തിരുവനന്തപുരം കോടികൾ ഉണ്ടാക്കാൻ വേണ്ടി പൊലീസിന് സർക്കാർ ടാർജറ്റ് നൽകിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ക്വാട്ട നിശ്ചയിച്ച് കോടിക്കണക്കിന് രൂപ പാവങ്ങളുടെ കൈയിൽ നിന്ന് പൊലീസിനെകൊണ്ട് കൊള്ളയടിപ്പിക്കുന്ന വിരോധാഭാസമാണ് കേരളത്തിൽ നടക്കുന്നതെന്നും യു.ഡി.എഫ് യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കോടികൾ ഉണ്ടാക്കാൻ വേണ്ടിയുള്ള ടാർജറ്റ് എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും സർക്കാർ നൽകിയെന്നും സതീശൻ ആരോപിച്ചു. കോടിക്കണക്കിന് രൂപയാണ് പെറ്റിയായി പൊലീസ് പാവപ്പെട്ടവരുടെ കൈയിൽ നിന്ന് വാങ്ങിക്കുന്നത്. അത് മഹാമാരിയുടെ കാലത്ത് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ഇതിന് എതിരായുള്ള പ്രതിഷേധം യു.ഡി.എഫ് യോഗത്തിൽ രേഖപ്പെടുത്തി.

അതേസമയം തട്ടിപ്പു കേസിൽ പ്രതിയായ ഒരു വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരായി എഫ്.ഐ.ആർ എടുക്കുകയും അത് സിബിഐയ്ക്ക് വിടുകയും ചെയ്ത പിണറായി വിജയൻ, സമാനമായ ഒരു കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉണ്ടായിട്ടും ആ മൊഴിയുടെ പേരിൽ നടപടികളുമായി മുന്നോട്ട് പോകാത്തതും അതിനെക്കുറിച്ച് സംസാരിക്കാത്തതും വിചിത്രമാണെനന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി. യുഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തുകയും കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയും ചെയ്യും. സാധാരണക്കാരുടെ ശബ്ദമായി യുഡിഎഫിനെ മാറ്റാൻ വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.