തിരുവനന്തപുരം: സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ ഇനി ചെയ്യില്ലെന്ന് ആളൊരുക്കത്തിന്റെ സംവിധായകൻ വി സി അഭിലാഷ്. സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരവും മികച്ച നടനുള്ള പുരസ്‌ക്കാരവുമടക്കം നിരവധി അവാർഡുകൾ കരസ്തമാക്കിയ ആളൊരുക്കം ഐ.എഫ്.എഫ്.കെയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം. രാഷ്ട്രപതിയിൽ നിന്ന് ദേശീയപുരസ്‌കാരം വേദിയിൽ നേരിട്ട അപമാനത്തേക്കാൾ വലുതാണ് ഇപ്പോൾ നേരിട്ടതെന്നും അഭിലാഷ് പറഞ്ഞു.

ദേശീയ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ അഭിനന്ദനങ്ങൾ കൊണ്ടും മൂടിയതെല്ലാം വ്യാജമായിരുന്ന പ്രകടനങ്ങളായിരുന്നോയെന്നും അഭിലാഷ് ചേദിക്കുന്നു. താരമൂല്യം കുറവുള്ള അഭിനേതാക്കളെ വച്ച് കുറഞ്ഞ ബജറ്റിലായിരുന്നു ആളൊരുക്കം ചെയ്തത്. താരമൂല്യം കുറവായതുകൊണ്ട് തന്നെ ചിത്രം പ്രദർശിപ്പിക്കാൻ ലഭിച്ച തിയ്യറ്ററുകളുടെ എണ്ണം വളരെ ചുരുക്കം ആയിരുന്നു. ചിത്രം തിയ്യറ്ററുകളിൽ വന്നതിന് ശേഷമാണ് ദേശീയ അവാർഡ് പ്രഖ്യാപിച്ചത്. അതിന് ശേഷം ചിത്രം നന്നായിരുന്നെന്ന് നിരവധി ആളുകൾ പ്രതികരിച്ചിരുന്നു. ആളൊരുക്കം സംസ്ഥാന ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചാൽ അത് കുറച്ച് അധികം ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷകളാണ് ഇപ്പോൾ അവസാനിച്ചത് അഭിലാഷ് പറയുന്നു.

ജനകീയ ചിത്രങ്ങൾക്ക് വരെ ഇടം നൽകിയ ചലച്ചിത്ര അക്കാദമി നവാഗതർക്കും ഇത്തവണ അവസരം നൽകി. പക്ഷേ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾക്ക് പുറമെ 4 വിഭാഗങ്ങളിൽ കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡും , 8 വിഭാഗങ്ങളിലായി പ്രഥമ തിലകൻ സ്മാരക പെരുന്തച്ചൻ അവാർഡും , 2 വിഭാഗങ്ങളിൽ അടൂർഭാസി പുരസ്‌കാരവും വിദേശത്തും സ്വദേശത്തുമായി അര ഡസനിലേറെ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശനവും നടത്തിയ ആളൊരുക്കത്തിന് കേരളത്തിൽ അവസരം നിഷേധിച്ചു. ഇതിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മാറിയിട്ടില്ല. സിബി മലയിൽ പോലെ പ്രശസ്തനായ സംവിധായകൻ അടക്കമുള്ള സമിതിയാണ് ആളൊരുക്കം ഐഎഫ്എഫ്‌കെയിൽ അവസരം നിഷേധിച്ചതെന്ന് ഓർക്കുമ്പോൾ ഏറെ മനോവിഷമം ഉണ്ടെന്നും അഭിലാഷ് പറയുന്നു.

സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാർഡ് ആണ് ചിത്രം നേടിയത് എന്നായിരുന്നു ചിത്രം ഒഴിവാക്കിയതിന് കാരണം എന്നാണ് സിബി മലയിൽ പ്രതികരിച്ചത്. ഇന്ദ്രൻസ് എന്ന നടന് ഈ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാർ പ്രത്യേക പുരസ്‌കാരം നൽകിയതാണ് പക്ഷേ ഐഎഫ്എഫ്‌കെയിൽ ഇടം നൽകിയില്ലെന്നും അഭിലാഷ് പറയുന്നു. ഇന്ത്യൻ പനോരമയ്ക്ക് ചിത്രം അയച്ച് നൽകിയിട്ടുണ്ടെങ്കിലും അവിടെ പരിഗണിക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. ദേശീയ അവാർഡ് വിതരണ സമയത്തെ പ്രശ്‌നങ്ങൾ മുൻനിർത്തി അവസരം നിഷേധിക്കാനുള്ള സാധ്യത ഏറെയാണെന്നും അഭിലാഷ് പറയുന്നു.