- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേഷ്യമല്ല, സഹതാപമാണ് എനിക്ക് അവരോട് തോന്നുന്നത്; വനിതാ കമ്മീഷൻ എന്ന സംവിധാനം നാട്ടിലുണ്ടെന്ന വിശ്വാസമാണ് അവർ തകർത്ത് കളഞ്ഞത്; പരാതിക്കാരിയോടുള്ള മോശം പരാമർശത്തിന്റെ പേരിൽ എം.സി.ജോസഫൈൻ സ്വമേധയാ രാജി വയ്ക്കണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
തിരുവനന്തപുരം: മോശം പരാമർശത്തിന്റെ പേരിൽ എം.സി.ജോസഫൈൻ സ്വമേധയാ രാജിവയ്ക്കണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് നിലവിലെ രാജി. ഇത്തരം പരാമർശങ്ങൾ നടത്തിയവർ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് തുടരരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന പൊതുപ്രവർത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല , അവരോട് ദേഷ്യമല്ല സഹതാപമാണ് തോന്നുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
'എനിക്കറിയില്ല അവർക്കെന്ത് പറ്റിയെന്ന്. ഞാനവരെ വ്യക്തിപരമായി ആക്ഷേപിക്കാനൊന്നും തയ്യാറാവുന്നില്ല. വളരെ സീനിയറായ ഒരു പൊതുപ്രവർത്തകയാണ്. ഒരു രാഷ്ട്രീയ പ്രവർത്തകയാണ്. എങ്ങനെ അവർക്കിങ്ങനെ സംസാരിക്കാൻ പറ്റിയെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല എനിക്ക് വളരെ വിചിത്രമായി തോന്നുന്നു. എന്നെ അത്ഭുതപ്പെടുത്തുന്നു. ദേഷ്യമല്ല സഹതാപമാണ് എനിക്കവരോട് തോന്നുന്നത്.വീട്ടുകാരെ ആശ്രയിക്കാതെ ഒരു ആശ്രയം സംവിധാനം നമ്മുടെ നാട്ടിലുണ്ടെന്ന വിശ്വാസമാണ് അവർ തകർത്തു കളഞ്ഞത്,' വിഡി സതീശൻ പറഞ്ഞു. സിപിഐഎമ്മും സർക്കാരും ഇക്കാര്യം ഗൗരവമായി കാണണമെന്നും വിഡി സതീശൻ പറഞ്ഞു.
ജോസഫൈൻ സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ സമര പരിപാടികളിലേക്ക് കടക്കാനും സർക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. ജോസഫൈനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വഴിതടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങേയറ്റം പിന്തിരിപ്പൻ മാനസികാവസ്ഥയിൽ നിന്നുകൊണ്ട് ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുകയും അപമാനിക്കുകയും ചെയ്ത എം സി ജോസഫൈനെ ഇനിയും തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കെ സുധാകരൻ പറഞ്ഞു.വിമർശനങ്ങളും പ്രതിഷേധങ്ങളും രൂക്ഷമാകുമെന്ന് മനസിലാക്കി സെക്രട്ടറിയേറ്റ് യോഗം ജോസഫൈനോട് രാജി ആവശ്യപ്പെടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ