- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിരോധത്തിലാക്കിയ സിഎജി റിപ്പോർട്ട്; കിഫ്ബിയെ കുരുക്കിലാക്കി സ്പെഷ്യൽ ഓഡിറ്റും; ഉയർത്തുന്നത് കടമെടുപ്പിലെ പ്രശ്നങ്ങൾ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; പുറത്തുവരുന്നത് അഴിമതിയുടെ വിവരങ്ങളെന്ന് ബിജെപി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ സിഎജി റിപ്പോർട്ടിന് പിന്നാലെ സ്പെഷ്യൽ ഓഡിറ്റ് വിവരങ്ങളും പുറത്തു വന്നതോടെ കിഫ്ബി പദ്ധതിക്ക് കൂടുതൽ കുരുക്ക്. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപിയും പ്രതികരിച്ചു.
കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് പൂഴ്ത്തിവച്ചതെന്തിനെന്ന് സർക്കാർ വെളിപ്പെടുത്തണം. റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ച് അന്വേഷണം വേണം. സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന പ്രശ്നമാണിതെന്നും സതീശൻ പറഞ്ഞു.
നിയമസഭയിൽ വയ്ക്കാത്ത സിഎജി ഓഡിറ്റ് റിപ്പോർട്ടാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത്. അതിൽ കിഫ്ബിയിൽ നടക്കുന്ന അഴിമതി, ധനചോർച്ച, ബാങ്ക് ഇടപാടുകൾ, പിൻവാതിൽ നിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിക്ക് കുരുക്കിട്ട സിഎജി സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിലൂടെ ഗൗരവമായ പ്രതിസന്ധിയാണ് ചൂണിക്കാണിക്കുന്നത്. കടമെടുപ്പിലെ പ്രശ്നങ്ങളാണ് നിയമസഭയിൽ സമർപ്പിച്ച ആഡിറ്റ് റിപ്പോർട്ടിനെ ശ്രദ്ധേയമാക്കിയത്. ബാങ്ക് നിക്ഷേപങ്ങൾ പലിശ നഷ്ടം വരുത്തി തോന്നുംപടി പിൻവലിക്കുന്നതും. കിഫ്ബി നിയമനങ്ങളിലെ ക്രമക്കേടുകളും.കിഫ്ബി പദ്ധതികളുടെ കാലതാമസവും എന്തിനേറെ ദൈനംദിന ചെലവുകളിലെ വീഴ്ചകൾ വരെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ ഉയർത്തുന്നു.
'അയ്യായിരത്തിലധകം കോടി രൂപയാണ് സർക്കാർ കിഫ്ബിക്ക് കൊടുത്തിട്ടുള്ളത്. ബാക്കി 5000 കോടി രൂപ മസാല ബോണ്ട് ഉൾപ്പെടെ 9.72% പലിശയ്ക്ക് എടുത്തതാണ്. നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ട് തന്നെ ഭയാനകമാണ്. അതിനുപുറമെയാണ് കോടിക്കണക്കിനു രൂപ കടമെടുത്ത് നടത്തുന്ന ഒരു സ്ഥാപനത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സ്പെഷൽ റിപ്പോർട്ട്. ഇത് ഗൗരവതരമായി അന്വേഷിക്കാൻ സർക്കാർ തയാറാവണം.'പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ റിപ്പോർട്ട് സർക്കാരിനെ കൈമാറിയെങ്കിലും ഇത് ധനവകുപ്പ് പുറത്തുവിട്ടില്ല.ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഗുരുതരമായ പ്രശ്നങ്ങളാണ് സ്പെഷ്യൽ റിപ്പോർട്ടിൽ മറനീങ്ങിയതെന്ന് ബിജെപി ആരോപിച്ചു
അതേ സമയം സ്പെഷ്യൽ ഓഡിറ്റിലെ ചോദ്യങ്ങൾക്ക് കൃത്യമായി സിഎജിക്ക് മറുപടി നൽകിയിരുന്നു എന്നാണ് കിഎഫ്ബി വിശദീകരണം. മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കിഎഫ്ബി കുറ്റപ്പെടുത്തുന്നു. സ്പെഷ്യൽ ഓഡിറ്റിൽ സിഎജിക്ക് നൽകിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
കിഫ്ബിക്കെതിരെ ഗുരുതര പരാമർശങ്ങളുമായാണ് സിഎജിയുടെ പ്രത്യേക ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നത്. ഫണ്ട് വിനിയോഗത്തിലും ജീവനക്കാരുടെ നിയമനത്തിലും കിഫ്ബി ഗുരുതര വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ട്. പൊലീസ് ഫണ്ട് വിനിയോഗം, കിഫ്ബി വിഷയങ്ങളിൽ സർക്കാരിനെ വെട്ടിലാക്കിയ മുൻ എജി എസ്. സുനിൽരാജ് മുൻകൈയെടുത്താണ് പ്രത്യേക ഓഡിറ്റ് നടത്തിയത്.