- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ സാധാരണ കുറ്റകൃത്യമായി മാറുന്നു; തുല്യ നീതിയും പരിഗണനയും ഉറപ്പാക്കാതെ സ്ത്രീ സുരക്ഷ സാധ്യമാകുന്നതെങ്ങനെ? ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ സാധാരണ കുറ്റകൃത്യമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ത്രീകൾക്കെതിരായ അതിക്രമം പൊലീസ് വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നൽകാൻ ഇനിയെങ്കിലും സർക്കാരിനു സാധിക്കണം. സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്ന അളവുകോൽ വച്ചാണ് ഒരു സമൂഹം പരിഷ്‌കൃതമാണോയെന്ന് തീരുമാനിക്കുന്നത്. അങ്ങനെയെങ്കിൽ കേരളം പരിഷ്‌കൃത സമൂഹമല്ലെന്നു പറയേണ്ടിവരും. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമ സംഭവങ്ങളിലെല്ലാം പൊലീസ് കേസെടുത്തല്ലോയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിക്രമം ഉണ്ടായാൽ അത് അന്വേഷിക്കലും കേസെടുക്കലും മാത്രമല്ല പൊലീസിന്റെ ചുമതല. അതിക്രമം തടയുക എന്നതു കൂടി പൊലീസിന്റെ ഉത്തരവാദിത്തമാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയാകുകയും സമാനരീതിയിലുള്ള സംഭവങ്ങൾ സമീപകാലത്ത് ആവർത്തിക്കപ്പെടുകയും സ്ത്രീകളും കുട്ടികളും നിരന്തരം അതിക്രമങ്ങൾക്ക് ഇരയാകുകയും ചെയ്യുന്ന ഗുരുതര സാഹചര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി ജോൺ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കത്വ, ഉന്നവോ, ഹത്രാസ് ബലാത്സംഗങ്ങൾ നടന്നപ്പോൾ ആ ചർച്ചയിൽ നമ്മളും പങ്കാളികളായി. നമ്മുടെ മനസിലും ആധിയും തീയും ഉണ്ടായി. വടക്കേ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലെ അപരിഷ്‌കൃത സമൂഹത്തിലാണ് ഇതൊക്കെ നടന്നതെന്നാണ് കരുതിയത്. എന്നാൽ കുറ്റ്യാടിയിലും വിതുരയിലും കോഴിക്കോടും എം.ജി യൂണിവേഴ്സിറ്റിയിലും ഉണ്ടായ പീഡനങ്ങൾ ഈ കേരളത്തിലാണ് നടന്നത്. തുല്യനീതിയോ പങ്കാളിത്തമോ നൽകാതെ സ്ത്രീയെ ഒരു കമ്മോദിറ്റി മാത്രമായാണ് സമൂഹം കാണുന്നത്. സമൂഹത്തിന്റെ മനോഭാവം തന്നെ സ്ത്രീവിരുദ്ധമാണ്. ആണത്ത അധികാരം വല്ലാതെ ത്രസിച്ചു നിൽക്കുന്ന സമൂഹമാണ് കേരളം. ഇരകളാണ് വീണ്ടും വീണ്ടും അപമാനിക്കപ്പെടുനനത്. അതിൽ മാറ്റമുണ്ടാകണം. പെൺകുട്ടി പരാതിയുമായെത്തിയാൽ മുൻവിധിയോടെയാണ് പൊലീസ് അതിനെ സമീപിക്കുന്നത്. നീതി നിർവഹണത്തിലെ കെടുകാര്യസ്ഥത അനുവദിക്കരുത്. തുല്യ നീതിയും തുല്യ പരിഗണനയും ഉറപ്പുവരുത്തുന്നില്ലെങ്കിൽ സ്ത്രീ സുരക്ഷ വെറും വാക്കാകും.
എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ ഒരാളെ പോലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഏഴ് പെൺകുട്ടികളെ ജയിലിലടച്ചു. അതിൽ രണ്ടു പേർ മുലയൂട്ടുന്ന അമ്മമാരാണ്. ഓരോ സംഭവങ്ങളിലും പൊലീസ് പക്ഷപാതിത്വം കാട്ടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.