തിരുവനന്തപുരം: കോപ്പ അമേരിക്ക സ്വപ്ന ഫൈനലും അർജന്റീനയുടേയും ലയണൽ മെസിയുടേയും കിരീടധാരണവും വിശേഷങ്ങളായി നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ. അർജന്റീനയുടെ ആരാധകർ വിജയം ആഘോഷിക്കുമ്പോൾ ബ്രസീലുകാരും അടങ്ങിയിരിക്കുന്നില്ല.

ട്രോളുകളും രസകരമായ കമന്റുകളുമായി സോഷ്യൽമീഡിയയിൽ ഫാൻഫൈറ്റുകൾ ഇപ്പോഴും തുടരുകയാണ്. അതിൽ രാഷ്ട്രീയ നേതാക്കളെന്നോ ചലച്ചിത്ര താരങ്ങളെന്നോ ഭേദമില്ല. കളിയുടെ ആവേശവും അർജന്റീനയുടെ ആഹ്ലാദവും കിരീടം നഷ്ടപ്പെട്ടപ്പോൾ ്ബ്രസീൽ താരങ്ങളുടെ നൊമ്പരവും എല്ലാം പ്രതികരണങ്ങളിൽ ഉണ്ട്.

മത്സരത്തെ ഹൃദയം കൊണ്ട ഏറ്റുവാങ്ങിയ ആരാധകർക്കൊപ്പം മനസു പങ്കുവയ്ക്കുകയാണ് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. തന്റെ ഇഷ്ട ടീമായ ബ്രസീൽ തോറ്റെങ്കിലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഫേസ്‌ബുക്കിലെഴുതിയ കുറപ്പിൽ സതീശൻ പങ്കുവെക്കുന്നു.

അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി. എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു വിഡി സതീശൻ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ ടീം ബ്രസിൽ തോറ്റു. എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലാറ്റിൻ അമേരിക്കൻ ഫുട്‌ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കൻ കളികൾ വിഷമമുണ്ടാക്കി. അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി.

എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു.