കൊച്ചി: കിറ്റക്‌സ് വിഷയത്തിൽ കരുതലോടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം അല്ലെന്നു പ്രചരിപ്പിക്കുന്നത് യുവാക്കളോട് ചെയ്യുന്ന ദ്രോഹമാണ്. ട്വന്റി ട്വന്റി എറണാകുളം ജില്ലയിൽ ഇല്ലായിരുന്നെങ്കിൽ നാണംകെട്ട തോൽവി ഉണ്ടാകുമായിരുന്നെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി പറയുന്നത്. സിപിഎമ്മും ട്വന്റി ട്വന്റിയും തമ്മിൽ തെരഞ്ഞെടുപ്പ് കാലത്ത് ധാരണ ഉണ്ടായിരുന്നെന്ന യു.ഡി.എഫ് ആരോപണം ശരിവയ്ക്കുന്നതാണ് ജില്ലാ കമ്മിറ്റിയുടെ ഈ അഭിപ്രായപ്രകടനം.

എന്നാൽ ട്വന്റി ട്വന്റിയോട് രാഷ്ട്രീയ വിരോധം തീർക്കുന്ന സമീപനമല്ല പ്രതിപക്ഷം സ്വീകരിച്ചത്. കിറ്റെക്സ് ഉൾപ്പെടെ ഒരു വ്യവസായവും കേരളം വിട്ടു പോകരുതെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എല്ലാവർക്കും നിക്ഷേപം നടത്താനുള്ള സാഹചര്യം സർക്കാർ ഉണ്ടാക്കിക്കൊടുക്കണം. യു.ഡി.എഫ് ഭരണകാലത്തും കിറ്റെക്സ് ചില പരാതികൾ ഉന്നയിച്ചിരുന്നു. അത് പരിഹരിക്കാൻ മന്ത്രി കെ ബാബുവിനെ ചുമതലപ്പെടുത്തി. അന്നത്തെ ചർച്ചയിൽ ഉണ്ടായ തീരുമാനങ്ങൾ ഇടത് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയില്ലെന്നാണ് കിറ്റെക്സ് പരാതിപ്പെടുന്നത്.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സിപിഎം ജില്ലാ-സംസ്ഥാന കമ്മിറ്റികളും എംഎ‍ൽഎയും സർക്കാരും അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് അവരുടെ ആരോപണം. പരാതി വന്നാൽ പരിശോധന നടത്തണം. പരിശോധന പീഡനമാകരുത്. പീഡനമാക്കിയത് ആർക്കു വേണ്ടിയാണെന്നു പറയേണ്ടത് സർക്കാരാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലപാടെന്നും വി.ഡി സതീശൻ പറഞ്ഞു.