- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഹമ്മദാബാദ്-മുബൈ ബുള്ളറ്റ് ട്രെയിൻ വരേണ്യവർഗത്തിനു വേണ്ടിയുള്ളതെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം; മോദിയെ വിമർശിക്കുന്ന അതേ ഭാഷയിൽ യെച്ചൂരിക്ക് പിണറായിയേയും വിമർശിക്കേണ്ടി വരും; മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചർച്ച ചെയ്യട്ടെ; പ്രതിപക്ഷം സാധാരണക്കാരിലേക്കിറങ്ങും; സിൽവർ ലൈനിൽ സമരത്തിനെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് ജനപ്രതിനിധികളുമായി നിയമസഭയിൽ ചർച്ച ചെയ്യാൻ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖർക്കു വേണ്ടി സമയം കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയും സിപിഎമ്മും അടിസ്ഥാന വർഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങും. പദ്ധതി ബാധിക്കുന്ന, കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തും.
മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. കേരളത്തിലേത് ഇടതുപക്ഷമല്ല. തീവ്ര വലതുപക്ഷ നിലപാടിലേക്ക് പോകുകയാണ്. എല്ലാ കാലഘട്ടത്തിലും അടിസ്ഥാന വർഗങ്ങൾക്കു വേണ്ടി മാത്രം സംസാരിച്ചിരുന്ന സിപിഎം അധികാരം കിട്ടിയപ്പോൾ വരേണ്യവർഗത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അഹമ്മദാബാദ്-മുബൈ ബുള്ളറ്റ് ട്രെയിൻ വരേണ്യവർഗത്തിനു വേണ്ടിയുള്ളതെന്നായിരുന്നു സിപിഎമ്മിന്റെ ഔദ്യോഗിക പ്രതികരണം. എന്തിനാണോ മോദിയെ വിമർശിക്കുന്നത്, അതേ ഭാഷയിൽ സീതാറാം യെച്ചൂരിക്ക് പിണറായി വിജയനേയും വിമർശിക്കേണ്ടി വരും.
ഞാൻ ഇങ്ങനെയേ ചെയ്യൂ എന്നു പറയുന്ന മുഖ്യമന്ത്രി പൊതുസമൂഹത്തെയും രാഷ്ട്രീയ പാർട്ടികളെയും വെല്ലുവിളിക്കുകയാണ്. നാളെ നടക്കുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട തുടർ സമരം തീരുമാനിക്കും. പാരിസ്ഥിതികമായ ആഘാതം കേരളത്തെ മുഴുവൻ ബാധിക്കും. സ്ഥലവും വീടും നഷ്ടപ്പെടുന്നവർ മാത്രമല്ല, കേരളം ഒന്നാകെയാണ് പദ്ധതിയുടെ ഇരയായി മാറുന്നത്.
പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കൾ; ഇപ്പോൾ അനുഭവിക്കുന്നത് രാഷ്ട്രീയവത്ക്കരിച്ചതിന്റെ ദുരന്തഫലം
തിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങൾ ഓരോ ജില്ലയിലും താലൂക്കുകളിലും എല്ലാ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന വാക്കു തന്നെ പൊലീസുമായി ബന്ധപ്പെട്ട് തമാശയായി മാറിയിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ വന്നപ്പോൾ അഹങ്കാരത്തിന് കൈയും കാലും വച്ച ചില നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞാൽ താഴെയുള്ളവർ കേൾക്കില്ല.
പഴയ സെൽഭരണത്തിന്റെ പുതിയ രൂപമാണിത്. ഒരു സ്റ്റേഷനിൽ പോലും പരാതിയുമായി സ്ത്രീകൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. കേരള ചരിത്രത്തിൽ ഏറ്റവും നാണംകെട്ട അവസ്ഥയിലാണ് പൊലീസ് സേന. ഗുണ്ടകളും പൊലീസും വർഗീയവാദികളും അഴിഞ്ഞാടുകയാണ്. ആരെയും നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. സിപിഎം അനുഭാവികൾ സ്റ്റേഷനുകളിലെ റൈട്ടർ പദവി ഏറ്റെടുക്കാത്തതിനാൽ ആർ.എസ്.എസ്സുകാർ ആ സ്ഥാനത്ത് കയറി ഇരിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പൊലീസിൽ സംഘപരിവാറും പാർട്ടിയിൽ എസ്.ഡി.പി.ഐയും നുഴഞ്ഞുകയറിയിരിക്കുകയാണ്. പൊലീസിനെ രാഷ്ട്രീയമായി വേർതിരിക്കാനാണ് പാർട്ടി സെക്രട്ടറി പോലും ശ്രമിക്കുന്നത്. രാഷ്ട്രീയവത്ക്കരിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.
ബിജെപിക്കാർ പ്രതിയാകാതെ കുഴൽപ്പണ കേസ് എങ്ങനെ അവസാനിച്ചു; വി മുരളീധരൻ ഏറ്റവും നല്ല ഇടനിലക്കാരൻ
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ താൽപര്യത്തിന് അനുകൂലമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ഒരു കാര്യത്തിലും ബിജെപിക്ക് ഒരു അഭിപ്രായവുമില്ല. രാത്രിയാകുമ്പോൾ കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പൊലീസ് ബിജെപി നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണവും ഒത്തുതീർപ്പാക്കുകയാണ്. കുഴൽപ്പണ വിവാദം ഒറ്റ ബിജെപിക്കാരൻ പ്രതിയാകാതെ എങ്ങനെയാണ് അവസാനിച്ചത്? ആർക്കു വേണ്ടിയാണ് ആ പണം കൊണ്ടുവന്നത്? സിപിഎം നേതാക്കൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എങ്ങനെ ഒരു സുപ്രഭാതത്തിൽ അവസാനിച്ചു? വി മുരളീധരൻ ഏറ്റവും നല്ല ഇടനിലക്കാരനാണ്. കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയ മുരളീധരനോടും സുരേന്ദ്രനോടും കേരളം ഏറെ കടപ്പെട്ടിക്കുകയാണ്.
ഗവർണറുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല. കണ്ണൂർ വി സി നിയമനം നടന്നത് നിയമവിരുദ്ധമായാണ്. അക്കാര്യത്തിൽ രണ്ടു കത്തുകൾ എഴുതി നിയമവിരുദ്ധമായി ഇടപെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. നിയമവിരുദ്ധ നടപടിക്ക് ഗവർണറും കൂട്ടുനിന്നു. പിന്നീട് അതു തെറ്റായിപ്പോയെന്ന് സമ്മതിച്ചു. ഈ സാഹചര്യത്തിൽ ഗവർണർ ചാൻസലർ പദവി ഉപയോഗിച്ച് വി സിയുടെ രാജി ആവശ്യപ്പെടുകയോ അല്ലെങ്കിലും നിയമനം റദ്ദാക്കുകയോ ചെയ്യണമായിരുന്നു. ഇതൊന്നും ചെയ്യാതെ ചാൻസലർ പദവി ഏറ്റെടുക്കില്ലെന്നാണ് ഗവർണർ പറയുന്നത്. നിയമപരമായി പ്രവർത്തിക്കാൻ തയാറാകാത്ത ഗവർണർ സർക്കാരിനെ സഹായിക്കുകയാണ്. ചാൻസലറുടെ അധികാരം ഉപയോഗിച്ചാൽ വി സി പുറത്താകും. എന്നാൽ സർക്കാരിനെതിരെ പ്രവർത്തിക്കാൻ തയാറാകാത്തതിനാലാണ് ചാൻസലർ പദവി വേണ്ടെന്നു ഗവർണർ പറയുന്നത്.
ഡി-ലിറ്റിന് ശുപാർശ ചെയ്തോയെന്ന് ഗവർണറോ സർവകലാശാലയോ പറയുന്നില്ല. നിയമപരമായല്ല ഗവർണർ ഇക്കാര്യം വി സിയോട് ആവശ്യപ്പെട്ടത്. ചെവിയിൽ പറയുകയല്ല വേണ്ടത്. ഗവർണർ ശുപാർശ ചെയ്തോ, സിൻഡിക്കേറ്റ് ചർച്ച ചെയ്തോ എന്നൊക്കെയാണ് രമേശ് ചെന്നിത്തലയും ചോദിച്ചത്. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവായ രമേശ് ചെന്നിത്തല എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തിയാൽ അതിൽ എന്താണ് തെറ്റ്? ഞങ്ങൾക്കിടയിലെ അഭിപ്രായ വ്യാത്യാസം കണ്ടുപിടിക്കാൻ പറ്റാത്തതാണ് നിങ്ങളുടെ പ്രശ്നം. രമേശ് ചെന്നിത്തലയ്ക്കും പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഒരേ നിലപാടാണ്.
മറുനാടന് മലയാളി ബ്യൂറോ