തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കുന്ന സമിതിയിൽ ഗവർണറുടെ നോമിനിക്കു പകരം 'സ്വന്തം പ്രതിനിധി'യെ ഉൾപ്പെടുത്തുന്നതിന് തീരുമാനം. ഇതിന് വേണ്ടി സർവകലാശാല നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു. ഇടതു പക്ഷത്തിന്റെ അനുമതിയോടെയാണ് ഇത്. ഫലത്തിൽ സർവ്വകലാശാലയിലെ ചാൻസലർ പദവിയിൽ ഗവർണ്ണർക്ക് കാര്യമായ റോളില്ലാതെയാകും. എന്നാൽ ഈ ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്നു വ്യക്തമല്ല.

സർക്കാർ ശുപാർശ ചെയ്യുന്ന വ്യക്തിയെ വേണം ഗവർണർ തന്റെ പ്രതിനിധിയായി നിയമിക്കേണ്ടത് എന്ന തരത്തിലാണു ഭേദഗതി. ഇതു സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ നിയമ സെക്രട്ടറി അംഗീകരിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരും. സർവകലാശാലയുടെയും ഗവർണറുടെയും പ്രതിനിധികൾ സർക്കാരിനു താൽപര്യമുള്ളവർ ആകുമ്പോൾ സർക്കാർ ഉദ്ദേശിക്കുന്ന ആളെത്തന്നെ വിസി ആക്കാനാകും.

സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനു നിയമിച്ച കമ്മിഷന്റെ ശുപാർശകളിൽ ഇതുമാത്രമാണ് അടിയന്തരമായി നടപ്പാക്കുന്നത്. വിസി നിയമനത്തിനുള്ള പ്രായപരിധി 60 ൽ നിന്ന് 65 ആക്കണമെന്ന കമ്മിഷന്റെ ശുപാർശ തൽക്കാലം നടപ്പാക്കില്ല. കാലിക്കറ്റ്, കണ്ണൂർ, സംസ്‌കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണു നടപടി.

ഈ ഓർഡിനൻസ് അംഗീകരിക്കപ്പെട്ടാൽ സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണർ നോക്കുകുത്തിയാവും. വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ ഗവർണറുടെ പ്രതിനിധിക്ക് പകരം, സർക്കാർ തന്നെ പ്രതിനിധിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കാനുള്ളതാണ് ഒരു ഭേദഗതി. വി സിയാക്കാനുള്ളവരുടെ പാനൽ നൽകുന്നതിലാണ് രണ്ടാമത്തെ ഭേദഗതി. നിലവിൽ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് ഒറ്റ പാനലോ, കമ്മിറ്റിയംഗങ്ങൾക്ക് വെവ്വേറെ പാനലോ നൽകാം. ഇതിനു പകരം, കമ്മിറ്റിയിലെ മൂന്നിൽ രണ്ട് അംഗങ്ങൾ അംഗീകരിക്കുന്ന പാനലാവും ഔദ്യോഗിക പാനലായി ഗവർണർക്ക് കൈമാറുക.

സെർച്ച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയും സർക്കാർ നിയമിക്കുന്ന ചാൻസലറുടെ പ്രതിനിധിയും അംഗീകരിച്ചാൽ വേണ്ടപ്പെട്ടവരുടെ പാനൽ നൽകാം. ഇതിൽ നിന്ന് നിയമനം നടത്താൻ ഗവർണർനിർബന്ധിതനാവും. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിയമ ഭേദഗതി നിയമപരമായി നിലനിൽക്കുന്നതാണെന്ന് നിയമവകുപ്പ് സർക്കാരിനെ അറിയിച്ചു. അടുത്ത മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചേക്കും. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, സംസ്‌കൃതം, സാങ്കേതികം, ഓപ്പൺ, മലയാളം, കുസാറ്റ് സർവകലാശാലകളിലാണ് നിയമഭേദഗതി.

ഒക്ടോബറിൽ വിരമിക്കുന്ന കേരള വി സി ഡോ. വി.പി. മഹാദേവൻ പിള്ളയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള സെർച്ച്കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയായി ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രനെ കഴിഞ്ഞ15ന് സെനറ്റിന്റെ അടിയന്തരയോഗം നിശ്ചയിച്ചെങ്കിലും, ഗവർണറെ അറിയിച്ചിട്ടില്ല. അറിയിച്ചാലുടൻ യുജിസി, ചാൻസലർ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ ഉത്തരവിറക്കും. പിന്നെ,ഓർഡിനൻസ് ഇറക്കാനാവില്ല. അതുകൊണ്ട് തന്നെ അതിവേഗം ഓർഡിനൻസ് ഇറക്കും.

സ്വന്തം അധികാരം കവരുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്നാണ് സംശയം. ഒപ്പിടാതെ തിരിച്ചയയ്ക്കുന്ന പക്ഷം, മന്ത്രിസഭ പരിഗണിച്ച് വീണ്ടും അയച്ചാൽ ഒപ്പിടണം. അതുകൊണ്ട് ഓർഡിനൻസ് നിലവിൽ വരുമെന്നതാണ് വസ്തുത.