റേതു സംഘടനയിലാണുള്ളത് ?

നല്ല ഭീകരനും ചീത്ത ഭീകരനുമില്ല ഭീകരനേയുള്ളൂ എന്ന് പറയുന്നതു പോലെ നല്ല കമ്യൂണിസ്റ്റും ചീത്ത കമ്യൂണിസ്റ്റുമില്ല .. കമ്യൂണിസ്റ്റേ ഉള്ളൂ.. ഇനി ഏതെങ്കിലും ഒരാൾ നല്ലവനാണെങ്കിൽ അതയാളുടെ വ്യക്തിപരമായ നന്മയാണ് .. പ്രത്യയശാസ്ത്രത്തിന്റേതല്ല ..കാരണം ഇത്രയും മനുഷ്യവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ മറ്റൊരു പ്രത്യയശാസ്ത്രമില്ല തന്നെ ..

അഞ്ചു വർഷം കഴിയുമ്പോൾ ഭരണത്തിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നതു കൊണ്ടാണ് കേരളീയർ സിപിഎമ്മിനെ ശരിയായി മനസ്സിലാക്കാത്തത് . പത്തു വർഷം തുടർച്ചയായി ഭരിച്ചാൽ അത് കൃത്യമായി മനസ്സിലാക്കാൻ കഴിയും .ഐസിസിനേയും അൽ-ക്വായ്ദയേയുമൊക്കെ അതിന്റെ ശരിയായ അർത്ഥത്തിൽ നമുക്ക് മനസ്സിലാക്കാൻ പറ്റും . പക്ഷേ പഞ്ചാരപ്പാത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ഈ കൊടും വിഷത്തെ മനസ്സിലാക്കാൻ കാലങ്ങളെടുക്കും .ബംഗാളിലെ ജനങ്ങൾ അതിനു മുപ്പത്തഞ്ച് വർഷമെടുത്തു . ത്രിപുരക്കാർ ഇരുപത്തഞ്ചും .. !

ചിത്രം 1 : സിപിഎമ്മിനെതിരെ മത്സരിച്ചതിനു കണ്ണൂരിൽ ജഗദീപനെന്ന കോൺഗ്രസുകാരനെ അടിച്ചും വെട്ടിയും മൃതപ്രായനാക്കിയ ശേഷം തിരഞ്ഞെടുപ്പിൽ സിപിഎം ജയിച്ചപ്പോൾ പ്രകടനത്തിൽ അവഹേളിക്കുന്നു .

ചിത്രം 2 : ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയെ വിജയാഹ്‌ളാദ പ്രകടനത്തിൽ അവഹേളിക്കുന്നു.

ചിത്രം 3 : കതിരൂർ മനോജിനെ വെട്ടിക്കൊന്നതിന്റെ ഒന്നാം വാർഷികത്തിൽ പട്ടിക്കുട്ടികളെ കൊന്ന് അതേ സ്ഥലത്ത് കെട്ടിത്തൂക്കിയിരിക്കുന്നു.'