തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലേക്കുള്ള ചെറിയാൻ ഫിലിപ്പിന്റെ തിരിച്ച് വരവ് ഒരു തുടക്കം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പിന് കൂടുതൽ വിവരം ഉണ്ടാകും അതിനാലാകും അങ്ങനെ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് ചെറിയാൻ ഫിലിപിന്റേതെന്നും വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് തറവാട്ടിലേക്ക് സ്വാഗതം. അദ്ദേഹത്തെ ഞങ്ങൾ ഹൃദയത്തോട് ചേർത്ത് നിർത്തും. സിപിഐഎമ്മുമായി സഹകരിക്കുമ്പോഴും ചെറിയാൻ ഫിലിപ്പിന്റെ മനസ് കോൺഗ്രസിനൊപ്പമായിരുന്നു. കാരണം കോൺഗ്രസ് ചെറിയാന് ജീവനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതു സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് ഇന്നാണ് കോൺഗ്രസിൽ തിരികെ എത്തിയത്. രണ്ട് പതിറ്റാണ്ടുകാലത്തെ ഇടതു ബന്ധം ഉപേക്ഷിച്ചാണ് ചെറിയാൻ കോൺഗ്രസിൽ തിരിച്ചെത്തിയത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ് കോൺഗ്രസിൽ ചേരുന്നതെന്ന് ചെറിയാൻ ഫിലിപ്പ് രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചതിനു പിന്നാലെയാണ് ചെറിയാൻ നിലപാട് പ്രഖ്യാപിച്ചത്.

2001ൽ ജയസാധ്യത ഇല്ലാത്ത സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട് ഇടത് സഹയാത്രികനായത്. തുടർന്ന് 2001ൽ തന്നെ ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും, 2006ൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ കല്ലൂപ്പാറയിലും ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.