കൊച്ചി: മുഖ്യമന്ത്രിക്കെതിരായ കേസിൽ ശക്തമായ വിധിയുണ്ടാകുമോ എന്ന ഭയമാണ് ലോകായുക്ത ഓർഡിനൻസിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്കെതിരേ ലോകായുക്തയിലുള്ള കേസാണ് കോടിയേരിയെ ഭയപ്പെടുത്തുന്നതെന്നും ഈ കേസിൽ ശക്തമായ വിധിയുണ്ടാകുമോ എന്ന് സിപിഎമ്മും സർക്കാരും ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെയും രക്ഷിക്കാൻ വേണ്ടിയാണ് ഈ നിയമഭേദഗതിയെന്ന് കോടിയേരിയുടെ വാക്കുകളിൽനിന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ലോകായുക്ത ഓർഡിനൻസമുമായി ബന്ധപ്പെട്ട് മന്ത്രി പി.രാജീവിന്റെ വാദങ്ങൾ തെറ്റാണ്. ആർട്ടിക്കിൾ 164-നെ മന്ത്രി തെറ്റായി വ്യാഖ്യാനിച്ചു. ഒരു മന്ത്രിക്കെതിരായ കേസിൽ മുഖ്യമന്ത്രി തന്നെ തീരുമാനമെടുത്താൽ എങ്ങനെ ശരിയാകും. അവനവൻ തന്നെ ജഡ്ജിയാകുന്ന സ്ഥിതിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിമാരായിരുന്നവരാണ് ലോകായുക്തയാകുന്നത്. ജുഡീഷ്യൽ സംവിധാനത്തിലൂടെ അവർ എടുക്കുന്ന തീരുമാനത്തെയാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഹിയറിങ് നടത്തുന്നത്. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും ഇവിടെ അപ്പലേറ്റ് അഥോറിറ്റിയായി മാറുന്നു. ജുഡീഷ്യൽ സംവിധാനത്തിലൂടെ എടുക്കുന്ന തീരുമാനത്തെ അട്ടിമറിക്കാൻ എങ്ങനെയാണ് മുഖ്യമന്ത്രിക്കും സെക്രട്ടേറിയേറ്റിലെ സെക്രട്ടറിമാർക്കും സാധിക്കുന്നത്. അതിനോട് ഒരിക്കലും യോജിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.