ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ രാഷ്ട‌്രീയ നിലപാടുകളെ നിശിതമായി വിമർശിച്ച് സംവിധായകൻ വി സി അഭിലാഷ്. ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കിയ സംഭവത്തിലായിരുന്നു ഇടതുപക്ഷക്കാരനായ വി സി അഭിലാഷിന്റെ വിമർശനം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പാണ്. അക്കാദമിക്ക് രാഷ്ടീയ താൽപര്യമുണ്ടെന്നു പറഞ്ഞാൽ താൻ സമ്മതിക്കില്ലെന്നാണ് അഭിലാഷ് പറയുന്നത്. കടുത്ത ഇടതുപക്ഷ വിശ്വാസിയായ തന്റെ സിനിമ അവർ ‘നിഷ്ക്കരുണം' തള്ളിയിട്ടുണ്ട്. വെറും ഇടതുപക്ഷമായാൽപ്പോരാ, ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണമെന്നാണ് ജനയു​ഗം മുൻ സബ് എഡിറ്റർ കൂടിയായ അഭിലാഷ് പറയുന്നത്.

വി സി. അഭിലാഷിന്റെ കുറിപ്പ് 

സലീമേട്ടനോടാണ്.

ഈ അക്കാദമിക്ക് രാഷ്ടീയ താൽപര്യമുണ്ട് എന്ന പറഞ്ഞാ ഞാൻ സമ്മതിക്കൂല. ഞാൻ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എന്റെ സിനിമ (ആളൊരുക്കം) അവർ ' നിഷ്ക്കരുണം' തള്ളിയിട്ടുണ്ട്. അന്ന് എന്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു, ''മോനേ.. നീ വെറും ഇടതുപക്ഷമായാൽപ്പോരാ.. ചെയർമാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകിൽ നീ ചെയർമാന്റെ ശിഷ്യനാവണം. അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെയർമാന്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിന്റെ ആത്മാവിൻ പുസ്തകത്താളിൽ ഇടം പിടിക്കണം. എന്നിട്ട് നീ സിനിമയുമായി ചെല്ല്. നിന്റെ സിനിമ ചെയർമാനും അങ്ങനെ അക്കാദമിയുടെ ഏത് ജ്യൂറിക്കും പ്രിയപ്പെട്ടതാവും."

ദദ്ദാണ് ദദ്ദിന്റെ ഒരു ദിത്.

എന്ന് മറ്റൊരു പാവം നാഷണൽ അവാർഡ് ജേതാവ്- വി സി.അഭിലാഷ്