തിരുവനന്തപുരം: സർക്കാരിന്റെ ഉന്നതതലത്തിൽ നടന്ന ഗൂഢാലോചനയെ തുടർന്നാണ് വധശ്രമകേസ് ഉൾപ്പെടെ ചുമത്തി കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയമായും നിയമപരമായും ശബരിനാഥിനെ സംരക്ഷിക്കും. നിയമസഭ മീഡിയ റൂമിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയിൽ ആയുധം ഇല്ലായിരുന്നെന്നും കേവലം പ്രതിഷേധം മാത്രമായിരുന്നെന്നുമാണ് ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കിയത്. വീണ്ടും അതേ കേസിലാണ് മുൻ എംഎ‍ൽഎ കൂടിയായ ശബരിനാഥനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുകയാണ്.

പ്രതിഷേധിച്ച കുട്ടികളെ തള്ളി നിലത്തിട്ട ഇ.പി ജയരാജനെതിരെ കേസെടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഇത് ഇരട്ടനീതിയാണ്. വിമാന കമ്പനി നടത്തിയ അന്വേഷണത്തിൽ ലെവൽ വണ്ണിലുള്ള കുറ്റമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാൾ ഗുരുതരമായ, ലെവൽ ടുവിലുള്ള കുറ്റമാണ് ജയരാജൻ ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. അതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും ജയരാജന് മൂന്നാഴ്ചത്തെ വിലക്കും ഏർപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരേക്കാൾ ഗുരുതരമായ തെറ്റാണ് ജയരാജൻ ചെയ്തതെന്ന് വിമാന കമ്പനി കണ്ടെത്തിയിട്ടും കേസെടുത്തിട്ടില്ല.

ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷപരിഗണിക്കവെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് 15 മിനിട്ട് മുൻപേ അറസ്റ്റ് ചെയ്തെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചത്. ചോദ്യം ചെയ്യുന്നതിന് മുൻപേ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് സർക്കാർ കോടതിയെ കൂടി കബളിപ്പിച്ചിരിക്കുകയാണ്. പൊലീസും അധികാരവും കൈയിലുണ്ടെന്ന് കരുതി അഹങ്കാരത്തിന്റെ വഴികളിലൂടെയാണ് സർക്കാർ പോകുന്നത്. ഇത് ശരിയായ കീഴ് വഴക്കമല്ല.

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെല്ലാം അവാസ്തവമാണ്. മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് മുദ്രാവാക്യം വിളിച്ചതെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും അദ്യമെ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് മുഖ്യമന്ത്രിയ ആക്രമിക്കാൻ ശ്രമിച്ചെന്ന് ഇരുവരും മാറ്റിപ്പറഞ്ഞത്. ആരോ കളിത്തോക്ക് ചൂണ്ടി തന്നെ കൊല്ലാൻ ശ്രമിച്ചെന്നും കടയിൽ ചിലർ ചാരായവും വെള്ളയപ്പവും കഴിച്ചത് തന്നെ കൊല്ലാൻ വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ച ഈ കുട്ടികളാണോ അദ്ദേഹത്തെ കൊല്ലാൻ പോയത്?

ആന്റണി രാജു മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ല

ആന്റണി രാജുവിനെതിരായ ആരോപണം വളരെ ഗൗരവതരമാണ്. പ്രതിപക്ഷം ഇക്കാര്യം ഇന്നലെയും നിയമസഭയിൽ ഉന്നയിച്ചു. ഈ വിഷയം ഇനിയും നിയമസഭയിൽ കൊണ്ടുവരും. നിയമപരമായ തടസങ്ങൾ ഉള്ളത്കൊണ്ട് ഈ വിഷയം ഇനിയും ഏത് രീതിയിൽ നിയമസഭയിൽ അവതരിപ്പിക്കണമെന്ന് യു.ഡി.എഫ് തീരുമാനിക്കും.

തൊണ്ടി മുതൽ മാറ്റി കുറ്റവാളിയെ രക്ഷപ്പെടുത്തിയെന്ന ഗുരുതരമായ കുറ്റം ചെയ്ത ഒരാൾ എങ്ങനെയാണ് മന്ത്രിസഭയിൽ ഇരിക്കുന്നത്. ഇത്രയും കുറ്റംകൃത്യം ചെയ്തയാൾക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ല. ഹൈക്കോടതി വിജിലൻസിന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. തൊണ്ടി മുതൽ അടിച്ചുമാറ്റന്ന പണി ഒരു അഭിഭാഷകനും ചെയ്യില്ല. ഹാഷിഷ് കേസിലെ പ്രതിയെ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്തത്. ഈ കേസ് എന്തുകൊണ്ടാണ് ഇത്രകാലമായിട്ടും കോടതി പരിഗണിക്കാത്തതെന്നും അന്വേഷിക്കണം. ഈ കാലതാമസത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഎഫ് ഹൈക്കോടതിക്ക് പരാതി നൽകും.